തലാഷ് എന്ന ചിത്രത്തില്‍ മകന്റെ മരണത്തിന് ശേഷം മാനസികനില താളം തെറ്റിയ ഒരു സ്ത്രീയുടെ കഥാപാത്രത്തെ അനശ്വരമാക്കിയ റാണി മുഖര്‍ജി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഏറെ സിലക്ടീവാണ്. വരുന്ന ഓഫറുകളെല്ലാം സ്വീകരിക്കാതെ തനിയ്ക്ക് പൂര്‍ണ തൃപ്തി തരുന്ന കഥാപാത്രങ്ങളേ ഏറ്റെടുക്കൂ എന്നാണ് താരം പറയുന്നത്.[]
എന്തെങ്കിലും ഒരു ചലഞ്ച് ആ ചിത്രത്തില്‍ തനിയ്ക്ക് ഉണ്ടെന്ന് തോന്നണം. വെറുതെ ഒരു സിനിമയുടെ ഭാഗമായിട്ട് കാര്യമില്ല. ഒരു പ്രത്യേക തരം കഥാപാത്രങ്ങളെ മാത്രം അഭിനയിച്ചാല്‍ പ്രേക്ഷകര്‍ക്കും അതിലുപരി എനിയ്ക്കും ബോറടിക്കാന്‍ തുടങ്ങും. മൂന്ന് നാല് വര്‍ഷം മുന്‍പ് തൊട്ടാണ് കഥാപാത്രത്തെ തീര്‍ക്കും സെലക്ടീവാക്കി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നും റാണി മുഖര്‍ജി പറയുന്നു.
ഒരു കഥാപാത്രം ചാലഞ്ചിങ് ആണെന്ന് തോന്നിയാല്‍ ഞാന്‍ വളരെ സന്തോഷവതിയാകും. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ കാണാന്‍ തന്നെയാണ് പ്രേക്ഷകര്‍ക്കും ഇഷ്ടം.
ഒരേ പോലത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ കൂടുതലായി ഒന്നും ചെയ്യുമെന്ന തോന്നല്‍ എനിയ്ക്ക് ഉണ്ടാകില്ല. ഒന്ന് മറ്റേതിന്റെ ആവര്‍ത്തനമായിപ്പോകും. എന്നെ തന്നെ അതിശയിപ്പിക്കുന്ന റോള്‍ ആയിരിക്കണം ചെയ്യേണ്ടതെന്നാണ് ആഗ്രഹം.
അത്തരത്തില്‍ എന്നെ സ്വാധീനിക്കാത്ത ഒരു തിരക്കഥയും ഞാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നില്ല. പിന്നെ എന്റെ കഥാപാത്രം മാത്രം നല്ലതായതുകൊണ്ട് സിനിമ മികച്ചതാവണമെന്നില്ല. എന്റെ കഥാപാത്രത്തോടൊപ്പം തന്നെ തിരക്കഥ മുഴുവനും ശക്തമല്ലെങ്കില്‍ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കില്ല- റാണി മുഖര്‍ജി പറഞ്ഞു.
17 വര്‍ഷത്തെ സിനിമ ജീവിതത്തിനിടെ നിരവധി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ഭാഗ്യം ലഭിച്ച താരമാണ് റാണി മുഖര്‍ജി. കുച്ച് കുച്ച് ഹോത്താ ഹെയിലെ കോളേജ് വിദ്യാര്‍ത്ഥിയും സാത്തിയയിലെ ഡോക്ടര്‍ കഥാപാത്രവും വീര്‍ സാരയിലെ വക്കീല്‍, യുവയിലെ വീട്ടമ്മ, ബ്ലാക്കിലെ അന്ധയായ സ്ത്രീ, നോ വണ്‍ കില്‍ഡ് ജസീക്കയിലെ ജേണലിസ്റ്റ് തുടങ്ങി റാണി അന്വശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്.