'ബല്‍റാം വേഴ്‌സസ് താരാദാസ് പരാജയപ്പെട്ടത് സ്‌ക്രിപറ്റ് തിരുത്തിച്ചത് കാരണം'
Movie Day
'ബല്‍റാം വേഴ്‌സസ് താരാദാസ് പരാജയപ്പെട്ടത് സ്‌ക്രിപറ്റ് തിരുത്തിച്ചത് കാരണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2013, 11:35 am

തിരക്കഥയിലെ തിരുത്തലുകള്‍ കാരണം ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയമേറ്റുവാങ്ങിയ നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്.

സിനിമ പരാജയപ്പെട്ട ശേഷം സ്‌ക്രിപ്റ്റില്‍ സിനിമയിലെ താരങ്ങള്‍ തന്നെ നിരവധി തിരുത്തലുകള്‍ ആവശ്യപ്പെട്ടെന്ന് പല സംവിധായകരും തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. []

ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന തന്റെ സിനിമ പരാജയപ്പെടാനുണ്ടായ കാരണവും സ്‌ക്രിപ്റ്റിലെ നിര്‍ബന്ധിത തിരുത്തലുകളായിരുന്നെന്ന് ഐ.വി ശശി പറയുന്നു.

എന്നാല്‍ സ്‌ക്രിപ്റ്റ് തിരുത്താന്‍ തന്റെ നിര്‍ബന്ധിച്ചതാരാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയില്ല. മികച്ച കഥയായിരുന്നു ബല്‍റാം വേഴ്‌സസ് താരാദാസ്. എന്നാല്‍ തിരുത്തലുകള്‍ കാരണം സിനിമ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂ ജനറേഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന പല സിനിമകളും കോപ്പിയടി ചിത്രങ്ങളാണെന്നും ഐ.വി ശശി പറയുന്നു.

പ്രമേയപരമായും അവതരണത്തിലും പുതുമയുള്ള ചിത്രങ്ങളാണ് പുതിയകാലത്തിന്റേതായി ഉണ്ടാവേണ്ടതെന്നും അല്ലാതെ എവിടെ നിന്നെങ്കിലും കോപ്പിയടിച്ച് സിനിമയെടുക്കകയല്ല വേണ്ടതെന്നും അദ്ദേഹം പറയുന്നു.

പ്രമേയങ്ങളിലും അവതരണത്തിലും പുതുമ തേടിയാണ് ഓരോ സിനിമയേയും സമീപിച്ചത്. കൂട്ടിന് വലിയ സൗഹൃദ വലയമുണ്ടായിരുന്നു. പുതിയ കാലത്ത് സിനിമാസൗഹൃദങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിച്ചിട്ടുണ്ട്.

പുരസ്‌കാര നിര്‍ണയ ജൂറി ചെയര്‍മാനായതിലും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിലും ദുഖമില്ലെന്നും ഐ.വി ശശി പറയുന്നു.

അതേസമയം സിനിമയില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മലയാള സിനിമയിലേക്ക് വീണ്ടും സംവിധായകനായി വരുന്നതിന്റെ സന്തോഷവും ഐ.വി ശശി മറച്ചുവെച്ചില്ല.

മികച്ച ഒരു സിനിമയുമായിട്ടായിരിക്കണം പ്രേക്ഷകര്‍ക്ക് മുന്നിലെത്തേണ്ടതെന്ന് നിര്‍ബന്ധമുണ്ട്. ടി. ദാമോദരന്‍ എഴുതിവച്ച രാഷ്ട്രീയ സിനിമയാണ് അടുത്ത പദ്ധതി. മലയാളത്തിലെ രണ്ടു താരരാജാക്കന്‍മാരും ചിത്രത്തിലുണ്ടാവുമെന്നും ഐ.വി. ശശി പറഞ്ഞു.