ന്യൂദല്‍ഹി: നിര്‍ഭയാ കേസിലെ പ്രതികളെ തനിക്കു തൂക്കിക്കൊല്ലണമെന്ന് അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍ത്തിക സിങ്. ഇന്നലെ ദല്‍ഹിയില്‍ ഈയാവശ്യം ഉന്നയിച്ചുകൊണ്ടുള്ള പേപ്പറും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള വര്‍ത്തികയുടെ ചിത്രം ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.
‘നിര്‍ഭയാ കേസ് പ്രതികളെ എനിക്കു തൂക്കിക്കൊല്ലണം. ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും. വനിതാ എം.പിമാരും നടിമാരും എന്നെ പിന്തുണയ്ക്കുമെന്നു ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇതു സമൂഹത്തില്‍ മാറ്റം കൊണ്ടുവരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.’- വര്‍ത്തിക പറഞ്ഞു.
നിര്‍ഭയാ കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് അടുത്തിടെ മാറ്റിവെച്ചിരുന്നു.
ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ്‌കുമാര്‍ അറോറയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡിസംബര്‍ 18 ന് മുന്‍പായി പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു ഹരജിയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.
വധശിക്ഷയ്ക്കുള്ള തിയതി എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്നും എല്ലാ കുറ്റവാളികള്‍ക്കും വധശിക്ഷ നല്‍കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ജഡ്ജി സതീഷ് കുമാര്‍ അറോറ ഡിസംബര്‍ 18 ലേക്ക് മാറ്റുകയായിരുന്നു.
വധശിക്ഷക്കെതിരെ പ്രതി അക്ഷയ് താക്കൂര്‍ നല്‍കിയ പുന:പരിശോധനാ ഹരജിക്ക് ശേഷമാകും ഈ ഹരജി പരിഗണിക്കുക.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഇനി ഏഴ് ദിവസം പോലും കാത്തിരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമായിരുന്നു നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചത്. ഡിസംബര്‍ 18ന് പ്രതികളുടെ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകക്കുറ്റത്തിനും കേസെടുത്ത് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു.
മറ്റൊരു പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 2017 ല്‍ നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.
2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.