ഇപ്പോള്‍ കണ്ണൂര്‍ സംഘര്‍ഷങ്ങളുടെ പേരില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുമ്പോള്‍ ഒരു ചോദ്യം നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കഷ്ടിച്ചു ഒരു പതിറ്റാണ്ടു മുന്‍പ് സി.പി.ഐ.എമ്മിനെ ന്യായീകരിച്ചിട്ട് ഇപ്പോള്‍ വിമര്‍ശിക്കുന്നതിന്റെ സാംഗത്യം എന്താണ്?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഈ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സി.പി.ഐ.എമ്മിനെ എങ്ങിനെ അടയാളപ്പെടുത്തും എന്ന ചോദ്യമാണ് ഈ ചര്‍ച്ചകളില്‍ ഉയരുന്നത്. അതായത്, ഈ സംഘര്‍ഷങ്ങളിലെ സി.പി.ഐ.എമ്മിന്റെ പങ്കാളിത്തം ഒരു ഇടതുപക്ഷ പാര്‍ട്ടി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണോ അല്ലയോ എന്നതാണ് ഈ ചര്‍ച്ചകളുടെ കാതല്‍.
പല നിലപാടുകളുള്ള ഇടതുപക്ഷക്കാര്‍ ഉള്ള ഗ്രൂപ്പുകളിലാണ് ഈ ദിശയിലുള്ള ചര്‍ച്ചകള്‍ കൂടുതലും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ സി.പി.ഐ.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തില്‍ ഉല്‍ക്കണ്ഠപ്പെടുന്നവര്‍ക്കിടയിലാണ് ഈ ചര്‍ച്ച സജീവമായിട്ടുള്ളത്. അതുകൊണ്ടു തന്നെ, ഒരു തലശ്ശേരിക്കാരന്‍ എന്ന നിലയില്‍, നമ്മുടെയൊക്കെ രാഷ്ട്രീയ ബോധം രൂപപ്പെടുന്ന കൗമാര-യൗവനകാലത്തു ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ച ഒരാള്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാതിരിക്കാനാവില്ല.
അക്കാലത്തു എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പുരോഗമന കലാസാഹിത്യ സംഘത്തിലും പിന്നെ സി.പി.ഐ.എം അംഗമായും പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയിലും ഈ ചര്‍ച്ചയില്‍ ഇടപെടാനുള്ള രാഷ്ട്രീയ ബാധ്യതയുണ്ട്. മാത്രമല്ല, അക്കാലത്തു സി.പി.ഐ.എമ്മും അനുബന്ധ സംഘടനകളും നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളില്‍ സജീവ പങ്കാളിയും ആയിരുന്നു. ഇതിന് പുറമേ ദേശാഭിമാനി പത്രാധിപസമിതി അംഗം എന്ന നിലയിലും കണ്ണൂര്‍ സംഘര്‍ഷങ്ങളിലെ സി.പി.ഐ.എം പങ്കാളിത്തത്തെ ന്യായീകരിച്ചു എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
2007ലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അപ്പോള്‍ സ്വാഭാവികമായും ഇപ്പോള്‍ കണ്ണൂര്‍ സംഘര്‍ഷങ്ങളുടെ പേരില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുമ്പോള്‍ ഒരു ചോദ്യം നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കഷ്ടിച്ചു ഒരു പതിറ്റാണ്ടു മുന്‍പ് സി.പി.ഐ.എമ്മിനെ ന്യായീകരിച്ചിട്ട് ഇപ്പോള്‍ വിമര്‍ശിക്കുന്നതിന്റെ സാംഗത്യം എന്താണ്?
ഇവിടെയാണ് എം.എന്‍.വിജയന്‍ മാഷിന്റെയും, പിന്നെ ഡോ. ടി.കെ.രാമചന്ദ്രന്റെയും ഓര്‍മ്മ വന്നെത്തുന്നത്. ബാബരിമസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി സംഘപരിവാര്‍ നടത്തിയ പ്രചണ്ഡമായ പ്രക്ഷോഭ പ്രചാരണ കാലം മുതല്‍ ഇന്ത്യയിലെ ഫാഷിസ്റ്റ് ഭീഷണിയെ പറ്റി നമ്മെ നിരന്തരം ജാഗ്രതപ്പെടുത്തിയ കേരളീയ ചിന്തകന്മാര്‍ എം.എന്‍.വിജയനും ടി.കെ.രാമചന്ദ്രനും മാത്രം ആണെന്നതില്‍ സംശയമില്ല.
സംഘപരിവാറിന്റെ ഫാഷിസ്റ്റ് ഭീഷണിയെപറ്റി എണ്‍പതുകളുടെ അവസാന വര്‍ഷങ്ങള്‍ മുതല്‍ 2000ത്തിന്റെ ആദ്യവര്‍ഷങ്ങള്‍ വരെ വിജയന്‍ മാഷ് നടത്തിയ പ്രഭാഷണങ്ങളും, പിന്നീട് അവയുടെ പുസ്തകരൂപത്തിലുള്ള പ്രകാശനവും കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. (മാഷിന്റെ അന്നത്തെ പ്രസംഗഭാഗങ്ങള്‍ ആണ് ഇന്ന് പല സിപി.ഐ.എമ്മുകാരും പാര്‍ട്ടിയെ ന്യായീകരിക്കാന്‍ ഉദ്ധരിക്കുന്നത്.
അതിന്റെ പേരില്‍ അന്ന് മുതല്‍ മാഷെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചവറ്റുകുട്ടയില്‍ ഇടാന്‍ കൊതിക്കുകയും ചെയ്തവരില്‍ ചിലര്‍ ഇപ്പോള്‍ വീണ്ടും മാഷെ പരിഹസിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ എം.എല്‍ പ്രവര്‍ത്തനത്തിന്റെ അവസാന കാലത്തു ദേശീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കെ.വേണു നടത്തിയ രാഷ്ട്രീയ സര്‍ക്കസില്‍ പങ്കെടുത്തു അക്കേഷ്യ മുറിക്കുകയും ഒപ്പം എം.ഗോവിന്ദന്റെ സ്‌കൂളില്‍ പഠിക്കുകയും ചെയ്തവര്‍. (പൊതുവില്‍ മാര്‍ക്‌സിസത്തോടുള്ള നിതാന്തമായ പുച്ഛമാണ് ഈ സ്‌കൂളിന്റെ ലോഗോ)
വിജയന്‍ മാഷ്‌ക്കും ടി.കെയ്ക്കും അന്നു മുതലേ ഒരു സംശയവും ഉണ്ടായിരുന്നില്ല, സംഘപരിവാറിന്റേത് ഫാഷിസ്റ്റ് രാഷ്ട്രീയമാണന്ന്. പുലി വീട്ടുമുറ്റത്തെത്തി എന്ന് മാഷ് അന്നു മുതല്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
അടുത്തപേജില്‍ തുടരുന്നു
1992 ഡിസംബര്‍ 2 നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്, ദേശാഭിമാനി വാരാന്ത്യപതിപ്പില്‍ ടി
കെ മൂന്ന് ലക്കങ്ങളിലായി എഴുതിയ ലേഖനം എത്രമാത്രം ഉള്‍ക്കാഴ്ച്ചയുള്ളതായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാകും. ഇത് ഉള്‍പ്പെടെയുള്ള ടി.കെയുടെ ലേഖനങ്ങള്‍ “ഒരു മിഥ്യയുടെ ഭാവി”എന്ന പേരില്‍ 2002 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
മാഷും ടി.കെയും ഊന്നിയത് മനുഷ്യരുടെ ദൈനംദിനത്തില്‍ ആയിരുന്നു. നമ്മുടെ ഭാഷ, വേഷം, ആചാരങ്ങള്‍, ഭക്ഷണ രീതികള്‍, അഭിരുചികള്‍, നിര്‍മ്മാണ രീതികള്‍ തുടങ്ങിയവയെ നവ ലിബറല്‍ കമ്പോള യുക്തികളും സംഘിപ്രത്യയശാസ്ത്രവും എങ്ങിനെ നിര്‍ണയിക്കുന്നു, നിയന്ത്രിക്കുന്നു എന്ന അന്വേഷണം.
ദൈനംദിന രാഷ്ട്രീയത്തില്‍ ഇടതുപക്ഷം ആയിരിക്കുമ്പോള്‍ തന്നെ നമ്മുടെ സാമൂഹ്യ അബോധത്തില്‍ പ്രതിലോമ പ്രത്യയശാസ്ത്രം എങ്ങിനെ വേരുകളാഴ്ത്തിയിരിക്കുന്നു എന്ന തിരിച്ചറിവ് കൂടി ഇവര്‍ നമുക്ക് നല്‍കി. കേരളത്തില്‍ സി.പി.ഐ.എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും അജണ്ടയില്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണം ഒരു മുഖ്യ വിഷയമായി ഇക്കാലത്തു മാറി.
ആദ്യം പുരോഗമന കലാ സാഹിത്യ സംഘ (പു.ക.സ)ത്തിന്റെ ഉള്‍പ്പെടെ ഇടതുപക്ഷ വേദികളില്‍ പ്രസംഗകനായി എത്തിയ വിജയന്‍ മാഷ് പിന്നെ അതിന്റെ നേതൃത്വത്തിലും എത്തി. വിജയന്‍ മാഷ് പു.കാ.സ നേതൃത്വത്തില്‍ എത്തിയതോടെയാണ് സംഘടനയ്ക്കു ഫാസിസ്റ്റ് വിരുദ്ധ അജണ്ടയ്ക്ക് തീര്‍ച്ചയും മൂര്‍ച്ചയും ഉണ്ടായത്. ഈ അജണ്ട സുസംഘടിതവും സമഗ്രവുമായി.
കടമ്മനിട്ട, എസ്. രമേശന്‍, വി.പി.വാസുദേവന്‍, പി.അപ്പുക്കുട്ടന്‍, കരിവെള്ളൂര്‍ മുരളി, കെ.എസ്.ഹരിഹരന്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ആസാദ്, ഉമേഷ്ബാബു തുടങ്ങിയവരാണ് നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. ഒരു പക്ഷെ സംഘപരിവാര്‍ ചരിത്രത്തെ പറ്റി ആദ്യമായി മലയാളത്തില്‍ ഉണ്ടായ പുസ്തകം 90ല്‍ ഹരിഹരനും കെ.ഇ.എന്നും ചേര്‍ന്നെഴുതിയ”ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമങ്ങള്‍”ആയിരിക്കും.
വിജയന്‍ മാഷ് പു.കാ.സ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ആണ് സ്വദേശാഭിമാനിയുടെ ജന്മനാടായ നെയ്യാറ്റിന്‍കരയില്‍ നിന്ന് തുടങ്ങി സാംസ്‌കാരിക വൈവിധ്യങ്ങളുടെ നാടായ മഞ്ചേശ്വരം വരെയുള്ള ഒരു വാഹന പ്രചാരണ ജാഥ എം. കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്.
2002 ഫെബ്രവരിയില്‍ നടന്ന ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ, ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായി സെമിനാര്‍ നടന്നത് കോഴിക്കോട്ട് ആയിരുന്നു “മഹാത്മജിയുടെ നാട്ടിലെ വംശഹത്യ” എന്ന പേരില്‍. ടി.കെ.രാമചന്ദ്രന്‍, ഡോ. കെ.ഗോപാലന്‍ കുട്ടി, പ്രഫ. ഡി.ഡി. നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സെക്കുലര്‍ കലക്ടിവിന്റെ മുന്‍കൈയില്‍ കേളുവേട്ടന്‍ പഠന കേന്ദ്രം, പു.ക.സ, ബാങ്ക്‌മെന്‍സ് ക്‌ളബ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
അച്ചിന്‍ വനായക്, ശബ്‌നം ഹാഷ്മി ( അന്ന് അവര്‍ പാര്‍ട്ടിയുമായും സഹ്മതുമായും ഉള്ള ബന്ധം ഒഴിഞ്ഞു അന്‍ഹത് രൂപീകരിച്ചിരുന്നു),വിജയന്‍ മാഷ്, അഴീക്കോട്, കെ.എന്‍.പണിക്കര്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
ഒരു കാര്യം ഓര്‍ക്കാതെ വയ്യ. അന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ആയിരുന്ന എം.ദാസന്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു.
മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നും ഏതാണ്ട് 3000ത്തോളം ആളുകള്‍ പങ്കെടുത്ത ഈ സെമിനാറിനോട് അനുബന്ധിച്ചു “മഹാത്മജിയുടെ നാട്ടിലെ വംശഹത്യ” എന്ന ഒരു പുസ്തകവും ടി.കെ എഡിറ്റ് ചെയ്തു. പിന്നീട് കേരളം മുഴുവന്‍ ജില്ലാ അടിസ്ഥാനത്തില്‍ പു.ക.സയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിരുദ്ധ മാനവിക സംഗമങ്ങള്‍ സംഘടിപ്പിച്ചു.
അടുത്തപേജില്‍ തുടരുന്നു
അതിനിടയില്‍, സെപ്റ്റംബര്‍ 11ന് ആചരിക്കേണ്ടത് അമേരിക്കയിലെ ഭീകരാക്രമണ വാര്‍ഷികമല്ലെന്നും മറിച്ചു സാമ്രാജ്യത്വം കൊല ചെയ്ത ചിലിയിലെ കമ്മ്യൂണിസ്റ്റു പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡയുടെ രക്തസാക്ഷി ദിനമാണെന്നും ഉള്ള ധാരണയില്‍ അന്നേ ദിവസം കോഴിക്കോട് വച്ച് സെക്കുലര്‍ കലക്ട്ടീവിന്റെ നേതൃത്വത്തില്‍ അലന്‍ഡേ ദിനം ആചരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആനന്ദ് പടവര്‍ദ്ധന്റെയും മറ്റും ഫാസിസ്റ്റ് വിരുദ്ധ ഡോക്യുമെന്ററി സിനിമകള്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി. ഇന്നെന്തേ അത്തരത്തില്‍ ഒരു ജാഗ്രത കാണുന്നില്ല?
സാംസ്‌കാരിക അജണ്ടയുടെ അഭാവം
ഇവിടെയാണ് ഒരു സംശയം ഉയരുന്നത്. മാര്‍ക്‌സിസ്റ്റ് ചിന്തകനായ പി.ഗോവിന്ദ പിള്ള അടക്കമുള്ളവര്‍ ഉണ്ടായിരുന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിക്ക് എന്തുകൊണ്ട് അന്നേ ഫാഷിസ്റ്റ് വിരുദ്ധ ആശയപ്രചാരണത്തിന്റെ ഒരു സമഗ്ര പദ്ധതി ഉണ്ടാക്കാന്‍ ആയില്ല? ദേശീയ തലത്തിലും, പൗരസമൂഹത്തിന്റെ ദൈനംദിനങ്ങളെ പ്രത്യയശാസ്ത്രപരമായി സ്വാധീനിക്കാന്‍ പര്യാപ്തമായ ഒരു പ്രവര്‍ത്തന പദ്ധതിയും ദര്‍ശനവും ഉണ്ടാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞോ?
സംഘ്പരിവാറിന് ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങളെ പോലും സ്വാധീനിക്കാന്‍ പോന്ന പ്രവര്‍ത്തന പദ്ധതി ഉണ്ടുതാനും. ചുരുക്കിപ്പറഞ്ഞാല്‍, സംസ്‌കാരത്തിന്റെ മേഖലയിലെ വര്‍ഗസമരത്തിന്റെ പ്രസക്തി നാം മറന്നു. സംഘടനാപരമായ മേല്‍കൈക്ക് അപ്പുറത്തു സമൂഹത്തില്‍ പ്രത്യയശാസ്ത്ര അധീശത്വം സ്ഥാപിക്കണമെന്ന പ്രാഥമിക മാര്‍ക്‌സിസ്റ്റ് പാഠം നാം മറന്നു.
വോട്ട് മാര്‍ക്‌സിനും മനസ്സ് പൈങ്കിളിക്കും എന്നതാണ് നമ്മുടെ മട്ടും മാതിരിയും. എന്നിട്ടും മുട്ടിനുമുട്ടിനു നമ്മള്‍ അന്റോണിയോ ഗ്രാംഷിയെ ഉദ്ധരിച്ചുകൊണ്ടേയിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സമൃദ്ധമായ ഒരു ചരിത്രപാരമ്പര്യം ഉണ്ടെന്നിരിക്കെയാണ് പ്രത്യയശാസ്ത്ര പ്രയോഗങ്ങളിലെ കുറ്റകരമായ ഈ അലസത എന്നോര്‍ക്കണം.
പി.സി.ജോഷി കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്തെ ഇപ്റ്റ പ്രവര്‍ത്തനങ്ങളുടെ ചരിത്രം നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ തിരിച്ചറിയാതെ അജോയ് ഭവനിലും എ.കെ.ജി ഭവനിലും വാഴുന്ന നേതാക്കളെ നാം എന്തു ചെയ്യും? പിന്നീട് റിവിഷണിസ്റ്റ് എന്ന് ചാപ്പകുത്തി നടതള്ളിയ ജോഷിയുടെ കൈപിടിച്ചു ഇന്ത്യയുടെയും ലോകത്തിന്റെയും സാംസ്‌കാരിക വിഹായസ്സിലേക്ക് പറന്നുയര്‍ന്ന കലാകാരന്മാര്‍ എത്രയെത്ര!
അവരുടെ നേരവകാശികള്‍ ആയ, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ പ്രതിജ്ഞാബദ്ധരായ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് സമകാലിക ഇന്ത്യന്‍ സാംസ്‌കാരിക ലോകത്തെ അഭിമുഖീകരിക്കാനും അഭിസംബോധന ചെയ്യാനും കഴിഞ്ഞോ?
ദേശീയതലത്തില്‍ ബിപിന്‍ ചന്ദ്ര, ആര്‍.എസ്.ശര്‍മ, തപന്‍ ബസു, റൊമില താപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, കെ.എന്‍.പണിക്കര്‍, പ്രഭാത് പട്‌നായിക്, സുമിത് സര്‍ക്കാര്‍, തനിക സര്‍ക്കാര്‍, രാം പുനിയാനി, അച്ചിന്‍ വനായക്, ശബ്‌നം ഹാഷ്മി, മല്ലിക സാരാഭായ്, സദാനന്ദ് മേനോന്‍, സി.എന്‍. ഝ, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ ആശയസമരങ്ങള്‍ മറക്കുന്നില്ല.
ജീവന്‍പോലും അപകടപ്പെടുത്തി ഗുജറാത്തിലെ വംശഹത്യയുടെ ഇരകള്‍ക്കായി തീസ്ത സെതല്‍വാദ് നടത്തുന്ന നിയമ പോരാട്ടങ്ങളും ഓര്‍മ്മയിലുണ്ട്. ആനന്ദ് പട്വവര്‍ദ്ധന്‍, രാം റഹ്മാന്‍ തുടങ്ങിയ ചിത്ര ചലച്ചിത്ര രംഗത്തെ ആക്റ്റിവിസ്റ്റുകളും സാഹിത്യകാരന്മാരും നവലിബറല്‍ സാമ്പത്തിക ക്രമത്തെയും ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെയും സൈദ്ധാന്തികവല്‍ക്കരിച്ച ധനശാസ്ത്രജ്ഞരും നിരവധിയാണ്.
നമ്മെ വിട്ടുപിരിഞ്ഞ പ്രഫുല്‍ ബിദ്വായ്, അസ്ഗര്‍ അലി എഞ്ചിനീയര്‍ എന്നിവരെയും മറക്കാനാവില്ല. പിന്നെ മാധ്യമ രംഗത്തെ എത്രയോ ആക്ടിവിസ്റ്റുകള്‍. ഗോല്‍വല്‍ക്കരുടെ “നാം നമ്മുടെ ദേശീയത നിര്‍വചിക്കപെടുന്നു” എന്ന പുസ്തകം കണ്ടെത്തി അതിന്റെ വിമര്‍ശനം തയാറാക്കിയത് അന്ന് സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗമായിരുന്ന സീതാറാം യച്ചൂരി ആയിരുന്നു. യച്ചൂരി അന്ന് തയാറാക്കിയ നിരവധി ഫാസിസ്റ്റ് വിരുദ്ധ ലഘുലേഖകളും ശ്രദ്ധേയമായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
പക്ഷേ ഇതൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തുന്ന ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമല്ല തന്നെ. സാമ്രാജ്യത്വഫാസിസ്റ്റ് വിരുദ്ധ സമരത്തിലെ വിശാലമായ ഈ ബൗദ്ധിക ശേഷിയെ സമന്വയിപ്പിക്കാന്‍ എന്ത് ചെയ്തു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍?
