| Thursday, 7th September 2017, 2:58 pm

നിങ്ങളുടെ ചാനലില്‍ ജോലി ചെയ്തതില്‍ ഞാന്‍ ലജ്ജിക്കുന്നു; ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ റിപ്പബ്ലിക് ചാനലിന്റെ നിലപാടിനെതിരെ മാധ്യമപ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ റിപബ്ലിക് ചാനല്‍ എടുത്ത നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ചാനലിലെ മുന്‍മാധ്യമപ്രവര്‍ത്തക രംഗത്ത്.

സുമാന നന്ദിയെന്നാളാണ് ചാനലിന്റെ തരംതാഴ്ന്ന നിലപാടിനെതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. റിപബ്ലിക് ടിവിയിലെ ന്യൂസ് കോര്‍ഡിനേറ്ററായിരുന്നു ഇവര്‍.

മാധ്യമപ്രവര്‍ത്തനത്തിലെ ചെറിയ കാലത്തെ അനുഭവത്തിനുള്ളില്‍ തന്നെ ഇത്തരമൊരു ചാനലിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിച്ചിരുന്നെന്നും എന്നാല്‍ അതോര്‍ത്ത് താനിന്ന് ലജ്ജിക്കുകയാണെന്നും സുമാന പറയുന്നു.


Dont Miss ഗൗരി ലങ്കേഷിനെ കൊടിച്ചിപ്പട്ടിയെന്ന് വിളിച്ചയാള്‍ സ്മൃതി ഇറാനിക്കൊപ്പം; ഫോട്ടോ വൈറലാകുന്നു


ഒരു സ്വതന്ത്ര വാര്‍ത്താസംഘടന ഒരു സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ബി.ജെ.പി ആര്‍.എസ്.എസ് സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടായി ദിവസങ്ങള്‍ക്കകം ഒരു മാധ്യമപ്രവര്‍ത്തക വെടിയേറ്റ് കൊല്ലപ്പെടുന്നു. ഈ കൊലപാതകത്തെ ചോദ്യംചെയ്യേണ്ടതിന് പകരം നിങ്ങള്‍ പ്രതിപക്ഷത്തെ ആക്രമിക്കുന്നു. ഇതില്‍ എവിടെയാണ് സത്യസന്ധത? നമ്മള്‍ എവിടേക്കാണ് പോകുന്നത്?

ചില മാധ്യമപ്രവര്‍ത്തകര്‍ ഇത് ആഘോഷമാക്കുന്നത് കണ്ടു. അതെ ശരിയാണ് ഇത് തന്നെയാണ് സൗദി അറേബ്യയിലും നോര്‍ത്ത് കൊറിയയിലും സംഭവിക്കുന്നത്. ഇത്തരം രാജ്യങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളെല്ലാം നമ്മള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ജനാധിപത്യത്തിന്റെ നാലാംതൂണ് അതിന്റെ ആത്മാവിനെ തന്നെ വില്‍ക്കുമ്പോള്‍ ഈ സമൂഹം എങ്ങോട്ടാണ് പോകേണ്ടത്?

ഞങ്ങള്‍ നിങ്ങളെ പരാജയപ്പെടുത്തി മേം, എനിക്കറിയാവുന്നിടത്തോളം നിങ്ങള്‍ ഇതിലും ഉയര്‍ന്ന സ്ഥാനത്തിരിണ്ടേവരായിരുന്നു. എന്ത് വിലയുണ്ടെന്നും എന്ത് പ്രധാന്യം ലഭിക്കുമെന്ന് പറഞ്ഞാലും റിപബ്ലിക് ടിവി എന്ന ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന കാര്യം എന്റെ സി.വിയില്‍ പോലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇത്രയും പരുഷമായ ഒരു സംഘടനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുകയാണെന്നും സുമാന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നായിരുന്നു റിപ്പബ്ലിക് ചാനലിന്റെ കണ്ടെത്തല്‍. സ്വത്ത് തര്‍ക്കമോ മാവോയിസ്റ്റ് വേട്ടയോ ആണ് നടന്നതെന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more