കോട്ടയം: കെവിന്റെ ഭാര്യയായിട്ട് തന്നെ താന്‍ ജീവിക്കുമെന്ന് നീനു. നിയമപരമായിട്ടല്ലെങ്കിലും താന്‍ കെവിന്റെ ഭാര്യയാണെന്നും കെവിന്‍റെ വീട്ടില്‍ തന്നെ താമസിക്കുമെന്നും നീനു പറഞ്ഞു.
കെവിന്റെ അച്ഛനെയും അമ്മയേയും സഹോദരിയേയും താന്‍ തന്നെ നോക്കുമെന്നും തന്റെ അച്ഛനോ അമ്മയോ വിളിച്ചാല്‍ കൂടെ പോകില്ലെന്നും നീനു വ്യക്തമാക്കി.കെവിന്റെ സാമ്പത്തികം തന്റെ മാതാപിതാക്കള്‍ക്ക് പ്രശ്നമായിരുന്നെന്നും തന്നെ കണ്ടാല്‍ കെവിനെ വെട്ടുമെന്ന് മുമ്പ് നിയാസ് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു വെളിപ്പെടുത്തി.
മാതാപിതാക്കള്‍ അറിയാതെ നിയാസും ഷാനുവും കൊലപാതകം എങ്ങനെ ചെയ്യും. പ്രണയം വീട്ടില്‍ അറിയിച്ചതിന് ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിപോന്നത്. എന്നും നീനു പറഞ്ഞു.
നേരത്തെ കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പിടിയിലായ നിയാസിന്റെ ഉമ്മ ലൈലാ ബീവി വെളിപ്പെടുത്തിയിരുന്നു. കെവിനുമായുള്ള നീനുവിന്റെ ബന്ധം ഇഷ്ടമല്ലെന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്ന് ഇവര്‍ പറഞ്ഞിരുന്നെന്നും ലൈലാ ബീവി പറഞ്ഞിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടു. നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളില്‍ ഒന്ന് ഓടിച്ചത് നിയാസാണെന്നാണ് സൂചന. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 13 പേരാണ് പ്രതികളായുള്ളത്. സംഘത്തില്‍ 13പേര്‍ ഉണ്ടായതായി പിടിയിലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.