താന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം പാര്‍ട്ടിയിലുള്ള രാഹുല്‍ ഗാന്ധിയുടെ അമിത ഇടപെടല്‍: എസ്. എം കൃഷ്ണ
national news
താന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം പാര്‍ട്ടിയിലുള്ള രാഹുല്‍ ഗാന്ധിയുടെ അമിത ഇടപെടല്‍: എസ്. എം കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 12:22 pm

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിയിലുള്ള അമിതമായ ഇടപെടലുകള്‍കൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.എം കൃഷ്ണ.

കഴിഞ്ഞ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു. കൃഷ്ണ. എന്നാല്‍ 2017 ജനുവരിയില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് മാര്‍ച്ചോടെ ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ എം.പി യായിരുന്നെങ്കിലും പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനങ്ങളൊന്നുമുണ്ടായിരുന്നില്ല.എന്നാല്‍ അദ്ദേഹം എല്ലാ കാര്യങ്ങളിലും ഇടപെടുമായിരുന്നുവെന്ന് കൃഷ്ണ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ALSO READ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം തടസപ്പെടുത്തി (വീഡിയോ)

“മന്‍മോഹന്‍സിംഗാണ് പ്രധാനമന്ത്രിയെങ്കിലും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. സഖ്യത്തിലുള്ള പാര്‍ട്ടികള്‍ക്കുമേല്‍ കോണ്‍ഗ്രസിന് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല.” കൃഷ്ണ പറഞ്ഞു.

2017 ഡിസംബറിലാണ് രാഹുല്‍ഗാന്ധി, സോണിയാഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസിലെ ഔദ്യോഗികമായി പദവി ഏറ്റെടുക്കുന്നത്.

“ഞാന്‍ യു.പി.എ സര്‍ക്കാരില്‍ അധികാരത്തിലുള്ള സമയത്ത് അവര്‍ ചെയ്ത നല്ലതും മോശവുമായ കാര്യങ്ങള്‍ക്ക് ഞാനും കൂടി ഉത്തരവാദിയാണ്. എന്നാല്‍ ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണം എണ്‍പത് വയസ്സിനും തൊണ്ണുറ് വയസിനും ഇടയിലുള്ള ആളുകളെ പാര്‍ട്ടിയില്‍ തുടരേണ്ടതില്ലയെന്ന രാഹുലിന്റെ തീരുമാനം കൊണ്ടാണ്.” കൃഷ്ണ പറഞ്ഞു.