പി.എസ്.ജിയും എംബാപ്പെയും തമ്മിലുള്ള ബന്ധം വഷളാണെന്ന വാർത്ത വളരെയധികം സജീവമായിരുന്നു.
തുടർന്ന് അടുത്ത ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ താരം പി.എസ്.ജി വിടുമെന്നും സൂചനയുണ്ടായിരുന്നു.
ക്ലബ്ബിലെ പരമാധികാരം തനിക്ക് ലഭിക്കണമെന്നും ബ്രസീൽ സൂപ്പർ താരം നെയ്മറെ റിലീസ് ചെയ്യണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നതായി വാർത്തകളുണ്ടായിട്ടുണ്ട്.
ലയണൽ മെസിയുമായും എംബാപ്പെ രമ്യതയിലല്ലെന്നും ഇതിന് പിന്നാലെയാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ.
എന്നാലിപ്പോൾ അഭ്യൂഹങ്ങൾക്കെതിരെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പി.എസ്.ജിയുടെ സൂപ്പർതാരം കിലിയൻ എംബാപ്പെ. താനൊരിക്കലും ജനുവരിയിൽ പി.എസ്.ജി വിടുന്ന കാര്യത്തെ പറ്റി സംസാരിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഞായറാഴ്ച നടന്ന ലീഗ് 1 മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
”ഈ വാർത്ത ഞെട്ടലോടെയാണ് ഞാൻ കേട്ടത്. ഞാനൊരിക്കലും പി.എസ്.ജി വിടുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ആളുകൾ കരുതുന്നുണ്ടാകും ഇതെന്റെ അറിവോട് കൂടെയാണെന്ന്.
എന്നാലിത് വ്യാജമാണ്, ഞാനൊന്നും അറിഞ്ഞിട്ടില്ല,” എംബാപ്പെ വ്യക്തമാക്കി.
ഓരോ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കുക എന്നുളളതാണ് ഇപ്പോൾ ലക്ഷ്യമെന്നും തത്കാലം ഒരു ക്ലബ്ബ് മാറ്റത്തെ കുറിച്ച് പദ്ധതിയിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മെയ് മാസത്തിലാണ് എംബാപ്പെ പി.എസ്.ജിയുമായുള്ള കരാർ നീട്ടിയത്. താരത്തെ നോട്ടമിട്ട് റയൽ മാഡ്രിഡും മറ്റ് വമ്പൻ ക്ലബ്ബുകളും രംഗത്തെത്തിയിരുന്നെങ്കിലും അവസാന നിമിഷമാണ് എംബാപ്പെ പി.എസ്.ജിക്കൊപ്പം തുടരാൻ തീരുമാനിച്ചത്. ഇത്തവണയും എംബാപ്പെയെ വിൽക്കാൻ ടീം ഒരുക്കമാകില്ലെന്നാണ് സൂചന.
Content Highlights: I never asked to leave PSG in January, says Kylian Mbappe