ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല, പിന്നെ ക്രൈംബ്രാഞ്ച് എന്റെ മൊഴി തെറ്റായിട്ടാണ് കൊടുത്തത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തന്നെയല്ല ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ വഴിക്കുള്ളതാണെന്നാണ് എന്റെ ധാരണ മുഴുവനും
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രധാന സാക്ഷികളിലൊരാളും സി.പി.ഐ.എം മുതിര്‍ന്ന നേതാവുമായ ടി.കെ പളനി സംസാരിക്കുന്നു.
ഫേസ് ടു ഫേസ്
ടി.കെ പളനി| ജീജ സഹദേവന്‍
താങ്കളുടെ മൊഴി ക്രൈംബ്രാഞ്ച് വളച്ചൊടിച്ചതാണെന്ന് നിങ്ങള്‍ പറഞ്ഞതായി ചില മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് അതിന്റെ യാഥാര്‍ത്ഥ്യം?
ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല, പിന്നെ ക്രൈംബ്രാഞ്ച് എന്റെ മൊഴി തെറ്റായിട്ടാണ് കൊടുത്തത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തന്നെയല്ല ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ വഴിക്കുള്ളതാണെന്നാണ് എന്റെ ധാരണ മുഴുവനും.
ഞാന്‍ പ്രതികളുടെ പേര് പറഞ്ഞിട്ടില്ല എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു, അല്ലാതെ ഇന്നയാള്‍ ഞാന്‍ ഒന്നും സ്‌പെസിഫൈ ചെയ്ത് ആരോടും ആരെയും കുറിച്ച് പറഞ്ഞിട്ടില്ല.
കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്തത് ലതീഷ് ചന്ദ്രനും കൂട്ടരുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വിശ്വസിക്കുന്നുണ്ടോ?
മറുവശം ചോദിക്കാതെ, ഞാന്‍ പറഞ്ഞ കാര്യമാണ് പറയുന്നത്. തകര്‍ത്തത് ആരാണെന്ന് എനിക്കറിയില്ല. അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല
കൃഷ്ണപ്പിള്ള സ്മാരകം തകര്‍ക്കാന്‍ കാരണം സി.പി.ഐ.എം വിഭാഗീയതയാണെന്ന റിപ്പോര്‍ട്ടിനെ എങ്ങനെ കാണുന്നു?
കേസന്വേഷിക്കുന്നവര്‍ എത്തുന്ന നിഗമനത്തിന്റെ ശരിയും തെറ്റും എനിക്ക് പറയാന്‍ എങ്ങനെ കഴിയും ? വിഭാഗീയതയാണ് എന്ന് ഒരാള്‍ക്ക് എന്താണ് ഇന്ന കാരണത്താല്‍ എന്ന നിഗമനത്തില്‍ എത്തുന്നതിന് ഒരു കുഴപ്പവുമില്ല. ഇവിടുത്തെ വിഭാഗീയത എന്താണെന്ന് സംബന്ധിച്ച് എനിക്ക് അറിയില്ല. വിഭാഗീയത എന്നുള്ളത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ആശയപരമായ ഡീവിയേഷന്‍ ആണ്. അത്തരത്തില്‍ ഒരു ഡീവിയേഷന്‍ ഇവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ആര്‍ക്കെങ്കിലും വ്യക്തിപരമായ വിരോധം ആരോടെങ്കിലും ഉണ്ടോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് എനിക്കറിയില്ല.
എനിക്ക് പത്തറുപത് കൊല്ലക്കാലത്തെ പ്രവര്‍ത്തന പരിചയം ഉണ്ട്. അതിലൊന്നും തന്നെ പാര്‍ട്ടിയെ ഏകീകരിക്കാന്‍, ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയത്‌നത്തില്‍ പാര്‍ട്ടിയെ ഏകീകരിച്ച് അണിനിരത്തുന്നതില്‍ വേണ്ടിയുള്ള പരിശ്രമം മാത്രമേ എന്റെ ജീവിതത്തില്‍ നടത്തിയിട്ടുള്ളു. അതില്‍ എനിക്ക് വ്യത്യസ്തമായ ഏതെങ്കിലും ഒരു നിഗമനം പറയാനായിട്ട് ഇപ്പോള്‍ സാധിക്കില്ല.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട സംഭവം എന്റെ അടുത്ത പ്രദേശത്താണ് നടന്നത്. 2.5 കിലോമീറ്റര്‍ തെക്ക്. ഇവിടെ നടന്ന സംഭവം എന്നുള്ള നിലയ്ക്ക് എനിക്കുള്ള അഭിപ്രായം ഞാന്‍ എന്റെ പാര്‍ട്ടിക്ക് എഴുതി കൊടുത്തിട്ടുണ്ട്. ഞാന്‍ പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നയാളാണ്, അതുകൊണ്ട് പാര്‍ട്ടിക്ക് എഴുതിക്കൊടുത്തത് എന്താണെന്ന് മാധ്യമങ്ങളുമായി പങ്കുവെയ്‌ക്കേണ്ട ആവശ്യം ഇല്ല.
