| Friday, 29th March 2024, 2:49 pm

കോൺ​ഗ്രസിന് 1,700 കോടിയെങ്കിൽ, ബി.ജെ.പിയുടെ കുടിശ്ശിക 4,600 കോടി; ആദയായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോൺ​ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്നത് നികുതി ഭീകരതയാണെന്ന് കോണ്‍ഗ്രസ്. 1,700 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ആദായനികുതി നിയമങ്ങളെയും ജനപ്രാതിനിധ്യ നിയമങ്ങളെയും ബി.ജെ.പി നോക്കുകുത്തി ആക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇതിനെതിരെ അടുത്ത ആഴ്ച സുപ്രീം കോടതിയെ സമീപക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ബി.ജെ.പി നല്‍കിയ കണക്കുകളില്‍ അവർ നടത്തിയ നിയമലംഗനം വ്യക്തമാണ്. കോണ്‍ഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാൽ ബി.ജെ.പിക്ക് 4,600 കോടി രൂപ പിഴ ചുമത്തണമെന്നും ജയറാം രമേശ് ഉള്‍പ്പെടയുള്ള നേതാക്കള്‍ ആരോപിച്ചു.

ഏഴ് വര്‍ഷത്തെ ബി.ജെ.പി നല്‍കിയ നികുതി കണക്ക് പരിശോധിച്ചതിന് ശേഷമാണ് ഇത്രത്തോളം തുക ബി.ജെ.പി നല്‍കാനുണ്ടെന്ന് മനസ്സിലായതെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞു.

‘നികുതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു നയവും ബി.ജെ.പിക്ക് മറ്റൊരു നയവുമാണ്. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം,’ അജയ് മാക്കന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിക്ക് പിന്നാലെ ആദായനികുതി വകുപ്പിന്റെ പുതിയ നോട്ടീസ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറി. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍, 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയും അടക്കം 1,700 കോടി രൂപ അടക്കണമെന്നാണ് നോട്ടീസ്.

2016-17 സാമ്പത്തിക വര്‍ഷത്തിലെ നികുതി പുനര്‍നിര്‍ണയത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി കോടതി തള്ളിക്കളഞ്ഞിരുന്നു. 2018-19 വര്‍ഷത്തെ നികുതി കുടിശ്ശികയായി കോണ്‍ഗ്രസിന്റെ അക്കൗണ്ടിൽ നിന്ന് 135 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Content Highlight: I-T dept should demand ₹4,600 crore from BJP: Congress’s big charge after fresh tax notices

We use cookies to give you the best possible experience. Learn more