| Tuesday, 24th October 2023, 9:50 am

താമര്‍, നീ എവിടെയാണ്? നമുക്ക് ഫുട്‌ബോള്‍ കളിക്കണ്ടേ?; ഉറ്റചങ്ങാതിയുടെ വിയോഗമറിയാതെ കത്തെഴുതി ഏഴ് വയസുകാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈല്‍ ആക്രമണത്തില്‍ കളിക്കൂട്ടുകാരന്‍ കൊല്ലപ്പെട്ടതറിയാതെ പതിവായി കത്തെഴുതി ഏഴുവയസുകാരന്‍ സുഹ്ദി അബു അല്‍ റൂസ്. സുഹൃത്തായ താമറിന്റെ മരണത്തില്‍ കുട്ടിക്ക് മാനസികാഘാതമുണ്ടെന്ന് സുഹ്ദിയുടെ പിതാവ് ഫലസ്തീന്‍ ക്രോണിക്കിളിനോട് പറഞ്ഞു.

‘താമര്‍, നീ എവിടെയാണ് ? എനിക്ക് നിന്റെ കൂടെ ഫുട്‌ബോള്‍ കളിക്കണം. എന്നിട്ട് നമുക്ക് ലോകകപ്പിന് പോകണ്ടേ? ദൈവം നിന്നോട് കരുണ കാണിക്കട്ടെ,’ സുഹ്ദിയുടെ താമറിന് എഴുതി.

താമര്‍ കൊല്ലപ്പെട്ടതിന് ശേഷം സുഹ്ദി ഒരുപാട് മാറിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ബുള്‍ഡോസറുകളുടെ ശബ്ദം കേട്ടാണ് സുഹ്ദി എല്ലാ ദിവസവും ഉണരുന്നത്. വൈകുന്നേരം ആ ശബ്ദം നിര്‍ത്തുമ്പോള്‍ മാത്രമേ ഉറങ്ങുകയുള്ളൂ. അവന്‍ വാതിലിനരികില്‍ ചെന്നിരിക്കും. കളിക്കൂട്ടരനായതാമര്‍  ജീവനോടെ തിരിച്ചുവരുന്നതും കാത്ത്.

താമര്‍ കൊല്ലപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നില്ലെന്നും സുഹ്ദിയുടെ പിതാവ് പറഞ്ഞു.

അതേസമയം, ഇസ്രഈല്‍ ബോംബാക്രമണം തുടരുകയാണ്. ഗസയിലെ ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും ജബലിയ അഭയാര്‍ഥി ക്യാമ്പിലും അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രഈല്‍ ബോംബാക്രമണം നടത്തിയെന്നും അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുദ്ധത്തില്‍ ആറായിരത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടായിരത്തിലധികവും കുട്ടികളാണ്. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രഈലികളാണ് കൊല്ലപ്പെട്ടത്.

Content Highlights: I want to play football; Suhdi sends message to Tamer

We use cookies to give you the best possible experience. Learn more