സി.പി.ഐ.എമ്മില്‍ വി.എസ് മാത്രമാണ് ലതീഷ് ചന്ദ്രനെ പിന്തുണച്ചത്.
നിങ്ങള്‍ പറയുന്നത് പോലെ ലതീഷ് ചന്ദ്രന്‍ അങ്ങനെ പാര്‍ട്ടീമെമ്പറൊന്നുമല്ല. നിങ്ങള്‍ പറയുന്നു ഇയാള്‍ പാര്‍ട്ടീക്കാരനാണ് പാര്‍ട്ടിക്കാരനാണ് എന്ന്, അങ്ങനെയൊന്നില്ല അയാള്‍ പാര്‍ട്ടീ മെമ്പറല്ല. പിന്നെ ഇത്രവലിയ സംഗതി പറയേണ്ട പ്രശ്‌നം എന്തിരിക്കുന്നു.
അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു ?
അത് നേരത്തെ, അത് വളരെ മുമ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്
വി.എസിന്റെ കൂടെ നിന്നതിന് തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് ഈ കേസ് എന്ന ലതീഷ് ചന്ദ്രന്റെ അഭിപ്രായത്തെ എങ്ങനെ കാണുന്നു?
അയാള്‍ അയാള്‍ക്ക് തോന്നിയത് പോലെ അഭിപ്രായം പറയുന്നു. ഞാന്‍ പറഞ്ഞത് ശ്രദ്ധിച്ചലോ ഈ പാര്‍ട്ടിയില്‍ ആശയപരമായ ഡീവിയേഷന്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ ആര്‍ക്കെങ്കിലും വ്യക്തി നിഷ്ടമായ വിഭാഗീയതയോ ഗ്രൂപ്പിസമോ തോന്നിയെങ്കില്‍, അതിന് ആരെങ്കിലും കൂട്ടുപിടിച്ചുവെങ്കില്‍ അതൊന്നും വലിയ ഒരു പ്രശക്തമായ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. കാരണം അതൊന്നും നിലനില്‍ക്കുന്ന ഒരു സംഗതിയല്ല.
മറ്റൊരു അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം തന്നെ പുറത്താക്കിയത് ശരിയല്ലെന്നാണ് ലതീഷ് ചന്ദ്രന്‍ പറയുന്നത്.
അയാള്‍ പാര്‍ട്ടി മെമ്പറല്ല, ഈ അടുത്ത കാലത്തൊന്നും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അയാള്‍ പാര്‍ട്ടീമെമ്പറല്ല. പിന്നെ അതേ സംബന്ധിച്ച് മറ്റെന്തെങ്കിലും നിലയ്ക്കുള്ള ഏറ്റെടുക്കല്‍, പിന്നെ ആളുകള്‍ക്ക് ഇങ്ങനെ തോന്നാന്‍ വയ്യേ ? ഏത് ഞാന്‍ ഇങ്ങനെ ഒരു വലിയ മഹാനാണ്, എന്നെ ഇങ്ങനെ വലിയ രീതിയില്‍ ടാര്‍ജറ്റ് ചെയ്യും എന്നൊക്കെ ആര്‍ക്കെങ്കിലുമൊക്കെ തോന്നിക്കൂടെ അങ്ങനെ പറയുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നൊന്നും എനിക്കറിയില്ല. തന്നെയുമല്ല അദ്ദേഹമിപ്പോള്‍ ഒരു പൊതുജനത്തില്‍പ്പെടുന്നയൊരാള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതെ സംബന്ധിച്ചൊക്കെ മറ്റുള്ളവര്‍ എന്തിനാ പ്രതികരിക്കുന്നത്. അത്രയ്ക്ക് എന്താ കാര്യം.
164ാം വകുപ്പനുസരിച്ച് താങ്കള്‍ മൊഴി നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണോ?
(ചിരി) അതിപ്പോള്‍ കോടതിയില്‍ കേസുവരുമ്പോള്‍ കേസ് ചാര്‍ജ്ജ് ചെയ്തയാളുകള്‍ എന്നെവിളിക്കുകയാണെങ്കില്‍ അല്ലെങ്കില്‍. നമ്മള്‍ ഈ രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിയമത്തിനും വിധേയനായി ജീവിക്കുന്നയാളുകളല്ലേ, അപ്പോള്‍ പോലീസ് ഒരു കേസെടുത്തു കേസിന് സാക്ഷി പറയുകയോ അല്ലെങ്കില്‍ ഇന്നയാളെ വിസ്തരിക്കണം എന്ന് പോലീസിന് തോന്നി അങ്ങനെ തോന്നിയാല്‍, നിങ്ങള്‍ അങ്ങനെ ചെയ്തുകൂട എന്ന് നമ്മള്‍ പറയുന്നത് കൊണ്ട് മാത്രമായോ പേലീസിന് പോലീസിന്റെതായിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും ഇല്ലേ. അവര്‍ വിളിച്ചാല്‍ ചിലപ്പോള്‍ കോടതിയില്‍ പോകും മൊഴി നല്‍കിയെന്നുമിരിക്കും.
കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതുപോലുള്ള ഒരു പ്രവൃത്തി താന്‍ ചെയ്യില്ലെന്ന് ലതീഷ് പറയുന്നു.
സംഭവം ഉണ്ടായി നടന്നെന്ന് പറഞ്ഞ് രാത്രി 2.30 ആയപ്പോള്‍ ഇങ്ങോട്ട് വിളിച്ചു. രാത്രി വിളിച്ചപ്പോള്‍ ഞാന്‍ പെട്ടെന്ന് സ്തംഭിച്ചുപോയി. ഒരു കാര്യവും ഇല്ലാതെ സംഭവിക്കേണ്ട സംഗതിയല്ലല്ലോ, ഇവിടെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയായിട്ട് സംഘര്‍ഷമില്ല മറ്റേതെങ്കിലും തരത്തിലുള്ള ഒരു അഭിപ്രായ വ്യത്യാസമോ ഈ പ്രദേശത്തില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ഞാന്‍ സ്തംഭിച്ചു. അന്ന് ലതീഷ് ചന്ദ്രനുമായി അടുപ്പക്കുറവൊന്നും ഇല്ല. എന്റെ വീടിന്റെ അടുത്താണ്. വല്ല മരണമോ വിവാഹമോ ഒക്കെയുണ്ടാകുമ്പോള്‍ എന്നെ വിളിക്കും പോണില്ലേയെന്ന് ചോദിക്കും അപ്പോ ഞാന്‍ പറയും എനിക്ക് കുറച്ച് പ്രായമായത് കാരണം ഈ വണ്ടിയൊക്കെ ഓടിച്ച് പോകാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഇയാള്‍ക്ക് ബൈക്ക് ഉണ്ട്. വന്നാല്‍ ഒരുമിച്ച് പോകാമെന്ന് പറയും. അങ്ങനെ ഒരുമിച്ച് പോകാറുമുണ്ട്. അതുപോലെ അന്നും ഞാന്‍ ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞു. അയാള്‍ വന്നു. ഞങ്ങള്‍ ഒരുമിച്ച് അവിടെ പോയി.
പോകുന്ന വഴിക്ക് ഞാന്‍ അദ്ദേഹത്തോട് ഇത് എന്താണ് സംഭവം എന്നു ചോദിച്ചു. കായിപ്പുറത്ത് ഇന്ദിരാ ഗാന്ധിയുടെ സ്മാരകം തകര്‍ത്ത ഒരു പ്രശ്‌നമുണ്ടായി എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു അതും ഇതും തമ്മില്‍ ബന്ധപ്പട്ടതാണോ എന്ന്. അതറിയില്ല, ബന്ധപ്പെട്ടതായിരിക്കുമല്ലോ മറ്റെന്തെങ്കിലുമൊരു കാര്യം ഇല്ലെങ്കില്‍ പിന്നെ അത് തന്നെ ആയിരിക്കുമല്ലോ. അത് സംബന്ധിച്ച് അങ്ങനെ അറിയില്ല എന്നയാള്‍ ഉത്തരം പറഞ്ഞു.
