ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനാിയ തെരഞ്ഞടുത്തതുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഡി.കെ ശിവകുമാര്‍. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഒരു കേഡര്‍ പാര്‍ട്ടിയായി ഉയര്‍ത്തിക്കൊണ്ടു വരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ഡി.കെ ഭാവി പദ്ധതികള്‍ പങ്കുവെച്ചത്.
‘നേതൃത്വ ചുമതല വീതിച്ച് നല്‍കി കര്‍ണാടകത്തിലെ കോണ്‍ഗ്രസിനെ ഒരു കേഡര്‍ പാര്‍ട്ടിയാക്കി മാറ്റണമെന്നാണ് ഞാന്‍ കരുതുന്നത്. പ്രവര്‍ത്തകരുടെ ശബ്ദമാണ് പാര്‍ട്ടിയുടെ ശബ്ദം. യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ അണിനിരത്തി പ്രജ പ്രതിനിധി എന്ന പേരില്‍ ബൂത്ത് കമ്മറ്റികളില്‍ പ്രവര്‍ത്തനം തുടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’, ഡി.കെ വ്യക്തമാക്കി.
താനും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുമടക്കം എല്ലാ എം.എല്‍.എമാരെയും അവരുടെ ബൂത്തുകളില്‍ എത്തിക്കും. അതായിരിക്കും പാര്‍ട്ടിയുടെ അടിസ്ഥാന രൂപമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയ കാര്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിയശേഷം ഡി.കെ ദേശീയ നേതൃത്വത്തിലടക്കം ശ്രദ്ധേനായിരുന്നു. തുടര്‍ന്ന് തിരിച്ചെത്തി പാര്‍ട്ടിയുടെ വോട്ട് ബാങ്ക് അല്ലാതായിരിക്കുന്ന കര്‍ണാടക വീണ്ടെടുക്കുക എന്നത് ഒരു വെല്ലുവിളിയാണോ എന്ന ചോദ്യത്തിന്, അടുത്ത ദിവസങ്ങളില്‍ തന്നെ കര്‍ണാടക പിടിക്കാനുള്ള നീക്കങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ചില നേതാക്കളെയടക്കം ചെറിയ കാര്യങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരിക എന്നതാണ് നേരിടുന്ന ഒരു വലിയ വെല്ലുവിളി. ഒരുമിച്ച് നില്‍ക്കുക എന്നത് ഒരു തുടക്കമാണ്, ഒരുമിച്ച് വളരുക എന്നത് പുരോഗതിയും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നത് വിജയവും എന്ന പ്രമുഖ വ്യവസായി ഹെന്റി ഫോര്‍ഡിന്റെ വാക്കുകളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എന്താണോ ചെയ്യേണ്ടത് അത് പൊതുസ്വീകാര്യതയോടെയാണ് ഞാന്‍ ചെയ്യുക. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഞാന്‍ എടുക്കില്ല’, ഡി.കെ വിശദീകരിച്ചു.
കൊവിഡിനൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതിലേക്ക് പ്രധാന ശ്രദ്ധ കൊടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി മുന്‍ മന്ത്രി ആര്‍.വി ദേശ്പാണ്ഡെയെ സമീപിക്കാനാണ് തീരുമാനം. നിയമപരമായ ഉപദേശങ്ങളും തേടും. പാര്‍ട്ടിയുമായി ആലോചിക്കാതെ കാബിനറ്റ് തീരുമാനങ്ങളെടുത്തിരുന്ന രീതികളെ പിന്തുടരാതിരിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
41 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം കൊണ്ട് കഠിനാധ്വാനം ചെയ്യണമെന്നാണ് താന്‍ പഠിച്ചതെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. ‘രാഷ്ട്രീയത്തില്‍ വ്യക്തി ആരാധനയല്ല, പാര്‍ട്ടിയാണ് വലുത്. നേതാക്കളെയാണ് സൃഷ്ടിക്കേണ്ടത്, അനുഭാവികളെയല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തണം. പദ്ധതികള്‍ ആവഷ്‌കരിക്കുമ്പോഴും ഞാന്‍ ഭാഷാപരമായ പ്രശ്‌നം നേരിടുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കി ഒരിക്കല്‍ മടങ്ങണമെന്നും ഞാന്‍ കരുതുന്നില്ല’, ഡി.കെ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തിന് കാത്തുനില്‍ക്കാതെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, ‘എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ച് ഉണ്ടാവുന്നതല്ല മുഖ്യമന്ത്രിസ്ഥാനം. നേതൃത്വങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷമുള്ള തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡിന്റേതാണ്’.
കര്‍ണാടകയില്‍ താന്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദയാത്ര രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിട്ട കര്‍ഷകരെയും അതിഥി തൊഴിലാളികളെയും സാധാരണക്കാരെയും നേരിട്ട് കാണുക എന്നാണ് ഈ യാത്രയുടെ ലക്ഷ്യം. ഒരു രാഷ്ട്രീയ യാത്ര പെട്ടെന്ന് നടത്തണം എന്ന ആഗ്രഹം തനിക്കില്ലെന്നും ഡി.കെ അറിയിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക