'എനിക്ക് ഹിന്ദി മനസിലാകില്ലെന്ന് കരുതരുത്'; സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് നിര്‍മലാ സീതാരാമന്‍
national news
'എനിക്ക് ഹിന്ദി മനസിലാകില്ലെന്ന് കരുതരുത്'; സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് നിര്‍മലാ സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th November 2018, 10:07 am

ഭോപ്പാല്‍: സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം പരിഹാസാത്മകമായ രീതിയിലാണെന്ന് ആരോപിച്ചായിരുന്നു മന്ത്രി കുപിതയായത്.

കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് എന്‍.ഡി.എ സര്‍ക്കാര്‍ അത് ഇപ്പോഴും ചെണ്ടകൊട്ടി നടക്കുന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

നിങ്ങള്‍ വളരെ പരിഹാസം കലര്‍ന്ന രീതിയിലാണ് ഈ ചോദ്യം ചോദിച്ചതെന്നും അത് തന്നെ വേദനിപ്പിച്ചെന്നുമായിരുന്നു മന്ത്രി ആദ്യം മറുപടി നല്‍കിയത്. “”ബിന്‍ബജായെ”” എന്ന വാക്കാണ് നിങ്ങള്‍ ഉപയോഗിച്ചത്. എനിക്ക് ഹിന്ദിയറിയില്ലെന്ന് നിങ്ങള്‍ കരുതരുത് എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി.

മധ്യപ്രദേശിലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിലും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 2016 ല്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കേന്ദ്രസര്‍ക്കാരിന്റെ വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.


Dont Miss റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണം; കുടുംബവുമായി ഫോണില്‍ സംസാരിക്കണമെന്നും സുരേന്ദ്രന്‍


ഇത്തരം ഒരു ഓപ്പറേഷനെക്കുറിച്ച് ജനങ്ങളോട് സംസാരിക്കേണ്ടതുണ്ടോയെന്നും അത് സൈനികരുടെ താല്പര്യത്തിലാണോയെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലേയെന്നും ഇദ്ദേഹം ചോദിച്ചിരുന്നു.

“”എല്ലാ ജനങ്ങളും ഇതിനെ ഉയര്‍ത്തിക്കാട്ടും. ഒരു ശത്രുവിനെ ഇല്ലാതാക്കുന്നതില്‍ നമുക്ക് നാണക്കേടാണോ തോന്നേണ്ടത്? തീവ്രവാദികളുടെ സഹായത്തോടെയാണ് അവര്‍ നമ്മുടെ സൈന്യത്തെ ആക്രമിച്ചത്. നമ്മള്‍ അവരുടെ ക്യാമ്പ് തന്നെ ടാര്‍ഗറ്റ് ചെയ്തു.

നമ്മുടെ ഭാരതത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈന്യകരെ ഓര്‍ത്ത് നമ്മള്‍ അഭിമാനിക്കണം. അവരുടെ വീരമൃത്യുവിന് മുന്‍പില്‍ നമ്മള്‍ തലകുനിക്കണം. അല്ലാതെ അതില്‍ നമുക്ക് നാണക്കേട് തോന്നുകയല്ല വേണ്ടത്. നിങ്ങള്‍ വളരെ പരിഹാസം കലര്‍ന്ന രീതിയിലാണ് ആ ചോദ്യം ചോദിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെങ്കില്‍ അവരും ഇത് ഉയര്‍ത്തിക്കാണിക്കുക തന്നെ ചെയ്യുമായിരുന്നെന്നും മന്ത്രി പറഞ്ഞു.