തകര്‍ക്കപ്പെട്ട ബൗദ്ധിക സൗഭ്രാത്രം
“80കളുടെ അവസാനം ആരംഭിച്ചു 2000ത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് ഗുജറാത്ത് നരഹത്യയോടെ തീവ്രമായ മേല്‍പ്പറഞ്ഞ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ദേശീയസാര്‍വദേശീയ പശ്ചാത്തലം എന്തായിരുന്നു? ബാബരി മസ്ജിദ് സംഘികള്‍ തകര്‍ത്തത്, തുടര്‍ന്ന് മുംബൈയിലും മറ്റും നടന്ന കൂട്ടക്കൊലകള്‍, 1998 ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണം,
1999 ജൂലൈയില്‍ കാര്‍ഗില്‍ യുദ്ധം, 2001 സെപ്റ്റംബര്‍ 11 ന്റെ ട്രേഡ് സെന്റര്‍ ആക്രമണം, അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധം-ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ശത്രുവിനൊപ്പം, ഇന്ത്യ-ഇസ്രാഈല്‍ നയതന്ത്ര ബന്ധം, 2002 ഏപ്രില്‍ 1 മുതല്‍ 11 വരെ ഫലസ്തീനിലെ ജെനിനില്‍ ഇസ്രഈല്‍ നടത്തിയ കൂട്ടക്കൊല, 2003 ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം, രാജ്യത്തു, കേരളത്തിലടക്കം വര്‍ധിച്ചു വന്ന കര്‍ഷക ആത്മഹത്യ, ഇന്ത്യ തിളങ്ങുന്നു എന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രചാരണം എന്നിവയെല്ലാം ചേര്‍ന്ന ദേശീയ-സാര്‍വദേശീയ സാഹചര്യത്തില്‍ ഇന്ത്യയില്‍ കേന്ദ്രഭരണം കൈയാളിയിരുന്നത് ബി.ജെ.പി മുന്നണിയും.
സാമ്രാജ്യത്വ-സിയോണിസ്റ്റു-ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നണി രൂപംകൊള്ളാന്‍ പാകത്തിലുള്ള ഒരു സാഹചര്യമായിരുന്നു അത്. ലോകത്തെ പല രാജ്യ തലസ്ഥാനങ്ങളിലും ലക്ഷങ്ങള്‍ പങ്കെടുത്ത യുദ്ധവിരുദ്ധ റാലികള്‍ നടന്നു. ഇന്ത്യയില്‍ ഇതെല്ലാം നടന്നു, ഒരു അനുഷ്ഠാനം പോലെ.
2004ലെ തെരഞ്ഞെടുപ്പിന് മുന്‍പ് കെ.എന്‍.പണിക്കരുടെ പുസ്തകം വന്നു ഇരുള്‍ വീഴും മുന്‍പേ (before the night falls). ശക്തമായ, ഏകോപിച്ച ഒരു പ്രതിപക്ഷ നിരയുടെ അഭാവത്തില്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ എത്തും എന്നതായിരുന്നു പൊതുവേ കരുതിയിരുന്നത്. പക്ഷേ ഇന്ത്യന്‍ ജനത വിധിച്ചത് മറിച്ചായി. ചിതറിയ പ്രതിപക്ഷനിരയെ ഏകോപിപ്പിച്ചു യു. പി.എ രൂപീകരിക്കാന്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത് എന്ന സി.പി.ഐ.എം ജനറല്‍ സെക്രട്ടറി നേതൃത്വം നല്‍കി.
തെരഞ്ഞെടുപ്പാനന്തരം നടത്തിയ രാഷ്ട്രീയ ചതുരംഗക്കളി ഒഴികെ തിരഞ്ഞെടുപ്പിന് മുന്‍പേ ഇന്ത്യന്‍ ഇടതുപക്ഷം നേരത്തെ പറഞ്ഞ ഒരു ജനകീയ മുന്നണി കെട്ടിപ്പടുക്കാന്‍ എന്തു ചെയ്തു? ഒന്നും ചെയ്തില്ല! 2004ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ തോറ്റതോടെ നാം ഫാസിസ്റ്റ് ഭീഷണിയെ കുറിച്ചു മറന്നു. അനന്തരം 10 കൊല്ലം പാര്‍ലമെന്ററി ശീതളഛായ നല്‍കിയ ആലസ്യത്തില്‍ അമര്‍ന്നു. സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കപ്പെടുകയോ പുറത്തു പോവുകയോ ചെയ്ത് ഇപ്പോള്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെല്ലാം അന്ന് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.
നേരത്തെ സൂചിപ്പിച്ചവിധം, ചില വ്യക്തികളുടെ മുന്‍കൈയും ദീര്‍ഘവീക്ഷണവും മൂലം സാധിച്ച ഫാസിസ്റ്റ് വിരുദ്ധ ഇടപെടലുകള്‍ക്കപ്പുറം അതിന് ശേഷം ഈ മോദി കാലത്തു, സി.പി.ഐ.എമ്മോ പു.ക.സയോ ആ ദിശയില്‍ ഇന്ന് എന്ത് ചെയ്യുന്നു?
അടുത്തപേജില്‍ തുടരുന്നു
ഒരിക്കല്‍ക്കൂടി കേരളത്തിലേക്ക് വരാം. 2004ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയായ എന്‍.ഡി.എ അധികാരത്തില്‍ നിന്ന് പുറത്തായതോടെ ദേശീയ രംഗത്തെന്നപോലെ കേരളത്തിലും ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായി. കേരളത്തില്‍ ഇക്കാലത്താണ് സി.പി.ഐ.എമ്മിലെ ഉള്‍പ്പാര്‍ട്ടി സമരം ശക്തമായത്.
മലപ്പുറം സംസ്ഥാന സമ്മേളനത്തിലെ “വി.എസ്”പക്ഷത്തിന്റെ പരാജയവും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും പുറത്തുപോയവരും നിശ്ശബ്ദരും ആയവരുടെ ഒരു വന്‍നിര കേരളത്തില്‍ ഉണ്ടായി. ഏതാണ്ടു രണ്ട് പതിറ്റാണ്ടോളം ഫാഷിസ്റ്റ് വിരുദ്ധസമരത്തിന് നേതൃത്വം നല്‍കിയ പു.ക.സയിലെ ഒരു വിഭാഗം ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും അകന്നു. വിശേഷിച്ചു അജണ്ടകള്‍ ഒന്നും ഇല്ലാത്തിടത്തേക്ക് പു.ക.സ എത്തിച്ചേര്‍ന്നു.
പാര്‍ട്ടിയില്‍ സാംസ്‌കാരികമേഖലയുടെ ഉത്തരവാദിത്വം എം.എ.ബേബിക്കായി. ഇതോടെ ഇസ്‌ലാമിക തീവ്രവാദത്തിന് ന്യായീകരണം ചമച്ച ഇരവാദം പോലുള്ള ഇടതുപക്ഷ വിരുദ്ധ ചിന്താപദ്ധതികളുടെ പ്രചാരണവേദിയായി പു.ക.സ മാറി. ഒപ്പം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്ര ധാരയുടെ കേരളത്തിലെ ശക്തനായ വക്താവും പ്രയോക്താവും ആയ എം. ഗോവിന്ദന്‍ സ്‌കൂളുമായുള്ള ചങ്ങാത്തവും ഉണ്ടായി.
ടി.പദ്മനാഭന്‍ നിരന്തരം ആദരിക്കപ്പെട്ടു. പിണറായി വിജയന്‍ പോലും ഈ ആദരവിന് തുല്യംചാര്‍ത്തി. ഈ വഴിമാറ്റത്തിനു ശേഷം ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഒരു തരിമ്പ് പോലും പു.ക.സയുടെ ഭാഗത്തു നിന്നും എന്തുകൊണ്ട് ഉണ്ടായില്ല? ഫാസിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വിജയന്‍ മാഷെ രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തിയതിന്റെ പേരില്‍ മാത്രം പാര്‍ട്ടിസാന്‍ എഴുത്തുകാരെ കൊണ്ട് ദിവസങ്ങളോളം പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ വഴി ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു വേട്ടയാടി.
മരണത്തില്‍പ്പോലും മാഷെ അപമാനിച്ചു. കേരളീയ സമൂഹത്തില്‍ മാഷ് നടത്തിയ എല്ലാ ഇടപെടലുകളെയും തമസ്‌കരിച്ചു, അനുശോചന സന്ദേശത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാഷെ വെറുമൊരു മികച്ച കോളേജ് അധ്യാപകനായി ചുരുക്കി. മാഷിന്റെ മരണം പോലും വിവാദമാക്കാന്‍ ശ്രമിച്ചു. അതിന് ഉപകരണമാക്കിയത് ഡോ. സുകുമാര്‍ അഴീക്കോടിനെയും. കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ വേദികളില്‍ വിജയന്‍ മാഷ്‌ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ആയിരുന്നു അഴീക്കോട്. മറ്റൊരാള്‍ പ്രൊഫ. കെ.എന്‍.പണിക്കര്‍ ആയിരുന്നു.
പ്രസ്ഥാനത്തിന് വഴിതെറ്റുമ്പോള്‍ “ക്രിട്ടിക്കല്‍ ഇന്‍സൈഡേഴ്‌സി”ന്റെ ഇടപെടല്‍ അനിവാര്യമാണെന്ന്, കെ.ദാമോദരനെ ചൂണ്ടി ആണയിടാറുള്ള കെ.എന്‍.പണിക്കരും വിജയന്‍ മാഷ് വേട്ടയാടപ്പെട്ടപ്പോള്‍ അരുതെന്ന് പറയാനുള്ള ബൗദ്ധിക
സൗഭ്രാത്രം കാണിച്ചില്ല.
ചുരുക്കത്തില്‍, സി.പി.എമ്മിനുള്ളിലെ വിഭാഗീയത കേരളത്തിലെ ഇടതുപക്ഷ ബൗദ്ധിക ജീവിതത്തെ ചിതറിക്കുകയായിരുന്നു. അതില്‍ ചിലരുടെ രഹസ്യദൗത്യം ആ അര്‍ത്ഥത്തില്‍ വിജയിച്ചുവെന്ന് പറയാം. ഇക്കാലത്തു മൗനികളായി ഗാലറിയില്‍ ഇരുന്ന് കളി കണ്ട ബൗദ്ധിക ഭീരുക്കള്‍ ഇന്ന് പൂജാമുറിയില്‍ പൂന്താനമായും പുറത്തു മാര്‍ക്‌സ് ആയും വേഷപ്പകര്‍ച്ച നടത്തിക്കൊണ്ടേയിരിക്കുന്നു.
