| Friday, 7th October 2016, 12:21 pm

പൊരിച്ച മീനിനും ഇറച്ചിക്കും എതിരെയാണ് ഞാന്‍ പറഞ്ഞത്: അതും ഗാന്ധി ജയന്തി ദിനത്തില്‍; വിശദീകരണവുമായി സി. രവീന്ദ്രനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രകൃതിദത്തമായ രീതിയില്‍ പാചകം ചെയ്യുന്ന മത്സ്യമോ മാംസമോ വലിയ രീതിയിയിലുള്ള അപകടങ്ങള്‍ വരുത്തില്ല. അത് എണ്ണയിലിട്ട് പൊരിച്ച് എടുക്കുന്നതാണ് അപകടകരമെന്നാണ് താന്‍ പറഞ്ഞതെന്നും ഇദ്ദേഹം വിശദീകരിച്ചു.


തിരുവനന്തപുരം: മദ്യവും മയക്കുമരുന്നും പോലെയാണ് മത്സ്യമാംസാദികളെന്നും അവ ഉപയോഗിക്കരുതെന്നുമുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.

മത്സ്യവും മാംസവും മദ്യവും മയക്കുമരുന്നും പോലെയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പൊരിച്ച മത്സ്യവും മാത്സവും കഴിക്കുന്നതിന്റെ ദോഷവശങ്ങളെ കുറിച്ച് മാത്രമാണ് താന്‍ സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു. അതും ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു തന്റെ ഈപ്രസ്താവനയെന്നും മന്ത്രി വിശദീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയോടാണ് സി. രവീന്ദ്രനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.


Also Read: മമ്മൂട്ടി ലോകത്തിലെ ഏറ്റവും മികച്ച നടനല്ല: എന്റെ ലോകത്തെ ഏറ്റവും മികച്ച നടന്‍ മോഹന്‍ലാല്‍: പ്രതാപ് പോത്തന്‍


പൊരിച്ച മത്സ്യമാംസത്തിന്റെ അപകടത്തെ കുറിച്ച് മാത്രമാണ് ഞാന്‍ അവിടെ പറഞ്ഞത്. പൊരിച്ച മത്സ്യത്തിലും മാംസത്തിലും നിരവധി കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രീയപരമായി തന്നെ തെളിയിക്കപ്പെട്ടതാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ നാഡീവ്യൂഹത്തിന് തന്നെ തകരാറുകള്‍ വരുത്തുമെന്നുമാണ് താന്‍ പറഞ്ഞത്.

എന്നാല്‍ പ്രകൃതിദത്തമായ രീതിയില്‍ പാചകം ചെയ്യുന്ന മത്സ്യമോ മാംസമോ വലിയ രീതിയിയിലുള്ള അപകടങ്ങള്‍ വരുത്തില്ല. അത് എണ്ണയിലിട്ട് പൊരിച്ച് എടുക്കുന്നതാണ് അപകടകരമെന്നാണ് താന്‍ പറഞ്ഞതെന്നും ഇദ്ദേഹം വിശദീകരിച്ചു.

മദ്യവും മയക്കുമരുന്നും പോലെയാണ് മത്സ്യമാംസാദികളെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇടതുനേതാക്കള്‍ക്കെങ്കിലും ശാസ്ത്രബോധം ഇല്ലാതാകുന്നത് നിരാശാജനകമാണെന്നായിരുന്നു പലരുടേയും പ്രതികരണം.

മന്ത്രിയുടെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്നും ബീഫ് കഴിക്കുന്നതിനെതിരെ  ഫാസിസ്റ്റ് ശക്തികള്‍ പ്രതികരിക്കുന്ന ഈ സമയത്തു തന്നെ മത്സ്യമാംസാദികള്‍ക്കെതിരെ പറഞ്ഞ മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നാണക്കേടാണെന്നും പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം എസ്. ഫൈസി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം മന്ത്രിക്ക് ഒരു തുറന്ന കത്തും എഴുതിയിരുന്നു.

മന്ത്രിയുടെ പുതിയ പ്രസ്താവനക്കെതിരെയും ഫൈസി രംഗത്തെത്തി. പൊരിക്കുക എന്നതാണ് പ്രശ്‌നമെങ്കില്‍ മത്സ്യവും മാംസവും പൊരിക്കുന്നതിനേക്കാള്‍ മനുഷ്യന് ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നത് ഒരേഎണ്ണ തന്നെ പലതവണ ഉപയോഗിച്ച് പാകം ചെയ്യുന്ന വറുത്ത കായയും ചിപ്, മിക്‌സ്ചര്‍, ജിലേബി വട തുടങ്ങിയവ അല്ലേയെന്നും ഫൈസി ചോദിക്കുന്നു.

പ്രകൃതി തന്ന ഭക്ഷണമല്ലാതെ മറ്റൊന്നും ഉപയോഗിക്കരുതെന്നും  പ്രകൃതിയോട് അടുക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും സുഖമുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന്, മദ്യം എന്നിവയുടെ സ്വാദ് തനിക്കറിയില്ലെന്നും പ്രകൃതിയില്‍ നിന്ന് അകലുമ്പോഴാണ് മനുഷ്യന്‍ രോഗിയാകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

വി.ജെ.ടി ഹാളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള പോലീസ് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് കുട്ടികളിലെ മയക്കുമരുന്നുപയോഗത്തെ സംബന്ധിച്ചു നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more