നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷമാണ് ഇത്രയും തുക അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. 44 അക്കൗണ്ടുകളും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് തുടങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ന്യൂദല്‍ഹി: ചാന്ദ്‌നി ചൗക്കിലെ ആക്‌സിസ് ബാങ്കില്‍ 44 അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 100 കോടി രൂപ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തി.
നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷമാണ് ഇത്രയും തുക അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. 44 അക്കൗണ്ടുകളും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് തുടങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം രാജ്യതലസ്ഥാനത്തെ കശ്മീര്‍ ഗേറ്റിലുള്ള ആക്‌സിസ് ബാങ്കിന് പുറത്തുനിന്ന് 3.5 കോടിയുടെ കള്ളപ്പണവുമായി രണ്ടുപേര്‍ പിടിയിലായിരുന്നു.
അതിനിടെ ഗുജറാത്തില്‍ 76 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി പോകുന്നതിനിടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, മുംബൈയിലെ മട്ടുങ്കയില്‍ 85 ലക്ഷത്തിന്റെ രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളുമായി ഒരാള്‍ അറസ്റ്റിലായി.
ഇന്നലെ ചെന്നൈയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 10 കോടിയോളം രൂപയുടെ പുതിയ 2,000 രൂപ നോട്ടുകള്‍ അടക്കം 90 കോടിയിലേറെ രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. വ്യവസായികളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, അവരുടെ ഓഡിറ്റര്‍ പ്രേം എന്നിവരെ കസ്റ്റഡിയിലെടുത്തു. ചെന്നൈയിലും വെല്ലൂരിലുമായി എട്ടിടങ്ങളിലായിരുന്നു റെയ്ഡ്.