കൊല്‍ക്കത്ത: കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.
കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാമെന്ന് അമിത് ഷായോട് നേരത്തെ തന്നെ പറഞ്ഞതാണെന്നും എന്തുകൊണ്ടാണ് അതിന് അദ്ദേഹം തയ്യാറാകാത്തതെന്നും മമത ബാനര്‍ജി ചോദിച്ചു.
റെയില്‍വേ മന്ത്രി അതിഥി തൊഴിലാളികളെ ട്രെയിനില്‍ സംസ്ഥാനത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കുകയാണെന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാളിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി കേന്ദ്രസേനയെ അയക്കണമെന്ന് ഞാന്‍ അമിത് ഷായോട് പറഞ്ഞതാണ്. നിങ്ങള്‍ക്ക് അതുമായി മുന്നോട്ടുപോകാമെന്നും ഞാന്‍ പറഞ്ഞു.പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൃത്യമായിട്ടല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അതില്‍ ഇടപെടാതിരുന്നത്. നിങ്ങള്‍ക്ക് സ്വയം തന്നെ ഇക്കാര്യത്തില്‍ ഇടപെടാമല്ലോ? എനിക്ക് പ്രശ്‌നമൊന്നും ഇല്ല. എന്നാല്‍ അദ്ദേഹം പറഞ്ഞത് അതിന്റെ ആവശ്യമൊന്നും ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ മാറ്റി നിര്‍ത്തി ഞങ്ങള്‍ എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യുക എന്നുമാണ് ‘, മമത പറഞ്ഞു.
അതിഥി തൊഴിലാളികളേയും വഹിച്ചുള്ള ട്രെയിനുകള്‍ പശ്ചിമബംഗാളിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും സര്‍ക്കാരും തമ്മില്‍ വാഗ്വാദം തുടരുന്നതിനിടെയായിരുന്നു മമതയുടെ പ്രതികരണം.
ഇതിനിടെ സര്‍ക്കാര്‍ കൊവിഡിനെ നേരിടുന്ന രീതിയില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്ന് കാണിച്ച് അമിത് ഷാ എഴുതിയ കത്ത് മമത മറുപടി നല്‍കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായക്കെതിരെ കടുത്ത വിമര്‍ശനവുമായി മമത രംഗത്തെത്തിയത്.
‘ സാധാരണ നിലയില്‍ ഞാന്‍ ഇങ്ങനത്തെ കാര്യങ്ങളൊന്നും ആളുകളോട് പറയാത്തതാണ്. എന്നാല്‍ സാഹചര്യം ഇങ്ങനെ ആയ സ്ഥിതിക്ക് എനിക്ക് അമിത് ഷാ യോട് പറയാനുള്ളത് നിങ്ങള്‍ സ്വയം സൂക്ഷിച്ചോളൂ എന്ന് മാത്രമാണ്. നിങ്ങളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ട്രെയിനുകളും വിമാനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു.
അപ്പോള്‍ ജനങ്ങള്‍ എന്താണ് ചെയ്യുക, അവരുടെ കാര്യം എങ്ങനെയാണ്. എനിക്ക് മോദിയോടും അമിത് ഷായോടും പറയാനുള്ളത് കൊവിഡ് പടരുന്നത് എങ്ങനെയെങ്കിലും തടയണം എന്നാണ്. ഇവിടെ ഇപ്പോള്‍ തന്നെ ഒരു ലക്ഷം കേസുകള്‍ കടന്നു. ചിലര്‍ രാഷ്ട്രീയം കളിക്കാനായി കൊവിഡ് പടര്‍ത്തുകയാണ്. ബീഹാറിനെ ഇത് ബാധിച്ചിരിക്കുന്നു, രാജസ്ഥാന്‍ മധ്യപ്രദേശ്..എല്ലായിടത്തും ഇത് വ്യാപിച്ചിരിക്കുന്നു. ഇത്തരമൊരു ദുരന്തസമാനമായ സാഹചര്യത്തില്‍ എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്? വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്നാണ് എനിക്ക് പറയാനുള്ളത്’, മമത പറഞ്ഞു.
കൊവിഡ് കാര്യമായി ബാധിച്ച മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളുമായി ട്രെയിനുകള്‍ പശ്ചിമ ബംഗാളിലേക്ക് അയച്ച കേന്ദ്രനടപടിക്കെതിരെ മമത രംഗത്തെത്തിയിരിക്കുന്നു.
ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കൊവിഡിനെ നിയന്ത്രിക്കുക വെല്ലുവിളിയാണെന്നും ഈ അവസ്ഥയില്‍ കൊവിഡ് ബാധിത മേഖലകളില്‍ നിന്നും ആളുകളെ സംസ്ഥാനത്ത് എത്തിക്കരുതെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അവഗണിച്ചിരുന്നു.
2021 ലെ അസംബ്ലി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തൃണമൂല്‍ സര്‍ക്കാരിനെ മനപൂര്‍വം പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്നും രാഷ്ട്രീയമായി എന്നെ വേട്ടയാടാനാണ് അവരുടെ ശ്രമമെന്നും എന്നാല്‍ പശ്ചിമബംഗാളിനെയാണ് ഇത് ബാധിക്കുന്നതെന്നും മമത പറഞ്ഞു.
ഞങ്ങള്‍ ഒരു വശത്ത് കൊറോണയുമായി പോരാടുന്നു, മറുവശത്ത് ചുഴലിക്കാറ്റ്. അവര്‍ ഈ ട്രെയിനുകളെല്ലാം ഇതിനിടെ അയയ്ക്കുകയാണ്. റെയില്‍വേ മന്ത്രാലയത്തിന് ഉത്തരവാദിത്തബോധമില്ലേ? ഇത്തരത്തില്‍ ആളുകളെ അയയ്ക്കുന്നതിന് മുമ്പ് അവര്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് അവര്‍ ഞങ്ങളെ സമീപിക്കാത്തത്?
ഞങ്ങള്‍ ഒരു പ്രകൃതിദുരന്തത്തിന്റെ നടുവിലാണ്. ദുരന്തമോ ജനങ്ങളുടെ കഷ്ടപ്പാടുകളോ അവര്‍ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളോ എന്താണ് ഞാന്‍ ചെയ്യേണ്ടത്, മമത ചോദിച്ചു.
എന്നാല്‍ കുടിയേറ്റക്കാരെ തിരിച്ചെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പാണ് മമതയുടെ ഈ പ്രതികരണത്തിന് കാരണമെന്നാണ് ബംഗാള്‍ ബി.ജെ.പി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക