രാജ്യസഭയില്‍ നിന്നും ലഭിക്കുന്ന ശമ്പളം കര്‍ഷകരുടെ പെണ്‍കുട്ടികള്‍ക്ക്: ഹര്‍ഭജന്‍ സിംഗ്
national news
രാജ്യസഭയില്‍ നിന്നും ലഭിക്കുന്ന ശമ്പളം കര്‍ഷകരുടെ പെണ്‍കുട്ടികള്‍ക്ക്: ഹര്‍ഭജന്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th April 2022, 7:02 pm

ചണ്ഡിഗഢ്: രാജ്യസഭാ അംഗമെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളം കര്‍ഷകരുടെ പെണ്‍കുട്ടികള്‍ക്കായി നല്‍കുമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിംഗ്. അവരുടെ പഠനത്തിനും ക്ഷേമത്തിനുമായി തന്റെ ശമ്പളം ചെലവഴിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പഞ്ചാബില്‍ നിന്നും ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്കെത്തിയ ഭാജി രാഷ്ട്രീയത്തില്‍ നിന്നും താന്‍ നേടുന്നതെല്ലാം തന്നെ സമൂഹത്തിലെ വിവിധ ഭാഗങ്ങളിലുള്ളവരുടെ ഉന്നമനത്തിലും ക്ഷേമത്തിനും വേണ്ടി വിനിയോഗിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഒരു രാജ്യസഭാ അംഗം എന്ന നിലയില്‍ രാജ്യസഭയില്‍ നിന്നുള്ള എന്റെ ശമ്പളം കര്‍ഷകരുടെ പെണ്‍കുട്ടികളുടെ പഠനത്തിനും ക്ഷേമത്തിനും വേണ്ടി നല്‍കാന്‍ ആഗ്രഹിക്കുന്നു.

നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി ഞാന്‍ അണിചേര്‍ന്നുകഴിഞ്ഞു. എന്നാലാവുന്നതെല്ലാം തന്നെ ഞാന്‍ എന്റെ രാജ്യത്തിനായി ചെയ്യും. ജയ് ഹിന്ദ്,’ താരം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസമായിരുന്നു ഹര്‍ഭജന്‍ എതിരാളികളില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മാര്‍ച്ച് 31 നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ സിംഗ്, ആം ആദ്മി നേതാവ് രാഘവ് ഛദ്ദ, ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനായ അശോക് മിത്തല്‍, ഐ.ഐ.ടി ദല്‍ഹി പ്രൊഫസറായ സന്ദീപ് പഥക്, വ്യവസായ സഞ്ജീവ് അറോറ എന്നിവരെയായിരുന്നു ആം ആദ്മി പാര്‍ട്ടി നോമിനേറ്റ് ചെയ്തത്. എല്ലാവരും എതിരില്ലാതെയായിരുന്നു രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരിയതിന് പിന്നാലെയാണ് ആം ആദ്മി പഞ്ചാബില്‍ അപ്രമാദിത്യം സ്ഥാപിച്ചത്. ആകെയുള്ള 117 നിയമസഭാ സീറ്റുകളില്‍ 92ഉം സ്വന്തമാക്കിയാണ് ആം ആദ്മി കരുത്ത് തെളിയിച്ചത്.

2021ല്‍ ഹര്‍ഭജന്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത്.

ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ ഹര്‍ഭജന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ കണ്ടിരുന്നു. ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ ട്വിറ്ററില്‍ പ്രചരിച്ചതോടെ താരം കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ താരം പിന്നീട് അത് നിഷേധിക്കുകയായിരുന്നു.

2011 ലോകകപ്പ് സ്‌ക്വാഡിന്റെയും 2007 ടി-20 സ്‌ക്വാഡിന്റെയും ഭാഗമായിരുന്ന താരം ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്ററായും അനലിസ്റ്റായും ക്രിക്കറ്റ് ലോകത്തും സജീവമായിരുന്നു.

 

Content Highlight:  I want to contribute my Rajya Sabha salary to the daughters of farmers: Harbhajan Singh