ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റൈന്‍ മണ്ണിലേക്ക് മൂന്നാമത്തെ ലോകകിരീടമെത്തിയത്. ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ഖത്തറില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ ലോകമെന്നാകെ അവര്‍ക്കായി കയ്യടിച്ചു.
ലോകകപ്പ് മാത്രമല്ല മെസിയിലൂടെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും എമിലിയാനോ മാര്‍ട്ടീനസിലൂടെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരവും അര്‍ജന്റീനയിലേക്കെത്തി.
ഗോള്‍ഡന്‍ ബോള്‍ മാത്രമായിരുന്നില്ല ഗ്രൂപ്പ് ഘട്ടത്തിലടക്കം നാല് തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും മെസി നേടിയിരുന്നു. എന്നാല്‍ സെമി ഫൈനല്‍ മത്സരത്തിന് ശേഷം മെസിയോട് ഇനി മികച്ച താരത്തിനുള്ള പുരസ്‌കാരം നേടരുതെന്ന് തമാശപൂര്‍വം താന്‍ പറഞ്ഞിരുന്നതായി വെളിപ്പെടുത്തുകയാണ് എമിലിയാനോ മാര്‍ട്ടീനസ്.
ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റുമായി മികച്ച പ്രകടനം പുറത്തെടുത്ത മെസി തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.
സ്‌പോര്‍ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എമിലിയാനോ മെസിയുടെ പ്രകടനത്തെ കുറിച്ച് സംസാരിച്ചത്.
‘ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടരുതെന്ന് ഞാന്‍ മെസിയോട് പറഞ്ഞിരുന്നു. കാരണം ഇതൊരുപാടായി മെസി പുരസ്‌കാരം വാങ്ങിക്കൂട്ടുന്നു,’ എമിലിയാനോ പറഞ്ഞു.
മെസിക്കായി ലോകകപ്പ് നേടിക്കൊടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും മാര്‍ട്ടീനസ് വെളിപ്പെടുത്തി.
‘ഞങ്ങളെല്ലാവരും ചേര്‍ന്ന് മെസിയെ ലോകകപ്പ് നേടാന്‍ സഹായിച്ചതില്‍ എനിക്കേറെ സന്തോഷമുണ്ട്. മെസി കളി തുടരണമെന്നും ഖത്തറിലേത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് ആയിരിക്കരുത് എന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഖത്തര്‍ ലോകകപ്പിലെ ഫൈനലിന് ശേഷം അദ്ദേഹത്തോട് ഞങ്ങളോടൊപ്പം തുടരാനാണ് ഞാന്‍ പറഞ്ഞത്. ഇനിയും കളി തുടരണം, ഇനിയുമേറെ കിരീടങ്ങള്‍ കൊണ്ടുവെക്കാന്‍ ഇവിടെ സ്ഥലമുണ്ട്,’ മാര്‍ട്ടീനസ് പറഞ്ഞു.