അടുത്തപേജില്‍ തുടരുന്നു
കണ്ണൂര്‍ ഒരു തുരുത്തല്ല, എന്നാല്‍ തുരുത്തുമാണ്
കണ്ണൂര്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ഭാഗമാണ്. എന്നാല്‍, മലബാറിലെ സമീപ ജില്ലകളില്‍ നിന്നുപോലും കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കണ്ണൂരിന് ചില വ്യതിരിക്തതകള്‍ ഉണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അക്ഷരാര്‍ഥത്തില്‍ രക്തം കൊണ്ട് എഴുതിയതാണ് കണ്ണൂരിന്റെ ചരിത്രം.
കയ്യൂര്‍, കരിവെള്ളൂര്‍, തില്ലങ്കേരി, കാവുമ്പായി, മുനയന്‍കുന്നു, മൊറാഴ, സേലം ജയില്‍ വെടിവെപ്പ്, തലശ്ശേരി ജവാഹര്‍ഘട്ട്…… ജന്മിത്വ വിരുദ്ധ സമരങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും പട്ടിക നീളുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തിട്ട മണ്ണും ഇവിടെയാണ് പാറപ്രം.
ഈ പോരാട്ടങ്ങള്‍ക്കൊപ്പം ആശയപരമായ നവീകരണ-പരിഷ്‌ക്കരണ സംരംഭങ്ങള്‍ക്കും കണ്ണൂര്‍ വേദിയായി.
ഇംഗ്ലീഷ് വിദ്യാഭ്യാസം അടക്കം കൊളോണിയല്‍ ആധുനികതയുടെ “സൗഭാഗ്യങ്ങള്‍” വേണ്ടുവോളം അനുഭവിച്ചവരാണ് കണ്ണൂരിലെയും തലശ്ശേരിയിലെയും നാനാ ജാതി മതസ്ഥര്‍, വിശേഷിച്ചു തീയരും മുസ്‌ലിംങ്ങളും.
ബാസല്‍ മിഷന്റെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആദ്യകാല കേന്ദ്രങ്ങളില്‍ ഒന്ന് ഇവിടമായിരുന്നു. പിന്നീട്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലുകളിലൂടെ ഇവിടത്തെ ഗ്രാമങ്ങളില്‍ വായനശാലകളും നിശാപാഠശാലകളും സ്ഥാപിതമായി. അതിന്റെ തുടര്‍ച്ചയും വികാസവുമായി ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു. ഇതില്‍ അധ്യാപക പ്രസ്ഥാനത്തിന്റെ പങ്കും നിര്‍ണായകമായിരുന്നു. തൃണമൂല തലത്തില്‍ ഇടതുപക്ഷ ആശയങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നതില്‍ അധ്യാപക സമൂഹത്തിന്റെ ഇടപെടല്‍ അളവറ്റതായിരുന്നു.
സാഹിത്യ സാംസ്‌കാരിക, നവോത്ഥാന നായകരുടെ ഒരു നീണ്ടനിര തന്നെയുണ്ട് ഈ ജില്ലയില്‍. വാഗ്ഭടാനന്ദന്‍, സ്വാമി ആനന്ദതീര്‍ഥന്‍, വേങ്ങയില്‍ കേസരി നായനാര്‍, വിദ്വാന്‍ പി. കേളു നായര്‍, പൊത്തേരി കുഞ്ഞമ്പു, ചന്തു മേനോന്‍, മൊയാര ത്തു ശങ്കരന്‍, മൂര്‍ക്കോത്തു കുമാരന്‍…….. സാംസ്‌കാരിക ചരിത്രത്തില്‍ ഇനിയും എത്രയോ പേരുകള്‍.
ഭാരതീയന്‍, കേരളീയന്‍, ടി.എസ്. തിരുമുമ്പ്, പിന്നെ എ.കെ.ജി, എ.വി.കുഞ്ഞമ്പു, സി.എച്. കണാരന്‍, അറാക്കല്‍ കുഞ്ഞിരാമന്‍, സുബ്രഹ്മണ്യ ഷേണായ്, കൊലമരത്തെ കൂസാതെ നിന്ന കെ.പി.ആര്‍ ഗോപാലനും അടക്കം ത്യാഗികളായ നേതാക്കളുടെ നീണ്ടനിരയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.
ഈ നേതൃനിരയില്‍ ഒന്നും രണ്ടും മൂന്നും തലമുറ വരെയെങ്കിലും നേരത്തെ സൂചിപ്പിച്ച സാമൂഹ്യ പരിഷ്‌കരണ ധാരയിലൂടെ വന്നവരുമാണ്. ഉപ്പു സത്യാഗ്രഹത്തിനു വേദിയായ പയ്യന്നൂരിന്റെയടക്കം ദേശീയ പ്രസ്ഥാനത്തിന്റെ ഇടതുപക്ഷ, ഇടതുപക്ഷേതര ധാരയും സജീവമായിരുന്നു കണ്ണൂരില്‍. ഇവയുടെ കൊള്ളക്കൊടുക്കകളിലൂടെയാണ് കണ്ണൂരിന്റെ രാഷ്ട്രീയം വികസിച്ചത്.
“40കള്‍ മുതല്‍ ആരംഭിച്ച ജാതി, ജന്മി, നാടുവാഴി വിരുദ്ധ സമരങ്ങള്‍ സൃഷ്ടിച്ച ഇടവേളകളില്ലാത്ത, നിരന്തരമായ രാഷ്ട്രീയ പ്രതിരോധങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും രക്തസാക്ഷിത്വങ്ങള്‍ക്കും ഒപ്പം കാസര്‍കോട്ടും നീലേശ്വരവും പയ്യന്നൂരും കണ്ണൂരും തലശ്ശേരിയും കേന്ദ്രീകരിച്ചു രൂപപ്പെട്ട ബൗദ്ധികാന്തരീക്ഷവും ചേര്‍ന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കണ്ണൂരില്‍ രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ അധീശത്വം സാധ്യമാക്കിയത്.
ഈ ചരിത്രപാരമ്പര്യത്തിന്റെ അവകാശികള്‍ എന്ന നിലയില്‍ ഉള്ള ചരിത്രപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ സി.പി.ഐ. എമ്മിന് കഴിയുന്നുണ്ടോ? ചരിത്രത്തിന്റെ ഭാരങ്ങള്‍ ഒട്ടുമേ ഇല്ലാത്ത സംഘപരിവാര്‍ കെണികളില്‍ തങ്ങള്‍ പെട്ടുപോവുന്നുവോ എന്ന ചോദ്യം പാര്‍ട്ടി ഉയര്‍ത്തേണ്ടതില്ലേ?
സംഘടനാപരമായ മേധാവിത്വത്തിനൊപ്പം പ്രത്യയശാസ്ത്രപരമായ അധീശത്വം നിലനിര്‍ത്താന്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിയുന്നുണ്ടോ എന്ന ചോദ്യം സ്വയം വിമര്‍ശനപരമായി ഉന്നയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്കും മതാത്മകതയ്ക്കും അടിപണിയുന്ന ഒരു ജീവിതക്രമം പാര്‍ട്ടിക്ക് രാഷ്ട്രീയ മേധാവിത്വമുള്ള ഗ്രാമങ്ങളില്‍പ്പോലും എങ്ങിനെ വികസിച്ചു എന്ന് പാര്‍ട്ടി ഇക്കാലത്തു പരിശോധിച്ചോ? കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മാത്രം ബ്രാഹ്മണിക ദേവപ്രശ്‌നങ്ങളിലൂടെ എത്ര കാവുകള്‍ ക്ഷേത്രങ്ങള്‍ ആയി? പുതിയ എത്ര ക്ഷേത്രങ്ങള്‍ മുളച്ചു വന്നു?
അടുത്തപേജില്‍ തുടരുന്നു
നഷ്ടമാവുന്ന ധാര്‍മ്മിക പിന്‍ബലം
60കളുടെ അവസാനം മുതല്‍ കണ്ണൂര്‍ സംഘപരിവാറിന്റെ ഒരു ലക്ഷ്യസ്ഥാനമാണെന്നതില്‍ തര്‍ക്കമില്ല. അതിനായി അവര്‍ക്ക് സംഘര്‍ഷം വേണമെന്നതിലും സംശയമില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അടികിട്ടിയാല്‍ അനിവാര്യമെങ്കില്‍ തിരിച്ചടിക്കണമെന്നതിലും പക്ഷാന്തരമില്ല. പക്ഷേ, ചോദ്യം മറ്റൊന്നാണ്. ഈ അടിയിലും തിരിച്ചടിയിലും രക്തച്ചൊരിച്ചിലിലും പൗരസമൂഹത്തില്‍ ധാര്‍മ്മികമായ മേല്‍ക്കൈ പാര്‍ട്ടിക്ക് ഉണ്ടോ?
ഉണ്ടായിരുന്നു, എന്നാല്‍ അത് ക്രമേണ നഷ്ടമാവുന്നു എന്നതാണ് വാസ്തവം. ഒരുവേള, അത് പൂര്‍ണ്ണമായും നഷ്ടമായോ എന്നും സംശയമുണ്ട്; സംഘ്പരിവാറിന് പൊതുസമൂഹത്തില്‍ ഉണ്ടായിരുന്ന അസ്പൃശ്യത ഇല്ലാതായിക്കൊണ്ടിരിക്കുന്ന ക്രമത്തില്‍. രക്തച്ചൊരിച്ചിലിനും കൊലപാതകങ്ങള്‍ക്കും വേണം ചില ധാര്‍മികതകള്‍.
അതുണ്ടാവണമെങ്കില്‍, പൗരസമൂഹത്തില്‍ പ്രത്യയശാസ്ത്ര അധീശത്വം വേണം. അത് നേടാന്‍ സംഘപരിവാറിനെ കോപ്പിയടിച്ചു ശ്രീകൃഷ്ണ ജയന്തി നടത്തിയാല്‍ സാധിക്കില്ല. അത് മഴുവും വാളും ബോംബും കൊണ്ട് നേടാനാവില്ല. അതിന് പ്രത്യയശാസ്ത്രാധിഷ്ഠിതമായ പ്രവര്‍ത്തന പദ്ധതി തന്നെ വേണം. വ്യക്തിജീവിതത്തിന്റെ സൂക്ഷ്മതലം മുതല്‍ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ വിശാലതകളിലേക്ക് പടര്‍ന്നേറുന്ന ധാര്‍മ്മിക, സദാചാര നിഷ്‌ക്കര്‍ഷ അതിന്റെ അവിഭാജ്യ ഘടകമാണ്. ഇതിനു പകരംവെക്കാന്‍ ആയുധങ്ങള്‍ പോരാ.
ഇനിയൊരു പാനൂര്‍ കഥ
80കള്‍ ആരംഭിച്ച തലശ്ശേരി താലൂക്കിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ (പത്രഭാഷയില്‍ സി.പി.ഐ.എം-ആര്‍.എസ്.എസ് സംഘര്‍ഷം) പ്രഭവകേന്ദ്രം ഏറെയും പാനൂര്‍ ആയിരുന്നു. പാനൂര്‍ എന്നാല്‍ പഴയ പെരിങ്ങളം മണ്ഡലം. (പാട്യം, മൊകേരി, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂര്‍, കരിയാട്, ചൊക്ലി, പന്ന്യന്നൂര്‍ എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതായിരുന്നു ഈ മണ്ഡലം. ) ഇവിടെ നാമമാത്രമായ പ്രദേശങ്ങളിലേ ആദ്യം അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കും പിന്നെ സി.പി.ഐ.എമ്മിനും സ്വാധീനം ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടി പിളര്‍പ്പിനു ശേഷം സി.പി.ഐ തീര്‍ത്തും ദുര്‍ബലമായി.
പാനൂരിന്റെ രാഷ്ട്രീയ ചരിത്രം എന്നും സംഘര്‍ഷഭരിതമായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. ഒരു നാട്ടുപ്രമാണിയേയോ ഫ്യൂഡല്‍ മാടമ്പിയെയോ പോലെ പാനൂരിലെ രാഷ്ട്രീയം ദീര്‍ഘകാലം അടക്കിവാണത് പി.ആര്‍.കുറുപ്പ് എന്ന “സോഷ്യലിസ്റ്റ്” നേതാവായിരുന്നു.
ഇടക്കാലത്തു അടിയന്തരാവസ്ഥയിലും തുടര്‍ന്ന് കുറച്ചുകാലവും കോണ്‍ഗ്രസായി അദ്ദേഹം വേഷപ്പകര്‍ച്ച നടത്തിയെങ്കിലും പിന്നീട് ജനതാദളിലേയ്ക്ക് തിരിച്ചെത്തി. സ്വന്തമായി ഗുണ്ടാസംഘത്തെ തീറ്റിപ്പോറ്റിയ ഈ രാഷ്ട്രീയ മാടമ്പി സാമദാനഭേദ ദണ്ഡങ്ങളും നടത്തിപ്പോന്നു. വിവിധ തരം തല്ലുകള്‍ അല്ലാതെ കൊല്ലല്‍ അന്ന് നാട്ടുനടപ്പ് ആയിരുന്നില്ല. അക്കാലത്തു ആകെ രണ്ടു പേര്‍ ( ഒരാള്‍ സി.പി.ഐ.എമ്മും മറ്റൊരാള്‍ ലീഗും) മാത്രമാണ് അന്ന് കൊല്ലപ്പെട്ടത്.
തന്റെ രാഷ്ട്രീയ സ്വാധീന മേഖലകളില്‍ വിയോജിപ്പിന്റെ ശബ്ദം ഉയര്‍ത്തുന്നവരെ ഇദ്ദേഹത്തിന്റെ ഗുണ്ടാസംഘം നിര്‍ദ്ദാക്ഷിണ്യം കൈകാര്യം ചെയ്തു. അതില്‍ കമ്യുണിസ്റ്റ്, കോണ്‍ഗ്രസ്സ്, ലീഗ് എന്ന വേര്‍തിരിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും കടുത്ത ശത്രുത കമ്മ്യൂണിസ്റ്റ്കാരോടായിരുന്നു.
എങ്കിലും ഇടക്കാലത്തു കേരളത്തില്‍ “67ല്‍ രൂപം കൊണ്ട സപ്തകക്ഷി മുന്നണിയില്‍ എസ്.എസ്. പി അംഗമാവുക വഴി പി.ആര്‍.കുറുപ്പ് ഇ.എം.എസ് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയാവുകയുണ്ടായി. സോഷ്യലിസ്റ്റ് പാര്‍ട്ടി മുന്നണി ബന്ധം ഉപേക്ഷിച്ചതോടെ കമ്മ്യൂണിസ്റ്റുകാരുമായുള്ള ചെറിയ കാലത്തെ രാഷ്ട്രീയ സൗഹൃദം അവസാനിക്കുകയും ചെയ്തു. (പിന്നീട് ജനതാദള്‍ അംഗമായി 1996ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയിലും അംഗമായി).
അടുത്തപേജില്‍ തുടരുന്നു
പി.ആര്‍.കുറുപ്പിന്റെ രാഷ്ട്രീയ മാടമ്പിത്തത്തിനും ജനാധിപത്യവിരുദ്ധതയ്ക്കും എതിരെ പൊരുതിയാണ് സി.പി.ഐ.എം പാനൂര്‍ മേഖലയിലെ (പഴയ പെരിങ്ങളം നിയോജക മണ്ഡലം) ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടി ആയത്. ഇതിനായി, ആദ്യം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. അതില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ കൂടാതെ ലീഗും കോണ്‍ഗ്രസും ആണ് ഉണ്ടായിരുന്നത്.
തെയ്യം തിറ എന്നിവ കെട്ടിയാടിയിരുന്ന പറമ്പുകളില്‍ വച്ചായിരുന്നു അക്കാലത്തെ രാഷ്ട്രീയ അടിയും തിരിച്ചടികളും പ്രധാനമായും അരങ്ങേറിയിരുന്നത്. അല്ലാതെയുള്ളവയും നാട്ടില്‍ നടന്നിട്ടുണ്ട്. മര്‍ദ്ദനങ്ങള്‍ക്ക് പുറമെ കള്ളക്കേസുകളുടെ പരമ്പരകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു രാഷ്ട്രീയ മാടമ്പിയുടെ മറ്റൊരു കുതന്ത്രം. നിര്‍ധനരായ പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ നിന്ന് രക്ഷിക്കാന്‍ കേസ് ഫണ്ട് പിരിക്കുകയും അതുവഴി അക്രമ രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്തു. ജനകീയമായ ധനശേഖരണം പോലും രാഷ്ട്രീയ പ്രചാരണോപാധിയായി എന്നര്‍ത്ഥം.
ഈ കായിക ആക്രമണ പ്രത്യാക്രമണങ്ങളില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്വീകരിച്ചിരുന്നത് സവിശേഷമായ ഒരു തന്ത്രമായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ പി.ആര്‍.കുറുപ്പ് മാടമ്പി രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു. അദ്ദേഹം തന്റെ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ആള്‍ബലത്തില്‍ പൊതുവെ ദുര്‍ബലരായ രാഷ്ട്രീയ എതിരാളികളെ പൊതിരെ തല്ലിക്കൊണ്ടേയിരുന്നു.
പലരും അടികൊണ്ടു നിത്യരോഗികളായി. ഓരോ അടി കിട്ടിയാലും അതാത് പ്രദേശത്തു പാര്‍ട്ടി ധര്‍ണ്ണ നടത്തും. പിന്നെ സംഭവത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് നോട്ടീസ് പ്രചാരണം നടത്തും. ആവശ്യമെങ്കില്‍ പ്രചാരണ ജാഥയും. ഇതിനു ശേഷം പിന്നെയും അടികള്‍, അടികള്‍.
കുറുപ്പും അനുയായികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, പിന്നീട് സി.പി.ഐ.എമ്മിന്റെ ഈ പ്രതിഷേധ പ്രതികരണ രീതിയെ തികഞ്ഞ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. ( സി.പി.ഐ.എം നേതൃത്വത്തില്‍ ഈ പ്രതികരണ രീതിയുടെ വക്താവും പ്രയോക്താവും ഐ.വി.ദാസ് ആയിരുന്നതിനാല്‍, “ഐ.വി.ദാസിന്റെ നോട്ടീസ് വിപ്ലവം” എന്നാണ് പി.ആര്‍. കുറുപ്പിന്റെ അനുയായികള്‍ ഇതിനെ പരിഹസിച്ചിരുന്നത്.)
കുറേ തവണ അടി വാങ്ങിക്കഴിഞ്ഞാല്‍ അതിന് മുതലും പലിശയും അടക്കം തിരിച്ചു നല്‍കുന്ന ഒരു പ്രത്യാക്രമണം. അതിനകം നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങള്‍ ഈ തിരിച്ചടിക്ക് ധാര്‍മ്മിക പിന്‍ബലം നല്‍കും സഹികെട്ട്, ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോള്‍ തിരിച്ചടിച്ചു എന്ന് ജനങ്ങളെ കൊണ്ട് സമ്മതിപ്പിക്കുന്നതാവും ഇത്.
പാര്‍ട്ടി വളര്‍ത്താനുള്ള ഏക പോംവഴി ആക്രമണം മാത്രമാണെന്ന തെറ്റിദ്ധാരണയ്ക്കുള്ള ഒരു മറുപടിയാണിത്.
പാനൂരിലെ മാടമ്പി രാഷ്ട്രീയത്തിന്റെ എല്ലാ അധാര്‍മ്മികതകള്‍ക്കുമെതിരെ ഉന്നതമായ രാഷ്ട്രീയ ധാര്‍മ്മികതയും സദാചാരവും കൂടി കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വവും അണികളും വ്യക്തിജീവിതത്തിലും പകരം വച്ചു. പൊതു സ്വകാര്യ ജീവിതത്തില്‍ മുന്നോട്ട് വെച്ച ബദല്‍ മാതൃകകള്‍ കൂടിയാണ് പാനൂര്‍ പ്രദേശത്തു സി.പി.ഐ.എമ്മിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാനിടയാക്കിയത്.
പാര്‍ട്ടി പിന്തുടര്‍ന്ന വാക്കിന്റെ, അക്ഷരങ്ങളുടെ സംസ്‌കാര സമ്പന്നമായ വഴിയാണ് ഇതിന് മുഖ്യ കാരണമായി തീര്‍ന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ പോലും പുലഭ്യവും പുലയാട്ടും ഗോഗ്വാ വിളിയും ആയപ്പോള്‍ സി.പി.ഐ.എമ്മിന്റെ ഭാഷ തീര്‍ത്തും സംസ്‌കാരപൂര്‍ണമായിരുന്നു.
