2018 സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ച് കാരവാനില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ടെന്ന് നടന്‍ ടൊവീനോ തോമസ്. സിനിമയുടെ സക്‌സസ് സെലിബ്രേഷനുമായി ബന്ധപ്പെട്ട മീറ്റില്‍ സംസാരിക്കുകയായിരുന്നു ടൊവീനോ. പല തവണ മുടങ്ങിപ്പോകുമായിരുന്ന ഒരു സിനിമയാണ് 2018 എന്നും ടൊവീനോ പറഞ്ഞു.
‘ ഈ സിനിമയുടെ കാര്യം പറയുകയാണെങ്കില്‍ പല തവണ മുടങ്ങിപ്പോകുമായിരുന്ന ഒരു സിനിമയായിരുന്നു ഇത്. ഈ സിനിമയുടെ എല്ലാ ക്രെഡിറ്റ്‌സും ജൂഡിനാണ്. നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ അദ്ദേഹം ഈ സിനിമയെ സമീപിച്ചതിന്റെ റിസള്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്‌പോണ്‍സുകള്‍. സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് നൂറ് ശതമാനം പോസിറ്റീവ് റിസള്‍ട്ട് ലഭിക്കുന്നത് ആദ്യമായിട്ടാണ്.
ജൂഡ് ആദ്യമായി ഈ സിനിമയുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടി വന്ന സമയത്ത് ഞാന്‍ ചോദിച്ചിരുന്നു നമ്മള്‍ എങ്ങനെയാണ് ഈ പ്രളയം എക്‌സിക്യൂട്ട് ചെയ്യാന്‍ പോകുന്നത് എന്ന്. അന്ന് അദ്ദേഹം പറഞ്ഞത്, അതിന് എന്റടുത്ത് ഒരു ടെക്‌നിക്കുണ്ടെന്നായിരുന്നു. അന്ന് പക്ഷെ എന്റടുത്ത് പോലും ആ ടെക്‌നിക് പറഞ്ഞിട്ടില്ല, ഞാന്‍ പിന്‍മാറുമെന്ന് കരുതിയിട്ടാകും. അപ്പോഴും അദ്ദേഹം പറഞ്ഞത് എന്നെ വിശ്വസിച്ച് കൂടെ നിന്നാല്‍ അടിപൊളിയായിട്ട് ചെയ്യാമെന്നാണ്. അദ്ദേഹത്തിന്റെ ആ ആത്മാര്‍ത്ഥതയിലും കോണ്‍ഫിഡന്‍സിലും എനിക്ക് വിശ്വാസമുണ്ടായിരുന്നു.
അതിനിടയില്‍ ഇടക്കിടക്ക് ഇത് സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനിടക്ക് മിന്നല്‍ മുരളിയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തും ഇത് സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണെങ്കിലും എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറെ സാഹചര്യങ്ങള്‍ അതിജീവിച്ച് ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് അദ്ദേഹം ഉദ്ദേശിച്ച ടെക്‌നിക് എനിക്ക് മനസിലായത്. പക്ഷെ ആ ടെക്‌നിക് കാരണമാണ് ഇന്ന് ഇത് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നൂറ് ശതമാനം ആ ഫീല്‍ കിട്ടുന്നത്. കൊറോണയുടെ കാലത്തൊക്കെ സ്‌ക്രിപ്റ്റ് ഒരുപാട് തവണ എഡിറ്റ് ചെയ്തിട്ടുണ്ടെന്നാണ് ജൂഡ് പറഞ്ഞിട്ടുള്ളത്. സത്യത്തില്‍ ഞാന്‍ ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ച് കാരവാനില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്. പക്ഷെ ആരോടും പറഞ്ഞിട്ടില്ല’, ടോവിനോ പറഞ്ഞു
content highlights; I’ve cried in the caravan reading that script: Tovino