| Monday, 2nd November 2020, 12:50 pm

ഒരു ഫോണ്‍ ഉപയോഗിക്കുന്നത് ശിവശങ്കര്‍ തന്നെ; ഐ ഫോണ്‍ കൈപ്പറ്റിയവരുടെ വിവരങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് കൈമാറിയ മൊബൈല്‍ ഫോണുകള്‍ ആര്‍ക്കൊക്കെ ലഭിച്ചുവെന്ന വിവരങ്ങള്‍ ലിഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയകരക്ടറേറ്റ്. മൊബൈല്‍ കമ്പനികളാണ് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയത്.

സന്തോഷ് ഈപ്പന്‍ ആകെ വാങ്ങിയത് ഏഴ് മൊബൈല്‍ ഫോണുകളാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരുന്ന വിവരം. പരസ്യ കമ്പനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, എം ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍, കോണ്‍സുല്‍ ജനറല്‍ എന്നിവരാണ് ഫോണ്‍കൈപ്പറ്റിയ അഞ്ച് പേര്‍.

അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് ഐഫോണുകള്‍ ഉപയോഗിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

കോണ്‍സുല്‍ ജനറലിന് ആദ്യം വാങ്ങിയ ഫോണ്‍ തിരിച്ച് വാങ്ങി പകരം പുതിയത് വാങ്ങി നല്‍കുകയായിരുന്നു. കോണ്‍സുല്‍ ജനറല്‍ മടക്കി നല്‍കിയ ഫോണാണ് സന്തോഷ് ഈപ്പന്‍ ഉപയോഗിക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചൂണ്ടിക്കാട്ടി.

1.19 ലക്ഷം രൂപയാണ് ഈ ഫോണിന്റെ വില. രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ക്ക് ഐ ഫോണ്‍ ലഭിച്ചുവെന്ന വിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് ഫോണ്‍ കൈപ്പറ്റിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കിയ അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കറാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ചോദ്യം ചെയ്യലിനിടെ ശിവശങ്കര്‍ ഇ.ഡിക്ക് തന്റെ രണ്ട് ഫോണുകള്‍ കൈമാറിയിരുന്നു. ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇതില്‍ ഒരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറും സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണിന്റെ ഐ.എം.ഇ നമ്പറും ഒന്നാണെന്ന് കണ്ടെത്തിയത്. 94,999 രൂപയാണ് ഫോണിന്റെ വില.

ലൈഫ് മിഷന്‍ കരാറിനായി നാല് കോടി 48 ലക്ഷം രൂപ കമ്മീഷനായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. ഇത് കൂടാതെ ആറ് ഐഫോണുകളും വാങ്ങി നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു.

നേരത്തെ ഒരു ഐഫോണ്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ ചെന്നിത്തലയ്ക്ക് നല്‍കിയില്ലെന്നും ചെന്നിത്തല വിതരണം ചെയ്തു എന്നത് നല്‍കി എന്ന് തെറ്റായി പറഞ്ഞു പോയതാണെന്നും കഴിഞ്ഞ ദിവസം സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു.

തനിക്ക് ഫോണ്‍ നല്‍കിയെന്ന് പറയുന്നത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് ഈപ്പനെതിരെ രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: i Phone controversy details about owners get by enforcement

We use cookies to give you the best possible experience. Learn more