| Wednesday, 16th October 2019, 3:17 pm

'നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് കീറിയെറിയാം;' രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന രേഖ വലിച്ചുകീറിയത് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെന്ന് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ വാദം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. രാമജന്മഭൂമിയുടെ സ്ഥാനം അടയാളപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകളും മാപ്പുകളും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വെച്ച് കീറിയെറിഞ്ഞിരുന്നു.

സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ പ്രതികരണവുമായി രാജീവ് ധവാന്‍ തന്നെ രംഗത്തെത്തി. ‘ഞാന്‍ രേഖ വലിച്ചുകീറിയ കാര്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഞാന്‍ അങ്ങനെ ചെയ്തത് കോടതി അനുമതിയോടെയാണ്. ഇത്തരം രേഖകള്‍ വലിച്ചുകീറിക്കളയണമെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് അങ്ങനെ ചെയ്യണമെന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു’- രാജീവ് ധവാന്‍ വിശദീകരിച്ചു.

രാജീവ് സിങ്ങിന്റെ പ്രസ്താവനയെ അനുകൂലിച്ച് രഞ്ജന്‍ ഗോഗോയും രംഗത്തെത്തി. ‘ഞങ്ങള്‍ ധവാനുമായി യോജിക്കുന്നു. നിങ്ങള്‍ അത് കീറിക്കളയുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു’- എന്നായിരുന്നു ഗൊഗോയ് വ്യക്തമാക്കിയത്.

അവസാനനിമിഷം വരെ നാടകീയത നിറഞ്ഞു നിന്ന വാദങ്ങളാണ് അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ നടന്നത്.

മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിങ് തനിക്ക് ചില രേഖകള്‍ കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കാനുണ്ട് എന്ന് പറഞ്ഞാണ് അയോധ്യ റീവിസിറ്റഡ് (അയോധ്യ പുനരവലോകനം) എന്ന കുനാല്‍ കിഷോറിന്റെ പുസ്തകം കോടതിക്ക് മുന്‍പില്‍ വെച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇത് അനുവദിക്കരുത് എന്ന് രാജീവ് ധവാന്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടു. ഇതില്‍ രാമജന്മഭൂമി എവിടെയെന്ന് അടയാളപ്പെടുത്തിയ പൗരാണികമായ ഒരു ഭൂപടമുണ്ടെന്നായിരുന്നു വികാസ് സിങ് വാദിച്ചത്. അടുത്ത കാലത്ത് എഴുതപ്പെട്ട പുസ്തകത്തില്‍ എന്ത് ഭൂപടം ഉണ്ടാകാനാണെന്നായിരുന്നു രാജീവ് ധവാന്റെ ചോദ്യം. ഇത്തരം ഭൂപടങ്ങളെയൊക്കെ എങ്ങനെ കണക്കിലെടുക്കാനാകുമെന്നും ഇതൊക്കെ എങ്ങനെ രേഖയായി കണക്കാക്കാനാകുമെന്നും രാജീവ് ധവാന്‍ കോടതിയോട് ചോദിച്ചു.

ഇതിന് പിന്നാലെയായിരുന്നു ‘ഇതൊക്കെ വലിച്ച് കീറിക്കളയേണ്ടതാണെന്ന്’ പറഞ്ഞ് രാജീവ് ധവാന്‍ രംഗത്തെത്തിയത്. ‘എങ്കില്‍ കീറൂ’ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ കോടതിയ്ക്ക് മുന്നില്‍ വച്ച് രേഖകളും പുസ്തകങ്ങളും രാജീവ് ധവാന്‍ കീറിയെറിയുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ നിങ്ങളിങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ എഴുന്നേറ്റ് പോകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോടതിയുടെ സമയം പാഴാക്കരുതെന്നും, ഇന്ന് വൈകിട്ട് 5 മണിക്ക് ഉള്ളില്‍ത്തന്നെ വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അഭിഭാഷകര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more