കൊച്ചി: ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ സിനിമയിലേക്കുള്ള ഗംഭീരമായ തിരിച്ചുവരവായിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രം. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ച മേജര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എന്നാല്‍ തന്നെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും ഇതിന്റെ ഭാഗമായി ചിത്രം ചെയ്യില്ലെന്ന് ആദ്യം തീരുമാനിച്ചിരുന്നെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപി ഇക്കാര്യം തുറന്നുപറഞ്ഞത്. ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പായി തന്റെ വീട്ടില്‍ ഒരു സന്ദര്‍ശകനെത്തിയെന്നും അദ്ദേഹം പറഞ്ഞ കാര്യം കേട്ട് അതിയായ വിഷമം തോന്നിയെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
സന്ദര്‍ശകന്‍ പറഞ്ഞ കാര്യം കേട്ട് തനിക്ക് അതിയായ വിഷമം തോന്നിയെന്നും തുടര്‍ന്ന് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
താന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും അത് ആരാണെന്ന് ഇപ്പോഴും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ചാല്‍ എല്ലാം തിരുത്തിപ്പറയും. അന്ന് അവര്‍ എന്റെ നല്ല പ്രവര്‍ത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അപ്പോള്‍ അതെല്ലാം മുകളിലിരുന്ന് കേട്ടുകൊള്ളാമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
‘വരനെ ആവശ്യമുണ്ട്’ സിനിമ സെപ്റ്റംബര്‍ 30ന് തുടങ്ങണമെന്നത് അനൂപ് സത്യന്റെ നിര്‍ബന്ധമായിരുന്നു. ഒന്നാം തീയതി ചെന്നൈയ്ക്കുപോകാന്‍ തീരുമാനിക്കുന്നു. രണ്ടാം തീയതിയാണ് എന്റെ ഷൂട്ട് തുടങ്ങുന്നത്. ചെന്നൈയിലെ സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടില്‍ ഒരു സന്ദര്‍ശകനെത്തി. അദ്ദേഹം ഒരു കാര്യം പറഞ്ഞു, അതുകേട്ട് അതിയായ വിഷമം തോന്നിയിട്ട് അനൂപിനെ വിളിച്ചു, ഈ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. എനിക്ക് അഡ്വാന്‍സും തന്നിട്ടില്ലായിരുന്നു. നിനക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞു.
അപ്പോള്‍ അനൂപ് പറഞ്ഞു, ‘സര്‍ വന്നില്ലെങ്കില്‍ ഈ സിനിമ ഞാന്‍ ചെയ്യില്ല. ഇത് മുടങ്ങിയാല്‍ അതിന്റെ പാപം ഞാന്‍ സാറിന്റെ മുകളില്‍ ഇടും. സര്‍ ഇല്ലെങ്കില്‍ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട. ഈ സിനിമ നിര്‍ത്തുന്നു.’ അനൂപിന്റെ വാക്കുകള്‍ മനസ്സില്‍ കൊണ്ടു. അവിടെ എനിക്ക് വാശി വന്നു.
സന്ദര്‍ശകനോട് മുഖത്തുനോക്കി പറഞ്ഞു, ‘നിങ്ങള്‍ നിങ്ങളുടെ പണിനോക്കി പോകുക, ഞാന്‍ ഇത് ചെയ്തിരിക്കും.’ പിറ്റേ ദിവസം ഞാന്‍ ചെന്നൈയ്ക്ക് പോയി. അപ്പോഴും എനിക്ക് അഡ്വാന്‍സ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ 10,000 രൂപ അഡ്വാന്‍സ് തന്നിട്ട്, സര്‍ കയ്യില്‍ ഇപ്പോള്‍ ഇതേ ഉള്ളൂ എന്ന് അറിയിച്ചു. അനൂപ് ആണ് ആ പൈസ എനിക്ക് തരുന്നത്. അതുമതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂര്‍ത്തിയാക്കുന്നത്.
ഞാന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അത് ആരാണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ഞാന്‍ മരിച്ചാല്‍ എല്ലാം തിരുത്തിപ്പറയും. അന്ന് അവര്‍ എന്റെ നല്ല പ്രവര്‍ത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അപ്പോള്‍ അതെല്ലാം മുകളിലിരുന്ന് ഞാന്‍ കേട്ടുകൊള്ളാം.