‘പൂച്ചെണ്ട് വേണ്ട പുസ്തകം മതി’; ഉപഹാരം ലഭിച്ച പുസ്തകങ്ങള്‍കൊണ്ടൊരു ലൈബ്രറി സ്വപ്നമെന്ന് ഹേമന്ദ് സോറന്‍
റാഞ്ചി: പൊതുപരിപാടികള്‍ക്കായി എത്തുമ്പോള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നതിന് പകരം പുസ്തകം നല്‍കിയാല്‍ മതിയെന്ന് നേരത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ നിലപാടെടുത്തിരുന്നു.
ഇത്തരത്തില്‍ തനിക്ക് ലഭിക്കുന്ന പുസ്തകങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന ഒരു ഗ്രന്ഥശാല ആരംഭിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഹേമന്ദ് സോറന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നെ തന്നെ സോറന്‍ ട്വിറ്ററിലൂടെ പുസ്തകം സമ്മാനിക്കുന്നതാണ് ഇഷ്ടമെന്ന് വ്യക്തമാക്കിയിരുന്നു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ആഗ്രഹം പരിഗണിച്ച് പൊതുപരിപാടികളില്‍ നിരവധി പുസ്തകങ്ങളാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുന്നത്.
ചരിത്രം, സാമൂഹിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പുസ്തകം ഹേമന്ദ് സോറന് ഇതിനോടകം തന്നെ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ‘ടാറ്റാ സണ്‍സ്’ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ ജംഷട് ജി ടാറ്റയെ കുറിച്ചുള്ള ഒരു പുസ്തകം അദ്ദേഹത്തിന് നല്‍കിയിരുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേകം ഗ്രന്ഥശാലകള്‍ ആരംഭിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ജാര്‍ഖണ്ഡ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പുസത്കങ്ങള്‍ പുച്ചെണ്ടുകള്‍ക്ക് പകരം സ്വീകരിക്കാന്‍ ഹേമന്ദ് സോറന്‍ തീരുമാനിക്കുന്നത്.
ജാര്‍ഖണ്ഡിലെ ഡീഗോറില്‍ വ്യക്തികള്‍ സംഭാവന ചെയ്ത പുസ്തകങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ഒരു ലൈബ്രറി കണ്ടതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം ഉപഹാരം ലഭിച്ച പുസ്തകങ്ങള്‍ കൊണ്ട് ഒരു ലൈബ്രറി നിര്‍മിക്കണമെന്ന ആശയത്തില്‍ എത്തിയത്.