ജൊഹന്നാസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള കടുത്ത തീരുമാനത്തില്‍ നിന്ന് എബി ഡീവില്ലിയേഴ്‌സിന പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുമായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക സി.ഇ.ഒ തബാങ് മൂറെ. ഡീവില്ലിയേഴ്‌സിനോട് വിരമിക്കരുതെന്ന് ആവശ്യപ്പെട്ടതായി മൂറെ പറഞ്ഞു.
വിരമിക്കരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പരമാവധി ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചുവന്നിട്ട് ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ സംസാരിച്ച് തീരുമാനമാക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചിന്തിച്ച് തീരുമാനിച്ചുറച്ചത് പോലെ ഇന്ന് തന്നെ തീരുമാനത്തിലെത്തുകയായിരുന്നു മൂറെ പറഞ്ഞു.
ബുധനാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരാധകരെ ഞെട്ടിച്ച് ഡീവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
തനിക്ക് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇനി മറ്റു താരങ്ങള്‍ക്കായി വഴിമാറുകയാണ് താന്‍ ചെയ്യേണ്ടതെന്ന് തനിക്ക് തോന്നുവെന്നും അതിനാലാണ് ഈ സങ്കടകരമായ തീരുമാനം കൈക്കൊണ്ടതെന്നും എ.ബി.ഡി വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് ഡീവില്ലിയേഴ്‌സ് പറഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളും 228 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള എബി ഡി വില്ലിയേഴ്സ് നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തുകയായിരുന്നു.
14 വര്‍ഷത്തെ കരിയറിനാണ് ഡി വില്ലിയേഴ്സ് ഇന്ന് വിരാമം കുറിക്കുന്നതായി പ്രഖ്യാപിച്ചത്. തന്റെ ശരീരത്തിനു ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് താങ്ങാനാകില്ലെന്നും താന്‍ “”ക്ഷീണിതനാണെന്നുമാണ്”” എ.ബി.ഡി പ്രഖ്യാപിച്ചത്. പ്രാദേശിക ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി തുടര്‍ന്നും കളിക്കാനാകുമെന്ന് പ്രതീക്ഷ പുലര്‍ത്തിയ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയുടെ എന്നും ശക്തമായ പിന്തുണയുമായി താന്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.