ഇതിന് പ്രചോദനമായത് നേരത്ത സൂചിപ്പിച്ച വാഗ്ഭടാനന്ദ ഗുരു അടക്കമുള്ള നവോത്ഥാന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയുള്ളവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്നതാണ്. ഒപ്പം മാടമ്പി രാഷ്ട്രീയം തീര്‍ത്ത ഭയത്തില്‍ നിന്നുള്ള മോചനവും പ്രധാനമായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
അതായത്, രണ്ട് കിട്ടിയാല്‍ ചോദിക്കാനും പറയാനും ആളുണ്ടെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കലും ആവശ്യമായിരുന്നു. അക്ഷരങ്ങളുടെ സംസ്‌കാരസമ്പന്നമായ ഭാഷയ്‌ക്കൊപ്പം അനിവാര്യമെങ്കില്‍ കൈയൂക്കിന്റെ ഭാഷയും പാര്‍ട്ടിക്ക് വശമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് നല്‍കലും ഒരേ സമയം സാധ്യമാകണം എന്നര്‍ത്ഥം.
അടിയന്തരാവസ്ഥയില്‍ പി.ആര്‍.കുറുപ്പ് നടത്തിയ കോണ്‍ഗ്രസ്സിലേക്കുള്ള കാലുമാറ്റവും കൂടിയായപ്പോള്‍ മാടമ്പി രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമാക്കി. അടിയന്തരാവസ്ഥയ്ക്കു ശേഷം വളര്‍ന്നു വന്ന വിദ്യാഭ്യാസം നേടിയ പുതുതലമുറയും മാടമ്പി രാഷ്ട്രീയത്തോട് മുഖംതിരിച്ചതോടെ പാനൂരില്‍ സി.പി.ഐ.എമ്മിന്റെ വളര്‍ച്ച ത്വരിതഗതിയില്‍ ആയി.
വോട്ട് മാര്‍ക്‌സിനും മനസ്സ് പൈങ്കിളിക്കും എന്നതാണ് നമ്മുടെ മട്ടും മാതിരിയും.
വര്‍ഷങ്ങളോളം പാനൂരില്‍ പി.ആര്‍.കുറുപ്പ് നടപ്പാക്കിയ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാടമ്പി രാഷ്ട്രീയത്തിന്റെ ലുമ്പന്‍ അവശേഷിപ്പുകളാണ് പിന്നീട് ആര്‍.എസ്.എസിന്റെ അണികളായി മാറിയതെന്ന് കാണാം. അങ്ങിനെയല്ലാത്ത വലിയ ഒരു വിഭാഗം സി.പി.എമ്മിലേക്കെത്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലത്താണ് സി.പി.ഐ.എം ഈ മേഖലയില്‍ ജനസ്വാധീനത്തില്‍ ഒന്നാം പാര്‍ട്ടിയായത്.
1960കളുടെ അവസാന വര്‍ഷങ്ങള്‍ മുതല്‍ തലശ്ശേരിയെ ആര്‍.എസ്.എസ് ലക്ഷ്യം വച്ചിരുന്നു എന്നത് അനിഷേധ്യമായ വസ്തുത ആണ്. മംഗളൂര്‍ ഗണേഷ് ബീഡി കമ്പനിയിലെ തൊഴില്‍ തര്‍ക്കവും ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ സ്ഥാപനവും 1970ലെ തലശ്ശേരി വര്‍ഗീയ കലാപവും അത് അവസാനിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ച ആത്മത്യാഗപരമായ ധീരതയും എല്ലാം ചരിത്രമാണ്
1980കള്‍ മുതലാണ് ഇപ്പോള്‍ കാണുന്ന മട്ടിലുള്ള കൊലപാതക പരമ്പരകള്‍ വ്യാപകമാവുന്നത്. അക്കാലത്തു ആര്‍.എസ്.എസ് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയ അപരിചിതരായ പ്രചാരകരുടെ ഒരു വന്‍പട തന്നെ തലശ്ശേരിയിലേക്ക് നിയോഗിക്കപ്പെട്ടു. ഭീതി വിതച്ചു ആളുകളെ മാനസികമായി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് തന്ത്രം നടപ്പിലാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായി.
1978 ലാണ് തലശ്ശേരി താലൂക്കില്‍ ആദ്യമായി പാനൂരിലും പരിസരങ്ങളിലും ഭീകരമായ ആക്രമണങ്ങള്‍ അരങ്ങേറുന്നത്.
അന്ന് പാനൂര്‍ ടൗണിലെ LP സ്‌കൂള്‍ മുറ്റത്തിട്ട് സി.പി.ഐ.എം നേതാവ് രാജു മാസ്റ്ററെ ആര്‍.എസ്.എസ് കാര്‍ വെട്ടിക്കൊന്നു. അപ്പോഴും പ്രകോപനങ്ങള്‍ക്ക് മുന്നില്‍ തികഞ്ഞ ആത്മസംയമനം പാര്‍ട്ടി കാണിച്ചിരുന്നു എന്നത് അവിതര്‍ക്കിതമായ യാഥാര്‍ഥ്യമാണ്. ഈ സംഘര്‍ഷങ്ങള്‍ക്കിടയിലാണ്, “പാര്‍ട്ടി ഗ്രാമം”എന്ന സംജ്ഞയിലും, തല്ലിയും കൊന്നും പ്രശ്‌നപരിഹാരം തേടുന്ന ചേകവകളരി പാരമ്പര്യത്തിലും തലശ്ശേരിയിലെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ വേരുകള്‍ തേടുന്ന ചരിത്രനരവംശ ശാസ്ത്ര അന്വേഷണങ്ങളില്‍ പലരും വ്യാപൃതരാവുന്നത്.
കണ്ണൂര്‍ ജില്ലയില്‍ കമ്മ്യൂണിസ്റ്റ് “പാര്‍ട്ടി ഗ്രാമങ്ങള്‍” ഉണ്ടാവുന്നത് അവിടുത്തെ ജാതി ജന്മിനാടുവാഴി വിരുദ്ധ രാഷ്ട്രീയ സമരങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പാരമ്പര്യത്തിലാണ്. അതിന്റെ ഭാഗമായി ഗ്രന്ഥശാലാ പ്രസ്ഥാനവും അവിടെ സജീവമായി. ഒപ്പം സഹകരണ പ്രസ്ഥാനവും. കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ഈ പാരമ്പര്യത്തെ രാഷ്ട്രീയവല്‍ക്കരിച്ചു. ആ രാഷ്ട്രീയവത്കൃത ഗ്രാമജീവിതത്തിന്റെ തുറസ് പാര്‍ട്ടി ഗ്രാമങ്ങളില്‍ നിലനിന്നിരുന്നു.
അടുത്തപേജില്‍ തുടരുന്നു
(എന്നാല്‍, ഭിന്നാഭിപ്രായങ്ങളോട് അസഹിഷ്ണുത കാണിക്കാത്ത ഗ്രാമങ്ങള്‍ തീരെ ഇല്ലെന്നല്ല. അക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒരേ സ്വഭാവം കാണിക്കാറുണ്ട്. പ്രത്യേകിച്ച്, തെരഞ്ഞെടുപ്പുകളില്‍. മരിച്ചവരുടെയും നാട്ടില്‍ ഇല്ലാത്തവരുടെയും വോട്ടുകള്‍ പോലും ചെയ്യപ്പെടുന്ന തമാശയ്ക്ക് വോട്ട് കണക്കുകള്‍ സാക്ഷ്യം പറയും.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉള്ളവര്‍ ഇല്ലാത്ത, ഏക കക്ഷി മേധാവിത്വം ഉള്ളതെന്ന് ഓരോ പാര്‍ട്ടികളും മേനിനടിക്കുന്ന പല ബൂത്തുകളിലും വോട്ട് എണ്ണിക്കഴി യുമ്പോള്‍ വിരുദ്ധ വോട്ടുകള്‍ കണ്ട് പാര്‍ട്ടികള്‍ അന്തംവിടാറുമുണ്ട്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, മലബാറിലെ മൂന്ന് മണ്ഡലങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ സി.പി.ഐ.എം അന്തംവിട്ടിരുന്നു. അണികളുടെ അത്രമേല്‍ ശക്തമായ നിശ്ശബ്ദ പ്രതിഷേധമായിരുന്നു അത്തവണ പാര്‍ട്ടി അഭിമുഖീകരിച്ചത്.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം, ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയും പാര്‍ട്ടിക്ക് സ്വാധീനമുള്ള ഗ്രാമങ്ങളിലെ ഈ അടഞ്ഞ പ്രകൃതവും ഒട്ടും ഗുണകരമല്ല. സമീപകാലത്തോടെ ഈ അടഞ്ഞ പ്രകൃതം കൂടുതല്‍ ശക്തമാവുകയാണ്)
തൊഴിലാളി വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുണ്ടായിരുന്നത് ദിനേശ് ബീഡി തൊഴിലാളികളെയായിരുന്നു. പൊതുവില്‍ ഔപചാരിക വിദ്യാഭ്യാസത്തില്‍ പിന്നാക്കം നിന്നിരുന്ന ഇവര്‍ ചുറ്റിലും നടക്കുന്ന സാമൂഹ്യരാഷ്ട്രീയ ചലനങ്ങള്‍ അറിയാന്‍ അങ്ങേയറ്റം ജാഗ്രത കാണിച്ചിരുന്നു.
അതുകൊണ്ടു തന്നെ സംഘ്പരിവാറിന് ദിനേശ്ബീഡി കമ്പനികള്‍ എന്നും ഒരു ചതുര്‍ഥി ആയിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ബീഡി കമ്പനികള്‍ അവരുടെ ആക്രമണ ലക്ഷ്യവുമായിരുന്നു. രാഷ്ട്രീയ പ്രബുദ്ധരായ ദിനേശ് ബീഡി തൊഴിലാളികള്‍ ഇന്ന് ഇടതുപക്ഷത്തിന് ഗൃഹാതുരമായ ഒരു ഓര്‍മ്മ മാത്രം.
ഗ്രാമ ജീവിതത്തിലെ പാര്‍ട്ടി ഇടപെടലുകള്‍ എല്ലാ അര്‍ത്ഥത്തിലും ജൈവികമായിരുന്നു. വിവാഹം, മരണം, രോഗപീഡകള്‍, ആതുര ശുശ്രൂഷ, സാമൂഹ്യസേവനം, സര്‍ക്കാര്‍ ക്ഷേമ പരിപാടികള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത തുടങ്ങിയവയിലെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരുടെ സജീവമായ ശ്രദ്ധ ഉണ്ടായിരുന്നു.
