കോഴിക്കോട്: ഈ മുഖ്യമന്ത്രിയുടെ നാട്ടില്‍ ജീവിക്കാതിരുന്നെങ്കിലെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ വിവരമില്ലാത്ത, ഗതികെട്ട മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ മറുപടിയായി പറഞ്ഞത് എന്ത് വൃത്തികേടാണെന്നും കെ.സുധാകരന്‍ ചോദിച്ചു.
‘ മാസപ്പടി വിഷയത്തില്‍ എന്ത് വൃത്തികേടാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ മുഖ്യമന്ത്രിയുടെ നാട്ടില്‍ ജീവിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇങ്ങനെ ഗതികെട്ട, വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണ്. എന്ത് സേവനം നല്‍കിയിട്ടാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം ലഭിച്ചത് എന്നാണ് ചോദ്യം. ഒരു സേവനവും നല്‍കാതെ എല്ലാ മാസവും പണം ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റായ എന്തോ ഉണ്ട്,’ കെ.സുധാകരന്‍ പറഞ്ഞു.
സോളാര്‍ കേസ് കഴിഞ്ഞുപോയതാണെന്നും അതെല്ലാം അയവിറക്കി അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ആരോപണങ്ങളിള്‍ നേരത്തെ പ്രതികരിച്ചതാണെന്നും, ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഗൂഢാലോചനയുടെ പിന്നില്‍ ആരണെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ജനങ്ങള്‍ക്കുള്ളിലുള്ള സങ്കല്‍പങ്ങള്‍ മാറ്റിയെഴുതാന്‍ അത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് ശാന്തിപകരാന്‍ അന്വേഷണം സഹായകരമാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
content highlights: I pray that I don’t live in this Chief Minister’s country; After the interrogation, K. Sudhakaran