Kerala News
മഗ്സസെ ആരും മോഷ്ടിച്ച് കൊണ്ടുപോയതല്ല, ശൈലജ ടീച്ചറുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു: പി. സായ്‌നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 14, 02:32 pm
Wednesday, 14th September 2022, 8:02 pm

കോഴിക്കോട്: മഗ്സസെ പുരസ്‌കാരം നിരസിച്ച സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയുടെ നിലപാടിനെ ബഹുമാനിക്കുന്നുവെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും മഗ്സസെ അവാര്‍ഡ് ജേതാവുമായ പി. സായ്നാഥ്. കെ.കെ. ശൈലജ പാര്‍ട്ടിയുമായി ആലോചിച്ചെടുത്ത തീരുമാനമാണത്. അല്ലാതെ അവാര്‍ഡ് അവരില്‍ നിന്നും ആര് മോഷ്ടിച്ച് കൊണ്ടുപോയതല്ലെന്നും പി. സായ്നാഥ് പറഞ്ഞു.

‘പാര്‍ട്ടി നേതൃത്വത്തെ കണ്ട് പാര്‍ട്ടിയുടെ അഭിപ്രായം ആരാഞ്ഞിരിക്കണം. സ്വീകരിക്കരുതെന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചു. അവര്‍ അഭിപ്രായം ചോദിച്ചിട്ടാണ് അങ്ങനെ ഒരു തീരുമാനം ഉണ്ടായത്. അല്ലാതെ അവരില്‍ നിന്നും ആരും പുരസ്‌കാരം മോഷ്ടിച്ചെടുത്തതൊന്നുമല്ല. അങ്ങനെ ഞാന്‍ കരുതുന്നുമില്ല. പാര്‍ട്ടിയുമായി ആലോചിച്ച് അവര്‍ ഒരു തീരുമാനമെടുത്തു. അതിനെ ഞാന്‍ ബഹുമാനിക്കുന്നു.’ എന്നാണ് പി. സായ്നാഥ് പറഞ്ഞത്. മാത്യഭൂമി ഡോട്ട്കോമിനോടായിരുന്നു സായ്നാഥിന്റെ പ്രതികരണം.

മഗ്സസെ അല്ല, അതിലും വലിയ അവാര്‍ഡുകള്‍ കെ.കെ. ശൈലജ സ്വീകരിക്കുന്നത് കാണാന്‍ താല്‍പര്യമുള്ള വ്യക്തിയാണ് താനെന്നും സായ്‌നാഥ് പറഞ്ഞു.

അതിലും വലിയ അവാര്‍ഡുകള്‍ അവര്‍ അര്‍ഹിക്കുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചയാളാണ് ശൈലജ. അതിനാല്‍ അവാര്‍ഡ് വാങ്ങുന്നതിന് മുമ്പ് അവര്‍ പാര്‍ട്ടിയോട് ചോദിക്കും. സ്വയമെടുത്ത തീരുമാനമെന്ന നിലയ്ക്ക് ആ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പി. സായ്നാഥ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക ചിത്ര ദുര്‍ഗ മുരുഗ മഠം 2017ല്‍ നല്‍കിയ പുരസ്‌കാരം താന്‍ നിരസിച്ചത് ധാര്‍മികതയിലൂന്നിയെടുത്ത തീരുമാനമാണെന്നും സായ്‌നാഥ് പറഞ്ഞു. കര്‍ണാടകയിലെ ചിത്രദുര്‍ഗ മുരുഗ മഠം മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരു രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അടുത്തിടെ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് അവാര്‍ഡ് തിരികെ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം സെപ്റ്റംബര്‍ ആദ്യവാരം സായ്നാഥ് നടത്തുന്നത്. ഈ തീരുമാനം ദേശീയ തലത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

നിപ, കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് കമ്മിറ്റി 64ാമത് പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് കെ.കെ. ശൈലജ മഗ്സസെ പുരസ്‌കാരം നിരസിക്കുകയായിരുന്നു.

കെ.കെ. ശൈലജ മഗ്‌സസെ പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. കേരളം മഹാമാരിയെ പ്രതിരോധിച്ചത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. അതൊരു വ്യക്തിയുടെ മാത്രം പ്രവര്‍ത്തനത്തിന്റെ ഫലമല്ലെന്നുമാണ് സീതാറാം യെച്ചൂരി പറഞ്ഞത്.

ഫിലിപ്പിയന്‍സിലെ കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് ആണെന്നതും അത് അവാര്‍ഡ് നിരസിക്കാനുള്ള ഒരു ഘടകമാണെന്ന് സീതാറാം യെച്ചൂരി ചൂണ്ടികാട്ടിയിരുന്നു.

Content Highlight: I respect Shailaja teacher’s decision to Reject Magsaysay Award says P Sainath