അടിത്തട്ടില്‍ ഇതൊക്കെ ചെയ്യാനുള്ള സന്നദ്ധത ഇന്നും പലതരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിക്കുന്നുമുണ്ട്. എന്നാല്‍, പാര്‍ട്ടിയുടെ സ്വയം വിമര്‍ശനപരമായ തെറ്റ്തിരുത്തല്‍ രേഖയില്‍ ചൂണ്ടിക്കാണിച്ചതുപോലെ, ജനങ്ങളുമായുള്ള അടിത്തട്ടു ബന്ധം സാമാന്യേന ദുര്‍ബലമായിട്ടുണ്ട്.
1990 മുതല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചതോടെ, കഴിഞ്ഞ പതിറ്റാണ്ടു മുതല്‍ മറ്റിടങ്ങളിലെന്ന പോലെ കേരളത്തിന്റെ സാമൂഹ്യസാമ്പത്തികസാംസ്‌കാരിക ജീവിതത്തില്‍ സംഭവിച്ച വഴിമാറ്റം ജീവിതത്തിലെ ഒരുപാട് തുറസ്സുകളില്‍ വല്ലാതെ ഇരുള്‍ വീഴ്ത്തിക്കഴിഞ്ഞു. നേരത്തെ പാര്‍ട്ടി ഗ്രാമങ്ങളെ തുറസ്സുറ്റതാക്കിയ മനുഷ്യബന്ധങ്ങളിലും സ്ഥാപനങ്ങളിലും ഈ ഇരുള്‍ വീണു കഴിഞ്ഞു.
ഗ്രന്ഥശാലകള്‍ നിര്‍ജീവമായി. സഹകരണ പ്രസ്ഥാനം വന്‍ മൂലധന സമാഹരണത്തിന്റെ യുക്തികളിലേക്കെത്തിക്കഴിഞ്ഞു. അല്ലെങ്കില്‍ തൊഴില്‍ദാനത്തിനുള്ള ഒരു മേഖല എന്ന നിലയില്‍ അത് സ്ഥാപനവല്‍ക്കരിക്കപെട്ടു. “മനംകെട്ടു പണം നേടിയാല്‍ മാനക്കേട് ആ പണം മാറ്റിക്കൊള്ളും” എന്ന പഴഞ്ചൊല്ല് പതിരില്ലാത്തതാക്കിയ ഒരു നവ സമ്പന്ന വിഭാഗം നഗര ഗ്രാമ ഭേദമില്ലാതെ സാമൂഹഗാത്രത്തില്‍ ഇത്തിള്‍ക്കണ്ണികളായി പടര്‍ന്നേറികഴിഞ്ഞു.
സാമൂഹ്യ ഡാര്‍വിനിസ്റ്റ് യുക്തിക്ക് പൊതു സ്വീകാര്യത കിട്ടി. ദല്ലാള്‍ ക്വട്ടേഷന്‍ പണി മറ്റേതൊരു പണിയും പോലെ സമൂഹത്തില്‍ അംഗീകാരം നേടിക്കഴിഞ്ഞു. ഇതിന്റെ ഫലമായി ഉണ്ടായിത്തീര്‍ന്ന സര്‍വവ്യാപിയായ ലുമ്പന്‍ വല്‍ക്കരണം പാര്‍ട്ടിയിലും വേരുകളാഴ്ത്തി. പാര്‍ട്ടിഗ്രാമങ്ങളുടെ തുറസ്സിനെ ഇരുള്‍ മൂടിച്ചത് ഈയൊരു പ്രവണതയാണ്.
അടുത്തപേജില്‍ തുടരുന്നു
ഇതിന്റെ സ്വാഭാവിക പ്രതിഫലനം മറ്റു പാര്‍ട്ടികളില്‍ എന്നോണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഉണ്ടായിക്കഴിഞ്ഞു. ഇതിനെ അറക്കിട്ടുറപ്പിക്കുന്നതായി പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനം. “വിട്ടുവീഴ്ചയില്ലാത്ത പ്രയോഗികതയുടെയും യാഥാര്‍ഥ്യബോധ”ത്തിന്റെയും പേരില്‍ നവ ഉദാരവല്‍ക്കരണത്തിന് ബദല്‍ ഇല്ലെന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും അംഗീകരിച്ചു കഴിഞ്ഞു. പരിപ്പുവടയുടെയും കട്ടന്‍ ചായയുടെയും ധാര്‍മ്മിക മൂല്യം കൈയൊഴിക്കപ്പെട്ടു.
1990കള്‍ മുതല്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചതിനു ശേഷം കടുത്ത സ്വത്വപ്രതിസന്ധി നേരിട്ടത് ഇട തുപക്ഷത്തിനും വലതുപക്ഷത്തിനുമാണ്, ഇന്ത്യയില്‍ വിശേഷിച്ചും. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ അതിന്റെ സാമന്തരാജ്യങ്ങളുടെയും തകര്‍ച്ചയാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഈ സ്വത്വ പ്രതിസന്ധി രൂക്ഷമാക്കിയത്.
“സോവിയറ്റ് എന്നൊരു നാടുണ്ടത്രെ കാണാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം” എന്ന ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ക്കും ഒരു ബദല്‍ ജീവിതവ്യവസ്ഥയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ക്കും നിറം മങ്ങി. സോവിയറ്റ് വ്യവസ്ഥയെ പറ്റി നേരത്തെ ഉയര്‍ന്ന വിമര്‍ശനങ്ങളെയും ആശങ്കകളെയും നിരങ്കുശമായി തള്ളിക്കളഞ്ഞതിന്റെ ഒരു പരിണതി കൂടിയായിരുന്നു ഇത്.
ഇന്ത്യന്‍ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, 80കള്‍ മുതല്‍ ഇന്ദിരഗാന്ധിയും തുടര്‍ന്ന് രാജീവ് ഗാന്ധിയും പിന്തുടര്‍ന്ന സാമ്രാജ്യത്വാനുകൂല സാമ്പത്തിക നയങ്ങള്‍ക്കും ഐ.എംഎഫ് ലോകബാങ്ക് വായ്പ്പകള്‍ക്കും എതിരെ നടത്തിയ സമരങ്ങളും പാര്‍ലമെന്റിറി രാഷ്ട്രീയത്തില്‍ കൈവന്ന മേല്‍ക്കൈയും സോവിയറ്റ് തകര്‍ച്ചയുടെ പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ കരുത്തു നല്‍കി. ഒപ്പം ദീര്‍ഘകാല അനുഭവങ്ങളുടെ കരുത്തുള്ള ബി.ടി.രണദിവെ, ജ്യോതി ബസു, ഇ.എം.എസ്, ബസവപുന്നയ്യ, ഇ.ബാലാനന്ദന്‍ തുടങ്ങിയ ആദ്യ തലമുറയില്‍പ്പെട്ട നേതാക്കളുടെ നേതൃപരിചയവും ജീവിത മാതൃകകളും ഈ അതിജീവനത്തിനു കരുത്തേകി. സി.പി.ഐ.എമ്മിന്റെ മദ്രാസ് (ഇപ്പോഴത്തെ ചെന്നൈ) പാര്‍ട്ടി കോണ്‍ഗ്രസ് രേഖകള്‍ നല്‍കിയ സ്വയംവിമര്‍ശനാത്മകമായ തിരിച്ചറിവും ഇക്കാര്യത്തില്‍ നിര്‍ണായകമായി.
പാര്‍ട്ടിക്ക് സുശക്തമായ അടിത്തറയുള്ള കേരളത്തില്‍ ത്യാഗപൂര്‍ണമായ യുവജന-വിദ്യാര്‍ത്ഥി സമരങ്ങളുടെ തിരതലപ്പത്തു ഏറി ഇടവേളകള്‍ക്കിടയില്‍ അധികാരത്തില്‍ വന്നതും പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്നതും പ്രത്യയശാസ്ത്രപരമായ അവിശ്വാസം ഇല്ലാതാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
എന്നാല്‍, “90കളുടെ അവസാനം മുതല്‍ നവ ഉദാരവല്‍ക്കരണത്തോടുള്ള എതിര്‍പ്പില്‍ ഉണ്ടായ ഇടര്‍ച്ചകള്‍ ഇടതുപക്ഷത്തോടുള്ള അവിശ്വാസത്തിന്റെ വിത്തുമുളപ്പിച്ചു. ഈ നവ ഉദാരവല്‍ക്കരണ ആഭിമുഖ്യം രക്തസാക്ഷിത്വത്തെ പോലും അപഹസിക്കുന്നിടത്തേക്കെത്തി. 90 കള്‍ കഴിഞ്ഞതോടെ ആദ്യതലമുറ നേതാക്കള്‍ ഓരോരുത്തരായി വിടപറഞ്ഞതോടെ വലതുപക്ഷ വ്യതിയാനത്തിനു ആക്കം കൂടി.
90 കളുടെ അവസാനത്തോടെ സി.പി.ഐ.എമ്മി ല്‍ ഒരു തലമുറമാറ്റവും നടന്നു. കേരളത്തിലെ പാര്‍ട്ടിയില്‍ അതുണ്ടായത് പാലക്കാട് സംസ്ഥാന സമ്മേളനത്തോടെയും. അതോടെ പാര്‍ട്ടിയില്‍ മൂല്യവ്യവസ്ഥ തന്നെ മാറി. വൈപരീത്യമെന്നോ, വിരോധാഭാസം എന്നോ പറയേണ്ടതെന്നു അറിയില്ല, ഈ തലമുറാ മാറ്റത്തിനും മൂല്യവ്യവസ്ഥാമാറ്റത്തിനും നേതൃത്വം നല്‍കിയത് പഴേ തലമുറയിലെ “കാര്‍ക്കശക്കാരനായ” വി.എസ്.അച്യുതാനന്ദനും.
പഴയ തലമുറയില്‍ അന്ന് അവശേഷിച്ചിരുന്ന ഹര്‍കിഷന്‍ സിങ് സൂര്‍ജിത് ആവട്ടെ പാര്‍ലമെന്ററി ചതുരംഗത്തിലെ നിഷ്ണാതത്വം കൊണ്ടു മാത്രം ദൈനംദിന അതിജീവനത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ ഒതുക്കി. ഇത് ഇ.എം.എസ്സിന്റെ ജനറല്‍ സെക്രട്ടറി കാലത്തോടെ തന്നെ ആരംഭിച്ചിരുന്നതുമാണ്.
