Football
മെസി വിരമിക്കുന്നതിന് മുമ്പ് എനിക്ക് അദ്ദേഹത്തിനൊപ്പം കളിക്കണം: സൂപ്പർ താരം
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കൊടിയിറങ്ങുമ്പോൾ ഖത്തറിൽ നിന്നും ലോക കിരീടവുമായി മടങ്ങിയിരിക്കുകയാണ് അർജന്റൈൻ ഫുട്ബോൾ ടീം. ആദ്യ മത്സരത്തിൽ സൗദിക്കെതിരെ അപ്രതീക്ഷിതമായ തോൽവിയോടെ ടൂർണമെന്റ് ആരംഭിച്ച അർജന്റീന പിന്നീട് ശക്തമായ പോരാട്ടമാണ് ലോകകപ്പിൽ ഉടനീളം കാഴ്ചവെച്ചത്.
ലോകകപ്പ് മത്സരങ്ങൾ അവസാനിച്ച ശേഷം തന്റെ ക്ലബ്ബായ പി.എസ്.ജിയോടൊപ്പം ഉടൻ താരം ചേരുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഒരു വർഷം കൂടി പി.എസ്.ജിയുമായുള്ള കരാർ മെസി പുതുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഇത് ബാഴ്സയിലേക്ക് മെസി മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾ വിശ്വസിച്ചിരുന്ന ആരാധകർക്ക് വലിയ തിരിച്ചടി നൽകിയിരുന്നു. മെസിയെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന തരത്തിൽ ജോൺ ലപോർട്ട നടത്തിയ അഭിപ്രായപ്രകടനങ്ങൾ വലിയ പ്രതീക്ഷയായിരുന്നു താരത്തിന്റെ ആരാധകർക്ക് നൽകിയത്.
എന്നാലിപ്പോൾ മെസിക്കൊപ്പം കളിക്കാൻ താൽപര്യമുണ്ടെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പോളണ്ടിന്റെയും ബാഴ്സലോണയുടെയും താരമായ ലെവൻഡോസ്കി.
ബയേൺ മ്യൂണിക്കിൽ നിന്നും 50 മില്യൺ യൂറോക്കായിരുന്നു പോളിഷ് താരത്തെ ബാഴ്സ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
മെസി എക്കാലത്തെയും മികച്ച താരമാണെന്നും അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് കൂടെ കളിക്കുക എന്നത് തന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണെന്നുമാണ് ലെവൻഡോസ്കി അഭിപ്രായപ്പെട്ടത്.
കൂടാതെ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അർജന്റീന ചാമ്പ്യന്മാരാകുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോഴും താൻ അതുതന്നെയാണ് വിശ്വസിച്ചിരുന്നതെന്നും ലെവൻഡോസ്കി പറഞ്ഞു.
“ഞാൻ ലോകകപ്പിനു മുമ്പ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അർജന്റീനയാണ് കിരീട ഫേവറിറ്റുകൾ എന്ന് ആര് എപ്പോൾ ചോദിച്ചാലും ഞാൻ പറയുമായിരുന്നു. സൗദി അറേബ്യക്കെതിരെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോഴും അവർ തന്നെ ഫൈനലിൽ എത്തുമെന്നും വിജയം നേടുമെന്നും എനിക്കുറപ്പായിരുന്നു,’ ലെവൻഡോസ്കി വ്യക്തമാക്കി.
അർജന്റീനയും പോളണ്ടും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടയിൽ മെസിയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും ലെവൻഡോസ്കി സംസാരിച്ചു. സ്പാനിഷ് മാധ്യമമായ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.
അതേസമയം മെസി തന്റെ സ്വപ്‌ന സാക്ഷാത്കാരം നടത്തിയതിൽ സന്തോഷം തോന്നുന്നുണ്ടെന്നും ഫുട്‌ബോളിൽ എല്ലാം അച്ചീവ് ചെയ്യാൻ അദ്ദേഹത്തിനായെന്നും ലെവ പറഞ്ഞു.
മെസിയുടെ നേട്ടം അദ്ദേഹവും അദ്ദേഹത്തിന്റെ രാജ്യവും എങ്ങനെയൊക്കെ ആസ്വദിക്കുന്നുണ്ടാകുമെന്ന് തനിക്ക് ഊഹിക്കാമെന്നും അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനത്തിന് ഈ ലോകം മുഴുവൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ലെവൻഡോസ്‌കി കൂട്ടിച്ചേർത്തു.
അതേസമയം ലോകകപ്പിനോടനുബന്ധിച്ച് നിർത്തി വെച്ചിരുന്ന ബിഗ് ഫൈവ് ലീഗുകളടക്കം ഡിസംബർ, ജനുവരി മാസങ്ങളിലായി പുനരാരംഭിക്കുകയാണ്. കൂടാതെ ജനുവരി മാസം തുറക്കുന്ന ട്രാൻസ്ഫർ വിൻഡോ കൂടി എത്തുമ്പോൾ ക്ലബ്ബ് ഫുട്ബോൾ ആവേശം അതിന്റെ അതിര് കടക്കും എന്ന് ഉറപ്പാണ്.
Content Highlights: I want to play with Messi before he retires: said super player