| Thursday, 3rd October 2013, 3:52 pm

തന്റെ കക്കൂസ് പരാമര്‍ശം ആത്മവിശ്വാസത്തില്‍ നിന്നുണ്ടായത് മോഡിയുടേത് സമ്മര്‍ദ്ദത്തില്‍ നിന്നും: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: താന്‍ മുമ്പ് നടത്തിയ കക്കൂസ് പരാമര്‍ശത്തിന് സമാനമായ പരാമര്‍ശവുമായി എത്തിയ നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ജയറാം രമേശ്.

ഇന്ത്യയില്‍ അമ്പലങ്ങളേക്കാള്‍ ആദ്യം നിര്‍മിക്കേണ്ടത് കക്കൂസുകളാണെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. സമാന പരാമര്‍ശം നാളുകള്‍ക്ക് മുമ്പ് ജയറാം രമേശ് നടത്തുകയും വിവാദമാവുകയും ചെയ്തിരുന്നു.

” ഇന്ത്യയില്‍ അമ്പലങ്ങളേക്കാള്‍ അത്യാവശ്യം കക്കൂസുകളാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. മോഡി ഇരുപത് വര്‍ഷം മുമ്പ് ഇത് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെയായിരുന്നെങ്കില്‍ ബാബരി മസ്ജിദ് എന്ന ഘട്ടം ഉണ്ടാകുമായിരുന്നില്ല.” ജയറാം രമേശ് പറഞ്ഞു.

കക്കൂസ് പരാമര്‍ശം ഞാന്‍ നടത്തിയപ്പോള്‍ നിരവധി പേര്‍ എനിക്കെതിരേ തിരിഞ്ഞു. അന്ന് എനിക്കെതിരെ തിരിഞ്ഞവരില്‍ ആര്‍.എസ്.എസ്സും വി.എച്ച്.പിയുമുണ്ടായിരുന്നു. അവര്‍ എന്റെ വീട്ടിലേക്ക് മൂത്രമൊഴിച്ച കുപ്പികള്‍ വലിച്ചെറിഞ്ഞു.

ഇപ്പോള്‍ മോഡി സമാന പരാമര്‍ശം നടത്തിയപ്പോള്‍ ഇവരൊക്കെ എവിടെ പോയി എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. മോഡിക്ക് പെട്ടെന്ന് കക്കൂസുകളുടെ പ്രാധാന്യം മനസ്സിലായതും എന്നെ അത്ഭുതപ്പെടുത്തുന്നു. ജയറാം രമേശ് പറയുന്നു.

താന്‍ കക്കൂസുകള്‍ വേണമെന്ന് പറഞ്ഞത് ഉറച്ച ബോധ്യത്തിന്റെ പുറത്താണ്. മോഡിയാകട്ടെ, പ്രധാനമന്ത്രിയാകാന്‍ വേണ്ടി എന്തും വിളിച്ച് പറയുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more