ഗവര്‍ണറായിരുന്നപ്പോള്‍ തന്നെ പുല്‍വാമ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു; അമിത് ഷായെ തള്ളി സത്യപാല്‍ മാലിക്
national news
ഗവര്‍ണറായിരുന്നപ്പോള്‍ തന്നെ പുല്‍വാമ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു; അമിത് ഷായെ തള്ളി സത്യപാല്‍ മാലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2023, 9:28 am

ജയ്പൂര്‍: ഗവര്‍ണറായി അധികാരത്തിലിരുന്നപ്പോള്‍ പുല്‍വാമ ആക്രമണത്തെപ്പറ്റി എന്തുകൊണ്ടാണ് ഒരക്ഷരവും മിണ്ടാതിരുന്നത് എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചോദ്യത്തിന് മറുപടിയുമായി ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. താന്‍ അധികാരത്തില്‍ നിന്നൊഴിഞ്ഞതിന് ശേഷമല്ല, പുല്‍വാമ ആക്രമണം നടന്ന ദിവസം തന്നെ അതേക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരുന്നെന്ന് മാലിക് വ്യക്തമാക്കി.

മാലിക് പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ എന്തുകൊണ്ടാണ് ഗവര്‍ണറായിരുന്ന കാലത്ത് ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നും ഇപ്പോള്‍ എങ്ങനെയാണ് ഇതൊക്കെ ഓര്‍മ വന്നതെന്ന കാര്യം മാലിക്കിനോട് തന്നെ ചോദിക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കായാണ് പല പരാമര്‍ശങ്ങളും നടത്തുന്നതെന്നും അത് ജനങ്ങളും മാധ്യമങ്ങളും വിലയിരുത്തണമെന്നും ഷാ പറഞ്ഞിരുന്നു.

മറച്ച് വെക്കേണ്ടതായ ഒരു കാര്യവും കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ഷാ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ്  ആക്രമണം നടന്ന ദിവസം തന്നെ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിരുന്നു എന്ന് പറഞ്ഞ് മാലിക് രംഗത്തെത്തിയിരിക്കുന്നത്.

അദാനി വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അദ്ദേഹത്തിന് ദോഷം ചെയ്യുമെന്നും പുല്‍വാമ ആക്രമണത്തെക്കുറിച്ചും മോദി സംസാരിക്കണമെന്നും മാലിക് പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും നിലവിലെ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമല്ലെന്നും അവര്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും മാലിക് പറഞ്ഞു.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വസുന്ധരാ രാജെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും മാലിക് പറഞ്ഞു.

നേരത്തെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്ന സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹത്തെ സി.ബി.ഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു.

റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള കേസിലാണ് സി.ബി.ഐ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ബി.ജെ.പിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ മാലിക്കിനെ സി.ബി.ഐയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് പല പ്രതിപക്ഷ നേതാക്കളും ആരോപിച്ചിരുന്നു.

ദി വയറിന് നല്‍കിയ അഭിമുഖത്തിനിടെയാണ് 2019ലെ പുല്‍വാമ ഭീകരാക്രമണക്കേസിലെ മോദി സര്‍ക്കാരിന്റെ വീഴ്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മാലിക് രംഗത്തെത്തിയത്. ജവാന്മാര്‍ക്കായി സി.ആര്‍.പി.എഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം നിഷേധിച്ചെന്നും ഇന്റലിജന്‍സ് വീഴ്ചയുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് സൂചിപ്പിച്ചപ്പോള്‍ തന്നോട് മിണ്ടാതിരിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു.

സുരക്ഷ ഉപദേഷ്ടാവായിരുന്ന അജിത് ഡോവലും വിഷയം മൂടിവെക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ആക്രമണത്തെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിച്ചെന്നും സത്യപാല്‍ പറഞ്ഞിരുന്നു.

സത്യപാലിന്റെ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ പുല്‍വാമയിലെ 40 ജവാന്‍മാരുടെ മരണത്തില്‍ പ്രാഥമിക ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാരിനാണെന്ന് ആരോപിച്ച് മുന്‍ കരസേനാ മേധാവിയും രംഗത്തെത്തിയിരുന്നു.

Content Highlights: I spoke about the Pulwama attacks when i was govervor: satyapal malik