| Sunday, 9th September 2012, 10:02 am

ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ദൗത്യം: പി.എസ്.എല്‍.വി സി-21 വിജയകരമായി വിക്ഷേപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:  ഐ.എസ്.ആര്‍.ഒ. യുടെ നൂറാമത്തെ ദൗത്യമായ പി.എസ്.എല്‍.വി സി-21 വിക്ഷേപിച്ചു. രാവിലെ 9.55 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം നടന്നത്.

വിക്ഷേപണം കാണാനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിയിരുന്നു.

എന്നാല്‍ ചരിത്ര മുഹൂര്‍ത്തത്തില്‍ ഇന്ത്യയുടെ ഉപഗ്രഹങ്ങളല്ല ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിച്ചത്. ഫ്രാന്‍സിന്റെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ  സ്‌പോട്ട്6, ജപ്പാന്റെ പ്രോയിറ്റേഴ്‌സ് എന്നീ രണ്ട് ഉപഗ്രഹത്തെയാണ് പി.എസ്.എല്‍.വി ഭ്രമണപഥത്തിലെത്തിക്കുന്നത്.

2008 സെപ്റ്റംബറില്‍ ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനും ആസ്ട്രിയം എസ്.എ.എസും തമ്മില്‍ ഒപ്പുവെച്ച ദീര്‍ഘകാല സഹകരണ കരാറിന്റെ ഭാഗമായാണ് സ്‌പോട്ട് 6 ഉപഗ്രഹം ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്.

1962ല്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ഇതുവരെ 99 ബഹിരാകാശദൗത്യങ്ങളാണ് ഐ.എസ്.ആര്‍.ഒ. നടത്തിയത്. 1975 ഏപ്രിലിലില്‍ ആര്യഭട്ടയാണ് ആദ്യമായി ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ആര്യഭട്ടയടക്കം 62 കൃത്രിമോപഗ്രഹങ്ങളും 37 റോക്കറ്റുകളുമാണ് ഐ.എസ്.ആര്‍.ഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളത്.

നാലുവര്‍ഷംമുമ്പ് ഐ.എസ്.ആര്‍.ഒ. നടത്തിയ ചാന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്കുള്ള ഐ.എസ്.ആര്‍.ഒ.യുടെ അടുത്ത ദൗത്യം 2014ലായിരിക്കും. അടുത്തവര്‍ഷം ചൊവ്വയിലേക്ക് ആളില്ലാവാഹനം അയയ്ക്കുന്നതിനും ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിടുന്നുണ്ട്.

We use cookies to give you the best possible experience. Learn more