| Saturday, 9th June 2012, 10:30 am

ദിവസത്തില്‍ 18 മണിക്കൂറും ചിലവഴിക്കുന്നത് ടോയ്‌ലറ്റുകള്‍ക്കുവേണ്ടി: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദിവസത്തില്‍ 18 മണിക്കൂര്‍ താന്‍ ചിലവഴിക്കുന്നത് ടോയ്‌ലറ്റുകള്‍ക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. പോഷകാഹാരകുറവും, ടോയ്‌ലറ്റ് സൗകര്യമില്ലായ്മയുമാണ് നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഇതുരണ്ടും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

“തൊഴിലുറപ്പ് പദ്ധതിയും, കുടിവെള്ള പ്രശ്‌നവും പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുമൊക്കെ എന്റെ കീഴിലുണ്ടെങ്കിലും ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് ടോയ്‌ലറ്റിനുവേണ്ടിയാണ് ” ജയറാം രമേശ് പറഞ്ഞു.

” 24 മണിക്കൂറുള്ളതില്‍ 18 മണിക്കൂറും ഞാന്‍ ചിലവഴിക്കുന്നത് ടോയ്‌ലറ്റ് പ്രശ്‌നത്തിനുവേണ്ടിയാണ്”. ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ ഭാഷ സിംഗിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ജയറാം രമേശ് പറഞ്ഞു.

ടോയ്‌ലറ്റ് സൗകര്യമില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സ്വാതന്ത്ര്യം ലഭിച്ച് ആറ് പതിറ്റാണ്ടുകളായിട്ടും 7.5 ലക്ഷം ആളുകള്‍ ശൗച്യവസ്തുക്കള്‍ നീക്കം ചെയ്യുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നവരാണെന്നാണ് 2011 സെന്‍സസില്‍ നിന്നും വ്യക്തമായത്. രാജ്യത്ത് ജനങ്ങള്‍ ഇത്തരം ജോലി ചെയ്യുന്നത് ഇല്ലാതാക്കാനുള്ള ശ്രമമാണ് താന്‍ ആലോചിക്കുന്നത്. റെയില്‍വേയാണ് തങ്ങള്‍ക്ക് ഏറ്റവും വലിയ മറ്റൊരു തലവേദന. റെയില്‍വേയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതും മനുഷ്യരാണ്. ഇതും നമ്മള്‍ ഒഴിവാക്കണം. ഗ്രാമീണമേഖലയുടെ ഉത്തരവാദിത്തമാണ് തനിക്കുള്ളതെങ്കിലും നഗര പ്രദേശങ്ങളും ശ്രദ്ധിക്കും. സുലാഭ് പോലുള്ള സൗകര്യങ്ങള്‍ വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരെക്കുറിച്ചുള്ള പുസ്തകമാണ് അദൃശ്യ ഭാരത്.

35 ലക്ഷം രൂപ ചിലവില്‍ ആസൂത്രണ കമ്മീഷന്‍ രണ്ട് ടോയ്‌ലറ്റ് നവീകരിച്ച് അടുത്തിടെ വിവാദമായിരുന്നു. കമ്മീഷന്റെ ടോയ്‌ലറ്റ് ആര്‍ഭാടത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വി.ഐ.പി അതിഥികള്‍ക്ക് ശുചിത്വമുള്ള ടോയ്‌ലറ്റ് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ആസൂത്രണ കമ്മീഷന്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണം. ഈ സാഹചര്യത്തിലാണ് താന്‍ ടോയ്‌ലറ്റുകള്‍ക്കുവേണ്ടിയാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more