ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ട സെഭവം ആസൂത്രിതമെന്ന് പൊലീസ്. പൊലീസ് ഡ്രൈവറുടെ നിര്‍ണായക മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.
“”അതിര്‍ത്തി മതിലിനടുത്ത് സുബോധ് സിങ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തെ പൊക്കിയെടുത്ത് ഞാന്‍ പൊലീസ് ജീപ്പിലേക്ക് കൊണ്ടുപോയി. വണ്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ഡ്രൈവര്‍ പറഞ്ഞു.ഭരണകൂടത്തിനെതിരെ ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് സുബോധ് സിങിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസ് ഡ്രൈവറുടെ മൊഴി പുറത്ത് വന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പൊലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങ് മരിച്ചതിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് ആദ്യം രംഗത്തെത്തിയത് സഹോദരിയാണ്. ദാദ്രിയില്‍ അഖ്‌ലാകിനെ അടിച്ച് കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ കൊലപാതകം ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ജിപ്പ് ഇട്ടിട്ട് ഓടുക മാത്രമാണ് തന്റെ മുമ്പിലുണ്ടായിരുന്ന ഏക വഴിയെന്ന് ഡ്രൈവര്‍ രാം ആശ്രെ മൊഴി നല്‍കി. കരിമ്പുവയലില്‍ മറഞ്ഞിരുന്നാണ് അക്രമികള്‍ വെടിവെച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു. കല്ലേറിന് പുറമെ മുട്ടയേറും ഉണ്ടായെന്ന് രാം പറയുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് സുബോധ് സിംഗിനെ ഞങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചത്.
ALSO READ:രഹ്നാ ഫാത്തിമയുടെ അറസ്റ്റ് ലിംഗ നീതിയ്ക്ക് എതിര്: സാറാ ജോസഫ്
ബി.ജെ.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ചില പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് അടക്കം രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. ദാദ്രിയിലെ അഖ്‌ലാകിന്റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന സുബോധ് സിങിനെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും സംശയിക്കുന്നു.
സുബോധ് സിങിനെ തനിച്ചാക്കി മറ്റ് പൊലീസുകാര്‍ രക്ഷപ്പെട്ടതിനെകുറിച്ച് അന്വേഷിക്കുമെന്ന് മീററ്റ് എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് ആസൂത്രിത ഗൂഢാലോചന ഉണ്ടായെന്നാണ് സഹോദരിയുടെ ആരോപണം.
ആക്രമണത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബി.ജെ.പി. നേതാവ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 28 പേര്‍ക്കെതിരേയും തിരിച്ചറിയാനാകാത്ത 60 പേര്‍ക്കെതിരേയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.