| Friday, 21st April 2017, 9:32 pm

'ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയത് അദ്വാനിയല്ല താനാണ്'; ബി.ജെ.പി നേതാവ് വേദാന്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയത് എല്‍.കെ അദ്വാനിയല്ല താനാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ രാം വിലാസ് വേദാന്തി. ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ അദ്വാനിക്ക് യാതൊരു പങ്കുമില്ലെന്നും തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത് താനാണെന്നും വേദാന്തി മാധ്യമങ്ങളോട് പറഞ്ഞു.


Also read ‘വീണ്ടും തച്ച് തകര്‍ത്ത് നരെയ്ന്‍’; കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കി നരെയ്‌ന്റെ മാസ്മരിക ഇന്നിങ്‌സ്: വീഡിയോ കാണാം 


“അദ്ദേഹത്തിന് അതില്‍ യാതൊരു പങ്കുമില്ല. താന്‍ തന്നെയാണ് അത് തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.” അദ്ദേഹം വ്യക്തമാക്കി. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ 13ാമത്തെ കുറ്റാരോപിതനാണ് മുന്‍ എം.പി കൂടിയായ വേദാന്തി.

കഴിഞ്ഞ ദിവസമുണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയെ വെളിപ്പെടുത്തലുകളുമായ് വേദാന്തി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, കേന്ദ്രമന്ത്രി ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കോടതി ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചിരുന്നത്.

അദ്വാനി, മുരളീ മനോഹര്‍ ജോഷി, വിജയരാജെ സിന്ധ്യ എന്നീ നേതാക്കള്‍ കര്‍സേവകരെ ശാന്തരാക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും വേദാന്തി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്ത കേസ് റായ്ബറേലി കോടതിയില്‍ നിന്നു ലഖ്‌നൗവിലേക്കു മാറ്റാന്‍ ഭരണഘടനയുടെ 142-ാം വകുപ്പുപ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ച് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more