വലതുപക്ഷം, വിശേഷിച്ചു തീവ്ര വലതുപക്ഷവും സമാനമായ ഒരു സ്വത്വപ്രതിസന്ധി നേരിട്ടു. തീവ്രദേശീയതയുടെ ദേശാഭിമാനത്തിന്റെയും നാട്യങ്ങള്‍ കൈയൊഴിയാന്‍ തീവ്ര വലതുപക്ഷ, ഫാസിസ്റ്റ് ഉന്മുഖ രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ വക്താക്കളായ സംഘപരിവാരം നിര്‍ബന്ധിതരായി.
അടുത്തപേജില്‍ തുടരുന്നു
ബി.ജെ.പി നേതൃത്വത്തില്‍ ആദ്യ വാജ്‌പേയി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴേ ഈ ആന്തരിക സംഘര്‍ഷം പുറത്തു വന്നു. സ്വദേശി ജാഗരണ്‍ മഞ്ച് പോലുള്ള സംഘ് പരിവാര്‍ മുന്‍കൈകളെ അപ്രസക്തമാക്കി വാജ്‌പേയി സര്‍ക്കാര്‍ നവ ഉദാരണ നയങ്ങള്‍ നടപ്പാക്കി. ഗോവിന്ദാചര്യയെ പോലുള്ള പാരമ്പര്യവാദികളെ പുതുതലമുറ മൂലക്കായി.പ്രമോദ് മഹാജന്റെ നേതൃത്വത്തില്‍ യുവതുര്‍ക്കികള്‍ പാര്‍ട്ടി പിടിച്ചടക്കി സപ്തനക്ഷത്ര സംസ്‌കാരത്തിലേക്ക് പാര്‍ട്ടിയെ വഴിമാറ്റിയെന്ന പഴയ തലമുറയിലെ സംഘപ്രചാരകരുടെ വിലാപങ്ങള്‍ കേള്‍ക്കാന്‍ ആരും ഇല്ലാതെയായി.
എന്നാല്‍, സഹജമായ സാമ്രാജ്യത്വ പക്ഷപാതം സംഘ്പരിവാരത്തിന് ഈ സ്വത്വപ്രതിസന്ധിയെ വലിയ പ്രശ്‌നങ്ങള്‍സൃഷ്ടിച്ചില്ല. അമേരിക്കയോടും ഇസ്രഈലിനോടുമുള്ള സംഘ് ആധമര്‍ണ്യം നവ ഉദാരവല്‍ക്കരണവുമായുള്ള പൊരുത്തപ്പെടല്‍ അനായാസമാക്കി. മറ്റൊന്ന്, ആഗോളവല്ക്കരണാനന്തരം ലോകമെങ്ങും പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന തീവ്രമായ സ്വത്വാന്വേഷണവും വേരുകള്‍ തേടലും അവര്‍ക്കിടയില്‍ തീവ്ര ദേശീയതയുടെ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ സംഘ്പരിവാരത്തിന് അവസരം നല്‍കി.
“ഭാരതീയത”,”ദേശീയത” തുടങ്ങിയ സങ്കല്പനങ്ങളെ ചരിത്രനിരപേക്ഷമായി, കെട്ടുകഥകളെ ആസ്പദിച്ചു അവതരിപ്പിക്കുന്ന സംഘ പ്രചാരണവും തീവ്രമായി. ഒപ്പം, 2000 ആണ്ടോടെ ശക്തമായ ഇസ്‌ലാമോഫോബിയെയും ഇസ്‌ലാമിക തീവ്രവാദ ഭീതിയെയും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാന്‍ സംഘ്പരിവാറിന് സഹായകമായി.
കേരളത്തില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ ഇത് പല രീതിയിലാണ് പ്രതിഫലിച്ചത്. മുന്‍പൊരിക്കലും കാണാത്തവിധം സമൂഹത്തിലെ സാമ്പത്തിക ക്രയവിക്രങ്ങള്‍ അധോലോകമാഫിയ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമായി എന്നതാണ് അതില്‍ ഒന്ന്. ആഗോള തലത്തില്‍ തന്നെ കള്ളപ്പണം വെളുപ്പിക്കലും പൊതുസ്വത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും കൊള്ളയടിയും വ്യാപകമായി.
ഇതിന്റെ ഏറ്റവും മാരകഭാവം ദൃശ്യമായത് സോവിയറ്റ് തകര്‍ച്ചയുടെ കാലത്തായിരുന്നു. യട്‌സിന്‍ ഭരണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ കുടുംബക്കാരും പാര്‍ശ്വവര്‍ത്തികളും പൊതുമുതല്‍ കൂട്ടത്തോടെ കവര്‍ന്നു. അങ്ങിനെ കിട്ടിയ പണം യൂറോപ്പിലെ പല രാജ്യങ്ങളിലും നിക്ഷേപിക്കപ്പെട്ടു.
കേരളത്തില്‍ നവ ഉദാരവല്‍ക്കരണ കാലത്തു ഉയര്‍ന്നു വന്ന പുത്തന്‍ മുതലാളിമാരുടെ സംഘം, പാര്‍ട്ടിപക്ഷഭേദമന്യേ കേരളത്തിലെ രാഷ്ട്രീയത്തെയും സമ്പദ്ഘടനെയും നിയന്ത്രിക്കാന്‍ തുടങ്ങി. വിദേശ പണത്തിന്റെ കുത്തൊഴുക്കില്‍ കേരളത്തില്‍ കൊഴുത്തു വളര്‍ന്ന നിര്‍മ്മാണ മേഖല കുന്നും മലയും ഇടിച്ചു നിരത്തി മണ്ണും വെള്ളവും കൊള്ളയടിച്ചു.
സാമ്പത്തിക ക്രയവിക്രങ്ങള്‍ മാഫിയാവല്‍ക്കരിക്കപ്പെട്ടതിന് സമാന്തരമായി രാഷ്ട്രീയത്തിലും അതിന്റെ ഇരുള്‍ ബാധിച്ചു. കേരളത്തിലും രാഷ്ട്രീയ നേതാക്കളുടെ കുടുംബാഗങ്ങളും പാര്‍ശ്വവര്‍ത്തികളും മുന്‍പില്ലാത്തവണ്ണം പുത്തന്‍ പണക്കാരും അധോലോകവും കണ്ണിചേര്‍ന്ന സാമ്പത്തിക ക്രയവിക്രങ്ങളില്‍ പങ്കാളികളായി. ഈ അധോലോക ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കൊള്ളക്കൊടുക്കകളിലും പക്ഷഭേദങ്ങള്‍ ഇല്ലാതായി. “രാഷ്ട്രീയമായ ദൗത്യങ്ങളും ഉത്തരവാദിത്വങ്ങളും”ഇല്ലാത്ത കാലങ്ങളില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പരസ്പരം ഇടപെടാന്‍ മറ്റു വഴികള്‍ തുറന്നിടപ്പെട്ടു.
ഉപജാപക സംഘങ്ങളുടെ ഇടപെടലും നേതാക്കളുടെ കമ്മ്യൂണിസ്റ്റു മൂല്യങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മ്മയും ചേര്‍ന്ന ഒരു വിശ്വാസത്തകര്‍ച്ച പാര്‍ട്ടി അണികള്‍ക്കിടയില്‍ വ്യാപകമാണ്. അതിന്റെ പ്രതിഫലനമായിരുന്നു 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തില്‍ പൊതുവിലും, വിശേഷിച്ചു മലബാറിലും കണ്ട തുടര്‍ച്ചയായ സി.പി.ഐ.എം പിന്നോട്ടടികള്‍.
പശ്ചിമ ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ സാമ്പത്തിക,”വികസന” നയങ്ങളിലെ വ്യതിയാനവും തെരഞ്ഞെടുപ്പ് പരാജയങ്ങളും, ആവര്‍ത്തിച്ചു തിരുത്തിയിട്ടും തിരുത്താവാനാവാത്ത തെറ്റുകളും ഈ പിന്നോട്ടടികളെ കൂടുതല്‍ ഗുരുതരമാക്കി. ഈ അവിശ്വാസത്തില്‍ നിന്നുള്ള അതിജീവനമാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയം എന്ന വിലയിരുത്തിയാല്‍ വസ്തുതകള്‍ക്ക് നിരക്കുന്നതാവില്ല.
ഇതിനിടയില്‍ കണ്ണൂരില്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെയും കൊലപാതകങ്ങളെയും ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ നിന്നു വേണം മനസ്സിലാക്കാന്‍. സംഘര്‍ഷങ്ങളാല്‍ ദൈനംദിന ജീവിത ദുഷ്‌കരമാവുക, അത് സൃഷ്ടിക്കുന്ന ഭീതിയുടെ കാര്‍മേഘങ്ങള്‍ സമൂഹ മനസിന്റെ നീലാകാശങ്ങളില്‍ ഇരുള്‍ പടര്‍ത്തുക, ഒരു സമൂഹത്തിന്റെ സമീപ ഭൂതകാലത്തിലെ വര്‍ണ്ണാഭമായ നവോത്ഥാന യത്‌നങ്ങള്‍ പോലും വിസ്മൃതമാവുക.
ഗുണ്ടര്‍ട്ടും ചൂര്യയി കണാരനും വാഗ്ഭടാനന്ദനും ആനന്ദതീര്‍ഥനും കൗമുദി ടീച്ചറും മൂര്‍ക്കോത്തു കുമാരനും മൊയാരത്തും സി.എഛ്. കണാരനും മറ്റും സാമ്രാജ്യത്വ വിരുദ്ധ സമരത്തിലെ രക്തസാക്ഷികളും ഉള്‍പ്പെട്ട ചരിത്രം മാറാല പിടിച്ചു കിടക്കുകയും ചെയ്യുമ്പോള്‍ ഫാസിസ്റ്റ് ഭൂതം പിടിമുറുക്കുക തന്നെ ചെയ്യും.
ഈ ചരിത്രത്തിന്, സഹോദരഹത്യകളും കൊടി സുനിമാരും പകരമാവില്ലെന്ന തിരിച്ചറിവ് ഇടതുപക്ഷ പ്രസ്ഥാനത്തിന് അനിവാര്യമാണ്. കാരണം, ചരിത്രത്തിന്റെ ഭാരമില്ലാത്ത, ചരിത്രനിരപേക്ഷമായ വര്‍ത്തമാനത്തില്‍ വ്യാമുഗ്ദതകളില്‍ ആര്‍മ്മാദിക്കാനാണ് നവലിബറല്‍ കാലം നമ്മെ ശീലിപ്പിക്കുന്നത്. ഈ ചരിത്രം മറക്കുകയും മറയ്ക്കുകയുമാണ് സംഘ്പരിവാറിനും ആവശ്യം.