ഞാന്‍ ദുര്‍ഗാ പൂജയിലും ഈദിലും പങ്കെടുക്കും, പള്ളിയിലും പോകും; എന്നെ തടയാന്‍ നിങ്ങളാരാണ്?; ബി.ജെ.പിയോട് മമത
Daily News
ഞാന്‍ ദുര്‍ഗാ പൂജയിലും ഈദിലും പങ്കെടുക്കും, പള്ളിയിലും പോകും; എന്നെ തടയാന്‍ നിങ്ങളാരാണ്?; ബി.ജെ.പിയോട് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th April 2017, 6:43 pm

 

കൊല്‍ക്കത്ത: തന്റെ തലക്ക് ഇനാം പ്രഖ്യാപിച്ച ബി.ജെ.പി നേതാവിന്റെ ഭീഷണിയെ തള്ളി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രകോപനപരമായ വാക്കുകള്‍ കൊണ്ട് അവര്‍ തന്നെ പലപ്പോഴും ലക്ഷ്യമിട്ടിട്ടുണ്ട്. അവര്‍ എത്രത്തോളം പറഞ്ഞു കൊണ്ടിരിക്കുന്നുവോ അത്രയും മുന്നേറ്റങ്ങളാണ് തങ്ങള്‍ക്കുണ്ടാവുകയെന്നും മമതാ പറഞ്ഞു.


Also read ‘നിങ്ങള്‍ പശുക്കളെ സംരക്ഷിക്കുന്നു പക്ഷേ സ്ത്രീകളെ പരിഗണിക്കുന്നില്ല’; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജയ ബച്ചന്‍


മൂര്‍ഷിദാബാദിലെ ദോമാക്കലില്‍ നടന്ന പാര്‍ട്ടിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മമത ബി.ജെ.പി നേതാവിന്റെ ഭീഷണിയോട് പ്രതികരിച്ചത്. മമതാ ബാനര്‍ജിയുടെ തലവെട്ടുന്നവര്‍ക്ക് പതിനൊന്നു ലക്ഷം രൂപ നല്‍കുമെന്ന് ബി.ജെ.പി മുന്‍ മണ്ഡലം പ്രസിഡന്റും യുവമോര്‍ച്ചാ നേതാവുമായ യോഗേഷ് വര്‍ഷിനിയായിരുന്നു പറഞ്ഞിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ യോഗേഷിന്റെ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കാന്‍ മമതാ സര്‍ക്കാരിന് പൂര്‍ണ്ണ സ്വാതന്ത്രം അനുവദിച്ചതിന് പിന്നാലെയാണ് പരാമര്‍ശങ്ങളുമായ് മമത രംഗത്തെത്തിയത്.

അവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ തുടരട്ടെ നമ്മള്‍ ബംഗാളില്‍ നിന്നും ജാര്‍ഖണ്ഡിലേക്കും ഉത്തര്‍പ്രദേശിലേക്കും വളര്‍ന്ന് കൊണ്ടിരിക്കുകയാണ് ആ സമയത്ത് ദല്‍ഹിയും പരിസരവും മുഴുവന്‍ തങ്ങള്‍ പടരുക തന്നെ ചെയ്യുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. റാലിയിലെ മറുപടിക്ക് പുറമേ ട്വീറ്റുകളുമായും തൃണമുല്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

“താന്‍ ദുര്‍ഗാ പൂജയില്‍ പങ്കെടുക്കും, ഈദിലും പങ്കെടുക്കും, പള്ളിയിലും പോകും. എന്നെ തടയാന്‍ നിങ്ങള്‍ ആരാണ്” മമത യോഗേഷിന്റെ ഭീഷണിയോട് പ്രതികരിച്ചു. “നിങ്ങള്‍ എന്നെ അധിക്ഷേപിക്കാന്‍ കഴിയുന്നത്ര അധിക്ഷേപിച്ചോളു. ദൈവം നിങ്ങളോട് ക്ഷമിക്കുവാന്‍ വേണ്ടി താന്‍ പ്രാര്‍ത്ഥിച്ച് കൊള്ളാം” മമത പറഞ്ഞു.