| Sunday, 25th February 2024, 4:38 pm

ദല്‍ഹി ഭരിക്കുന്ന എന്നെ നൊബേല്‍ നല്‍കി ആദരിക്കണം: കേന്ദ്രത്തിനെതിരെ കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭരണം നടത്തുന്ന തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയോട് കാണിക്കുന്ന വിവേചനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കെജ്‌രിവാളിന്റെ പ്രസ്താവന.

വെള്ളക്കരം സംബന്ധിച്ച ദല്‍ഹി സര്‍ക്കാരിന്റെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ ഭരണം നടത്താനുള്ള പാട് തനിക്ക് മാത്രമേ അറിയുള്ളുവെന്നും കേന്ദ്രത്തെ വിമർശിച്ച് കെജ്‌രിവാള്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയിലെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും നിര്‍മാണം തടയാന്‍ ശ്രമിച്ചു. പാവപ്പെട്ടവര്‍ക്കും അവരുടെ മക്കള്‍ക്ക് ലഭിക്കുന്ന അതേ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ദല്‍ഹിയില്‍ ഭരണം നടത്താനുള്ള പാട് തനിക്ക് മാത്രമേ അറിയുള്ളു. അതിന് എനിക്ക് നൊബേല്‍ സമ്മാനം ലഭിക്കണം’,കെജ്‌രിവാള്‍ പറഞ്ഞു.

കുടിശ്ശികയുള്ള വാട്ടര്‍ ബില്ലുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കാനുള്ള എ.എ.പി സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രം തടസപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തെ ഭയന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എ.എ.പി സര്‍ക്കാരില്‍ നിന്ന് ഉത്തരവുകള്‍ സ്വീകരിക്കുന്നില്ലെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരം വാട്ടര്‍ ബില്ലുകൾ അടക്കേണ്ടതില്ലെന്നും അവ കീറിക്കളയണമെന്നും കെജ്‌രിവാള്‍ ദല്‍ഹിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ദല്‍ഹിയില്‍ ജല ബില്ലിനെതിരെ എ.എ.പി എം.എല്‍.എമാരുടെ കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Contant Highlight: ‘I should get a Nobel prize for running govt in Delhi’: Arvind Kejriwal

We use cookies to give you the best possible experience. Learn more