മോഡ്രിയല്‍: എയര്‍കാനഡ വിമാനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ദുരനുഭവം പങ്കുവെച്ച് യാത്രക്കാരിയായ യുവതി. യാത്രക്കിടെ ദീര്‍ഘമായ ഉറക്കിലേക്ക് പോയ താന്‍ ഉണര്‍ന്നെണീറ്റപ്പോള്‍ ചുറ്റും കൂരിരുട്ടായിരുന്നെന്നും സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്ന് പോലും അല്‍പസമയത്തേക്ക് തനിക്ക് മനസിലായില്ലെന്നും ടിഫാനി ആദമെന്ന യുവതി പറയുന്നു
എയര്‍കാനഡയുടെ ഫേസ്ബുക്ക് പേജില്‍ ടിഫാനിയുടെ സുഹൃത്താണ് അവര്‍ക്കുണ്ടായ അനുഭവം പങ്കുവെച്ച് എഴുതിയത്. കാനഡ സ്വദേശിയായ ടിഫാനി ആദം എയര്‍ കാനഡ വിമാനത്തില്‍ കയറിയത് ഈ മാസം ആദ്യമാണ്.
ക്യൂബെകില്‍ നിന്നും ടൊറൊന്‍ഡോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കായിരുന്നു ടിഫാനിയുടെ യാത്ര. എന്നാല്‍ വിമാനം ലാന്റ് ചെയ്ത വിവരം ടിഫാനി അറിഞ്ഞില്ല. യാത്രക്കാര്‍ ഇറങ്ങിയതും വിമാനം പാര്‍ക്കിങ് ഏരിയയിലെ ഇരുട്ടിലേക്ക് മാറ്റിയിട്ടതുമൊന്നും അറിഞ്ഞില്ല.
” കണ്ണുതുറന്നപ്പോള്‍ ചുറ്റും ഇരുട്ടായിരുന്നു. ഞാന്‍ കരുതിയത് ഞാനേതോ ദുസ്വപ്‌നം കാണുകയാണ് എന്നാണ്. കാരണം കണ്ണുതുറന്നിട്ടും എനിക്കൊന്നും മനസിലായില്ല. ചുറ്റം ഇരുട്ട് മാത്രം. ഫോണ്‍ തപ്പിയെടുത്ത് സുഹൃത്തിനെ വിളിക്കാന്‍ നോക്കി. എന്നാല്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായ നിലയിലായിരുന്നു.
പെട്ടന്നുണ്ടായ ഷോക്കില്‍ എന്തെങ്കിലും സംഭവിക്കാതിരിക്കാനായി ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു. പിന്നീട് ഫോണ്‍ എങ്ങനെയെങ്കിലും ചാര്‍ജ് ചെയ്യാനായി ശ്രമം. ഓരോ യു.എസ്.ബി പോര്‍ട്ടിലും കുത്തി ചാര്‍ജ് ചെയ്യാന്‍ നോക്കിയെങ്കിലും നടന്നില്ല. വിമാനത്തിലെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നുവെന്ന് അപ്പോള്‍ മനസിലായി. ഒടുവില്‍ എങ്ങനെയോ തപ്പിത്തടഞ്ഞ് കോക്പിറ്റിലെത്തി. അതിനുള്ളില്‍ നിന്ന് ഒരു ടോര്‍ച്ച് ലഭിച്ചു. ഏറെ കഷ്ടപ്പെട്ട് പുറത്തേക്കുള്ള ഒരു വാതില്‍ തള്ളി തുറന്നു.
എന്നാല്‍ വാതില്‍ തുറന്നപ്പോഴാണ് ഞാന്‍ ഏതാണ്ട് 15 മീറ്റര്‍( 50 അടിയോളം) ഉയരത്തിലാണെന്ന് മനസിലായത്. പിന്നീട് കയ്യിലുണ്ടായിരുന്ന ടോര്‍ച്ചിന്റെ വെളിച്ചം അടിച്ചുപിടിച്ച് ഉച്ചത്തില്‍ നിലവിളിച്ചു. ആരെങ്കിലും കേള്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അധികം വൈകാതെ തന്നെ ടോര്‍ച്ചിന്റെ വെളിച്ചം ശ്രദ്ധയില്‍പ്പെട്ട ഒരു ജീവനക്കാരന്‍ ഓടിയെത്തി.
തന്നെ കണ്ട അദ്ദേഹം ശരിക്കും അത്ഭുതപ്പെട്ടു. എങ്ങനെ വിമാനത്തിലെ ജീവനക്കാര്‍ തന്നെ അവിടെ ഉപേക്ഷിച്ചുവെന്ന അത്ഭുതത്തിലായിരുന്നു അപ്പോഴും അദ്ദേഹം. ഞാനും അത് തന്നെയായിരുന്നു ആലോചിച്ചത്.
പിന്നെ അയാളുടെ സഹായത്തോടെ വിമാനത്തിന്റെ വാതിലില്‍ തൂങ്ങിയും മറ്റും സാഹസികമായി പുറത്തിറങ്ങി”- യുവതി പറഞ്ഞു.
യുവതിക്കുണ്ടായ ദുരനുഭവത്തില്‍ എയര്‍ കാനഡ മാപ്പ് പറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോഴും ആ രാത്രിയുടെ ഓര്‍മ്മയില്‍ താന്‍ ഞെട്ടി ഉണരാറുണ്ടെന്നാണ് ടിഫാനി പറയുന്നു.
സംഭവം പരിശോധിക്കുമെന്ന് പറഞ്ഞ എയര്‍ കാനഡ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.