ബീഹാര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ മോദിയെ പരോക്ഷമായി തള്ളിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഒരു പ്രധാനമന്ത്രിയെക്കുറിച്ചും താന്‍ മോശമായി സംസാരിക്കില്ലെന്നാണ് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടത്.
‘ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും ഒരു പ്രധാനമന്ത്രിയെക്കുറിച്ചും മോശം പരാമര്‍ശം ഞാന്‍ നടത്തില്ല. പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരൊന്നും വ്യക്തികളല്ല സ്ഥാപനങ്ങളാണ്’- രാജ്‌നാഥ് സിംഗ് ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പറഞ്ഞു.
‘എല്ലാ പാര്‍ട്ടിക്കാരുടേയും പൊതുജനത്തിന്റേയും കര്‍ത്തവ്യമാണ് ഈ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നുള്ളത്. ഈ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെട്ടാല്‍ ജനാധിപത്യം ദുര്‍ബലപ്പെടും. ജനാധിപത്യം ദുര്‍ബലപ്പെട്ടാല്‍ ലോകത്തെ ഒരു ശക്തിക്കും രാജ്യം വിഭജിക്കുന്നത് തടയാന്‍ കഴിയില്ല.
രാജ്യത്തിന്റെ വികസനത്തിന് ഏതെങ്കിലും പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഞാന്‍ പറയില്ല. എല്ലാ പാര്‍ട്ടികളും എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്, അവരുടെ പ്രവര്‍ത്തന രീതികള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രം’- രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
‘താങ്കളുടെ (രാഹുല്‍ ഗാന്ധി) പിതാവ് മിസ്റ്റര്‍ ക്ലീന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകര്‍ വാഴ്ത്തിയത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്’ നരേന്ദ്ര മോദി പറഞ്ഞു. വിവാദമായ ബോഫോഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
മോദിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് തിരിച്ചടിച്ച് രാഹുല്‍ രംഗത്ത് വന്നു. രാജീവ് ഗന്ധിയുടെ രക്ഷസാക്ഷിത്വത്തിനെ അപമാനിച്ചെന്നും അമേത്തിയിലെ ജനങ്ങള്‍ അതിന് മറുപടി നല്‍കുമെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചിരുന്നു.