കൊച്ചി: അഞ്ച് ആഴ്ചകള്‍കൊണ്ട് അമ്പത് കോടി കളക്ഷന് നേടിയ മലയാള ചിത്രമാണ് അഞ്ചാം പാതിര. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ വെച്ച് മികച്ച ത്രില്ലറായാണ് ചിത്രം പരിഗണിക്കപ്പെടുന്നത്.
ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ സ്ഥിരീകരിച്ചത്. ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും മിഥുന്‍ മാനുവല്‍ തന്നെയാണ്.
കേരളത്തില്‍ നടന്ന ചില സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ചിത്രം ഒരുക്കിയത്. അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനല്‍ സൈക്കോളജിസ്റ്റിനെയായിരുന്നു ചാക്കോച്ചന്‍ അഞ്ചാം പാതിരയില്‍ അവതരിപ്പിച്ചത്. വേട്ടക്ക് ശേഷം ചാക്കോച്ചന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായിരുന്നു് അന്‍വര്‍ ഹുസൈന്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഞ്ചാംപാതിരയിലെ നായകനായ കുഞ്ചാക്കോ ബോബന്‍.
തനിക്ക് ഹിന്ദിയും സംസാരിക്കാന്‍ അറിയാമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് പറഞ്ഞെന്നായിരുന്നു ചാക്കോച്ചന്റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചാക്കോച്ചന്റെ മറുപടി. ‘ഹിന്ദി മുചേ ഭി മാലും ഹെ’ എന്നായിരുന്നു ചിരിച്ച് കൊണ്ട് ചാക്കോച്ചന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
അതേസമയം ഹിന്ദിയില്‍ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി റീമേക്കിന്റെ നിര്‍മാണം റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ആഷിക്ക് ഉസ്മാനും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
മലയാളത്തില്‍ ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദായിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ശ്രീധരന്റെ എഡിറ്റിങും ഏറെ പ്രശംസകള്‍ നേടിയിരുന്നു.
ഉണ്ണിമായ, രമ്യ നമ്പീശന്‍, ദിവ്യ ഗോപിനാഥ്, ജിനു ജോസഫ്, ഷറഫുദ്ദീന്‍, മാത്യു തോമസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക