മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രങ്ങളിലൊന്നാണ് എം.ടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ വൈശാലി. സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് ബാബു ആന്റണിയായിരുന്നു. ഇപ്പോള്‍ വൈശാലിയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് ബാബു ആന്റണി. അമൃത ടി.വിയുടെ ‘ഓര്‍മയില്‍ എന്നും ഭരതന്‍’ പരിപാടിയിലാണ് ബാബു ആന്റണി വൈശാലിയുടെ സമയത്തുള്ള അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
സിനിമയുടെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുമ്പോള്‍ തണുപ്പ് കാരണം ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടിയ തനിക്ക് എം.ടി. വാസുദേവന്‍ നായര്‍ റം നല്‍കിയെന്നും അത് കുടിച്ചതിന് ശേഷം തനിക്ക് കൃത്യമായി ഡയലോഗ് പറയാന്‍ പറ്റിയെന്നും ബാബു ആന്റണി പറയുന്നു. സമയോചിതമായൊരു ഇടപെടലായിരുന്നു ആ സമയത്ത് എം.ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ബാബു ആന്റണി പറഞ്ഞു.
‘ 20 ദിവസത്തെ ഷെഡ്യൂളായിരുന്നു ആ കൊട്ടാരത്തിന്റെ സംഭവങ്ങളൊക്കെ. ഈ വേഷമൊക്കെ ഇട്ട് ടെന്‍ഷനായി നില്‍ക്കുമ്പോള്‍ ഭരതന്‍ സാറ് പറഞ്ഞു, നീ ആര് പറയുന്നതും കേള്‍ക്കേണ്ട, നീ അങ്ങട് ചെയ്യെന്ന്. രണ്ട് മൂന്ന് പ്രാവശ്യം നടന്നു കാണിക്കാനൊക്കെ പറയും. അതൊക്കെ ചെയ്യും.
എം.ടി. പക്ഷെ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. പുള്ളിയെ കാണുമ്പോഴേക്കും എനിക്ക് ടെന്‍ഷനാകും. ഇത്രയും വലിയ, മഹാനായ എഴുത്തുകാരന്‍ നില്‍ക്കുന്നു. പുള്ളി ഒന്നും മിണ്ടാതെ മീശയില്‍ പിടിച്ച് നിന്ന് നോക്കും. ഈ നോട്ടം കാണുമ്പോഴേക്കും നമ്മുടെ കംപ്ലീറ്റ് ഗ്യാസ് പോകും.
ഓരോ സീനെടുക്കുമ്പോഴും എം.ടി. സാര്‍ ക്യാമറയുടെ പിന്നില്‍ വന്ന് നില്‍ക്കും. എന്റെ പൊന്നോ ഈ മനുഷ്യനെ ഒന്ന് പറഞ്ഞ് വിട്, എനിക്കൊന്ന് അഭിനയിക്കാമല്ലോ എന്ന് ഞാന്‍ കരുതും. പുള്ളി പക്ഷെ അവിടെ തന്നെ നില്‍ക്കും. ഒന്നും മിണ്ടില്ല.
20 ദിവസവും ഒരു ഗുഡ്‌മോണിങ്ങോ, ഒരു ചിരിയോ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എന്നോടുണ്ടായിരുന്നില്ല. അത് പ്രതീക്ഷിക്കുന്നുമില്ല, നമ്മള്‍ പുതിയ ആളല്ലേ. 20ാമത്തെ ദിവസം ക്ലൈമാക്‌സ് എടുക്കുകയാണ്. ആര്‍ടിഫിഷ്യല്‍ മഴയോടൊപ്പം ഒറിജിനല്‍ മഴയും പെയ്തു.
വൈകീട്ട് ആറ് മണിയായി. സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുകയാണ്. ആ ഷോട്ട് കൂടി എടുത്താല്‍ ഷൂട്ടിങ് കഴിയുകയാണ്. അന്ന് ഷൂട്ടിങ് തീര്‍ക്കണം. അടുത്ത ദിവസം ഷൂട്ടിങ് ഇല്ല. ഇന്നുതന്നെ തീരുമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ഈ രാജ്യവും രാജകുമാരിയുമെല്ലാം ഋഷ്യഷൃഗന് സമര്‍പ്പിക്കുന്നു എന്ന ഡയലോഗ് നെടുനീളെ പറയണം. കുനിയാനും വളയാനും പാടില്ലെന്നും എന്നോട് പറഞ്ഞിട്ടുണ്ട്.
തണുപ്പ് കാരണം എനിക്ക് കൃത്യമായി ആ ഡയലോഗ് പറയാന്‍ കഴിഞ്ഞില്ല. അഞ്ചും ആറും ടേക്കുകള്‍ പോയി. ലൈറ്റ് പോകുന്നു, ഒരു രക്ഷയുമില്ല. എനിക്കും എല്ലാവര്‍ക്കും ടെന്‍ഷനായി. ആ സമയത്ത് ഭരതേട്ടന്‍ ഒരു മിനിട്ടൊന്ന് നില്‍ക്കാന്‍ പറഞ്ഞു.
ഞാന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ പുറകില്‍ നിന്ന് ഒരാള്‍ വന്ന് തോളില്‍ തട്ടി. ഞാന്‍ നോക്കുമ്പോള്‍ എം.ടി. സാര്‍ പുറകില്‍ നില്‍ക്കുന്നു. എന്നെ നോക്കി തല കൊണ്ടൊരു ആക്ഷന്‍ കാണിച്ചു. ഞാനിങ്ങനെ കൈകള്‍ക്കിടയിലൂടെ നോക്കിയപ്പോള്‍ പുള്ളിയുടെ കയ്യില്‍ ഒരു ഗ്ലാസില്‍ നിറച്ച് റം ഇരിക്കുന്നു. അപ്പോഴും തല കൊണ്ട് അത് കുടിക്കാനെന്ന മട്ടില്‍ ആക്ഷന്‍ കാണിച്ചു. ഞാനത് വാങ്ങി അടിച്ചു. കറക്ടായിട്ട് ഡയലോഗും പറഞ്ഞു. ഓരോരുത്തരുടെ സമയോചിതമായ ഇടപെടലാണത്,’ ബാബു ആന്റണി പറയുന്നു.
content highlights: I said that dialogue after taking rum from MT: Babu Antony