| Friday, 23rd April 2021, 12:47 pm

ഈ പ്രതിസന്ധിയില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നെന്ന് ഫ്രാന്‍സ് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിയില്‍ പിന്തുണയുമായി ലോകരാജ്യങ്ങള്‍. കൊവിഡ് കേസിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങള്‍ ഉണ്ടാകുമെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ട എല്ലാ പിന്തുണയും ഈ ഘട്ടത്തില്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ക്കും മരുന്നുകള്‍ക്കും പ്രതിസന്ധി നേരിടവെ സഹായ വാഗ്ദാനവുമായി റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്സിജനും കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

4 ലക്ഷത്തോളം റെംഡെസിവര്‍ മരുന്നുകളാണ് റഷ്യയില്‍ നിന്നും എത്തുന്നത്. ഒപ്പം ഓക്സിജന്‍ സിലിണ്ടറുകളും കപ്പല്‍ വഴി ഇന്ത്യയിലെത്തും. 15 ദിവസത്തിനുള്ളില്‍ ഇവ ഇന്ത്യയിലെത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് ഓക്സിജന്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഓക്സിജന്‍ ഇറക്കുമതിക്ക് തങ്ങളെ അല്ല ഇന്ത്യ പരിഗണിക്കുന്നതെന്നും മറ്റു രാജ്യങ്ങളെ ആണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലാഭം നോക്കാതെ പങ്കാളിയാകാന്‍ സന്നദ്ധത അറിയിച്ച് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കായി വാക്സിനുകള്‍ ലാഭം കണക്കിലെടുക്കാതെ നല്‍കാം എന്നാണ് ഫൈസര്‍ അറിയിച്ചിരിക്കുന്നത്.

‘ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പരിപാടിക്കായി ലാഭം നോക്കാതെയുള്ള വിലയ്ക്ക് ഫൈസര്‍ അവരുടെ വാക്സിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരും,’ യു.എസ് വക്താവ് പറഞ്ഞു.

അതേസമയം ഫൈസര്‍ വാക്സിന്‍ എത്ര രൂപയ്ക്കായിരിക്കും ഇന്ത്യയില്‍ നല്‍കുക എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഉയര്‍ന്ന-ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ കണ്ടെത്തി അവര്‍ക്ക് വ്യത്യസ്ത വിലകളിലായിട്ടായിരിക്കും വാക്സിന്‍ നല്‍കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: I want to send a message of solidarity to the Indian people says President Emmanuel Macron

We use cookies to give you the best possible experience. Learn more