| Friday, 20th October 2023, 8:31 pm

'ജൂതയായ ഞാൻ ഫലസ്തീനികൾക്കൊപ്പം'; പ്ലക്കാർഡുമായി ഗ്രെറ്റ തൻബർഗും സുഹൃത്തുക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഫലസ്തീനും ഗസക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ്. അടിയന്തര വെടിനിർത്തലിനും ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനും ലോകമാവശ്യപ്പെടണമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഗ്രെറ്റ ആവശ്യപ്പെട്ടു.

ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ ക്യാമ്പയിന്റെ ഭാഗമായി ഓരോ വെള്ളിയാഴ്ചയും വിവിധ സാമൂഹിക വിഷയങ്ങൾ ഉന്നയിച്ച് ഗ്രെറ്റ സുഹൃത്തുക്കൾക്കും സാമൂഹ്യ സംഘടനകൾക്കുമൊപ്പം ചേർന്ന് പ്രതിഷേധിക്കാറുണ്ട്.

ഈ ആഴ്ച ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തങ്ങളുടെ സമരമെന്ന് ഗ്രെറ്റ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

‘ഇന്ന് ഫലസ്തീനും ഗസക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളുടെ സമരം. അടിയന്തര വെടിനിർത്തൽ, ഫലസ്തീനികൾ ഉൾപ്പെടെ ദുരിതത്തിൽപെട്ട ജനങ്ങളുടെ നീതി, സ്വാതന്ത്ര്യം എന്നിവക്കായി ലോകം മുന്നോട്ട് വരണം,’ സുഹൃത്തുക്കൾക്കൊപ്പം പ്ലക്കാർഡുകൾ പിടിച്ചുനിൽക്കുന്ന ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഗ്രെറ്റ പറഞ്ഞു.

‘ഈ ജൂത ഫലസ്തീനികൾക്കൊപ്പം നിൽക്കുന്നു,’ ‘സ്വതന്ത്ര ഫലസ്തീൻ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് ഗ്രെറ്റയും സുഹൃത്തുക്കളും ഫലസ്തീന് പിന്തുണ അറിയിച്ചത്.

ഫലസ്തീനെ എങ്ങനെയൊക്കെ സഹായിക്കാനാകും എന്ന് മനസ്സിലാക്കാൻ വിവിധ സംഘടകളുടെയും കൂട്ടായ്മകളുടെയും ഇൻസ്റ്റഗ്രാം വിലാസങ്ങളും ഗ്രെറ്റ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം താൻ പങ്കുവെച്ച പാവയുടെ ചിത്രം സെമിറ്റിക് വിരുദ്ധതയുടെ പ്രതീകമായി ചിത്രീകരിച്ചിരുന്നുവെന്നും ഇത് തെറ്റാണെന്നും ഗ്രെറ്റ പറഞ്ഞു. ആശയവിനിമയത്തിനായി ഓട്ടിസം ബാധിച്ച ആളുകൾ ഉപയോഗിക്കുന്ന പാവയാണ് അതെന്നും തെറ്റിദ്ധാരണ ഉണ്ടായതുകൊണ്ടാണ് താൻ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തതെന്നും ഗ്രെറ്റ പറഞ്ഞു.

എല്ലാതരം വിവേചനങ്ങൾക്കുമെതിരാണ് താനെന്നും സെമിറ്റിക് വിരുദ്ധ വികാരത്തെ താൻ അപലപിക്കുന്നുവെന്നും ഗ്രെറ്റ വ്യക്തമാക്കി.

Content Highlight: I stand with Palestine and Gaza says Greta Thunberg

We use cookies to give you the best possible experience. Learn more