|

ഞാന്‍ തൃശ്ശൂരില്‍ നിന്നും ജീവനും കൊണ്ടോടിയതാണ്: കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് വോട്ട് ചോര്‍ന്നത് പാര്‍ട്ടിയിലെ വിദ്വാന്മാര്‍ അറിഞ്ഞിട്ടില്ലെന്ന് കെ. മുരളീധരന്‍. താന്‍ തൃശ്ശൂരില്‍ നിന്നും ഓടി രക്ഷപ്പെട്ടതാണെന്നും വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിനുള്ള ലാസ്റ്റ് ബസ്സെന്നും കെ. മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശ്ശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ എന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവരായിരുന്നു അതിന് മുന്‍പന്തിയില്‍ നിന്നത്. ഡി.സി.സി പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാറിനെ വേദിയിലിരുത്തിയാണ് മുരളീധരന്റെ പരാമര്‍ശം.

‘തൃശ്ശൂരിലെ 56000 വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോര്‍ന്നത് കോണ്‍ഗ്രസിലെ വിദ്വാന്മാര്‍ അറിഞ്ഞിട്ടില്ല. ജയിക്കുമെന്നാണ് പറഞ്ഞത്. ഒരു വണ്ടിയില്‍ കയറി യാത്ര ചെയ്യാന്‍ പറഞ്ഞു. വണ്ടിയില്‍ സ്റ്റിയറിങ്ങും നട്ടും ബോള്‍ട്ടും ഒന്നുമില്ല. ജീവനും കൊണ്ടാണ് ഓടിയത്. എന്തൊക്കെയോ ഭാഗ്യം കൊണ്ടാണ് തടി കേടാകാതെ രക്ഷപ്പെട്ടത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കമുള്ളവരാണ് അതിന് മുന്നില്‍ നിന്നത്,’ കെ. മുരളീധരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും പരമാവധി സീറ്റ് നേടണമെന്നും തദ്ദേശ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ്സെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരില്‍ ഇനി പ്രതീക്ഷയൊന്നുമില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരമുണ്ടെന്നു കരുതിയിരിക്കേണ്ടെന്നും പണി എടുത്താലെ ഭരണം ലഭിക്കുകയുള്ളൂവെന്നും കെ. മുരളീധരന്‍ പറഞ്ഞു. പൊതുയോഗത്തിനിണങ്ങുന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്നും യോഗങ്ങള്‍ക്ക് കേന്ദ്രകമ്മറ്റിയില്‍ നിന്നും രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ വരേണ്ട അവസ്ഥയാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. നേരത്ത കെ. കരുണാകരനും ഉമ്മന്‍ചാണ്ടിയും എ.കെ. ആന്റണിയും അടക്കമുള്ള നേതാക്കളുള്ളതുപോലെ പൊതുയോഗങ്ങളൊന്നും നിലവില്‍ സാധ്യമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരന്തരമായി സമരം നടത്തിയാല്‍ മാത്രമേ ഭരണം ലഭിക്കുകയുള്ളൂവെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Content Highlight: i run from thrissur with my life: K MURALIDARAN