സ്ഥലത്ത് ചെന്നു അവിടെ കൂടിയിരുന്ന ആളുകളോട് എന്താ സംഭവം എന്നു ചോദിച്ചപ്പോള്‍ അവര്‍ക്ക് ആര്‍ക്കും ഒന്നും അറിയില്ല. വെളുപ്പാം കാലമാണ് കുറച്ച് സമയം നമ്മള്‍ അവിടെ നിന്നിട്ട് തിരികെ ഇങ്ങ് പോന്നു. ഇതാണ് സംഭവം. അല്ലാതെ വേറൊന്നും അതിനെപ്പറ്റി അറിയില്ല. അതിന് ശേഷം ലതീഷ് ഇങ്ങോട്ട് ബന്ധപ്പെടുകയോ അല്ലെങ്കില്‍ ഞാന്‍ ബന്ധപ്പെടുകയോ ഒന്നും ചെയ്തിട്ടില്ല. ഞാനല്ല വിളിക്കാറുള്ളത് മിക്കവാറും അയാളാണ് ഇങ്ങോട്ട് വിളിക്കുകയും പറയുകയും ഒക്കെ ചെയ്യാറുള്ളത്.
ലതീഷ് ചന്ദ്രനെതിരെ അന്വേഷണം വന്നത്?
(ചിരി) അത് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കുകയല്ലേ നല്ലത്.
ഇന്ദിരഗാന്ധി സ്മാരകം തകര്‍ത്ത സംഭവം?
അത് അവരുടെ പടം വച്ചിരുന്നു ഒരു പോസ്റ്ററാണ് തകര്‍ത്തത്. ഞാന്‍ ഇതേവരെ കണ്ടിട്ടില്ല അത്. അതിനെക്കുറിച്ച് കൂടുതലൊന്നൂം എനിക്ക് അറിയില്ല.
താങ്ങള്‍ അദ്ദേഹത്തിന്റെ പേര് പറയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ലതീഷ് ചന്ദ്രന്‍ ?
ഞാന്‍ പള്ളിക്കൂടത്തില്‍ പോയിട്ടുണ്ട്. പേര് വായിക്കാനും പറയാനും ഒക്കെ എനിക്കറിയാം. ഞാന്‍ എന്ത് പറയില്ല എന്ത് പറയും എന്ന് മറ്റൊരാള്‍ പറഞ്ഞാന്‍ ഞാന്‍ എന്താ ചെയ്യേണ്ടത്. ഞാന്‍ അയാളുടെ പേര് പറയുമെന്നോ പറയില്ലെന്നോ എന്നതിനെ സംബന്ധിച്ച് ഒരു കമന്റ് എന്താ ഞാന്‍ പറയുക? ഞാന്‍ അങ്ങനെ പറയില്ല, ഞാന്‍ അങ്ങനെ പറയും എന്ന് പറയുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ ?
ആരാണ് പ്രതികള്‍ എന്നാണ് താങ്കള്‍ കരുതുന്നത്. ?
തകര്‍ത്തവരാണ് പ്രതികള്‍… അതറിയാമെങ്കില്‍ ഈ പാട് വല്ലതും ഉണ്ടോ? പോലീസ് അന്വേഷിക്കേണ്ട കാര്യമില്ലല്ലോ, ഞങ്ങള്‍ പാര്‍ട്ടി എന്ന നിലയക്ക് അതിനൊരു തീരുമാനം ഉണ്ടാക്കില്ലേ? അത് പോലീസ് കണ്ടുപിടിക്കും. പോലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നാണ് എന്റെ ഉറച്ച ധാരണ.
ലതീഷിനെതിരെ പാര്‍ട്ടിയെടുത്ത നടപടി ശരിയാണെന്ന് തോന്നുന്നുണ്ടോ ?
പിന്നെ… പാര്‍ട്ടി എടുത്ത തീരുമാനം ഒരിക്കലും തെറ്റാകില്ലല്ലോ…