| Saturday, 19th October 2024, 6:47 pm

ജാര്‍ഖണ്ഡില്‍ സഖ്യം ചേര്‍ന്ന് ഇന്ത്യാ മുന്നണി; സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം മത്സരിക്കും. സഖ്യകക്ഷികളായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ തമ്മില്‍ സീറ്റുവിഭജനത്തില്‍ ധാരണയായതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും മുന്‍ ജെ.എം.എം നേതാവുമായ ഹേമന്ത് സോറന്‍ പുറത്ത് വിട്ടു. 81 സീറ്റുകളുള്ള ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ ജെ.എം.എമ്മും കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ ആര്‍.ജെ.ഡിയും ഇടത് പാര്‍ട്ടികളും മത്സരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു. എന്നാല്‍ എല്ലാ തീരുമാനങ്ങളും ഇന്‍സ്റ്റന്റ് നൂഡില്‍സ് പോലെ രണ്ട് മിനിറ്റില്‍ എടുക്കാന്‍ കഴിയില്ല എന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് മനോജ് കുമാര്‍ ഝായുടെ പ്രസ്താവന മുന്നണികള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പിയെ മുട്ട് കുത്തിക്കുന്നതിനായി നിരവധി അവസരങ്ങളുണ്ടായിരുന്നെന്നും അതിനായി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി മനോജ് ഝാ പറഞ്ഞു. ബി.ജെ.പിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ കഴിയുന്ന 15 മുതല്‍ 18 വരെ സീറ്റുകള്‍ ആര്‍.ജെ.ഡി കണ്ടെത്തിയിരുന്നു. എന്നാല്‍ നിലവില്‍ കിട്ടിയ സീറ്റില്‍ നിരാശയുണ്ടെന്നും ഝാ പറഞ്ഞു. ജെ.എം.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനം ഏകപക്ഷീയമായിരുന്നെന്നും ഝാ കൂട്ടിച്ചേര്‍ത്തു.

അടുത്ത് മാസം 13, 20 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടക്കും.

അതേസമയം ഹരിയാന തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടേണ്ടി വന്ന കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഹരിയാനയില്‍ സഖ്യമില്ലാതെ മത്സരിച്ച കോണ്‍ഗ്രസിന് തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യ സഖ്യത്തിലെ സഖ്യകക്ഷികളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കൂടാതെ മുതിര്‍ന്ന ജെ.എം.എം നേതാവ് ചമ്പായ് സോറന്‍ ജെ.എം.എം വിട്ട് ബി.ജെ.പിയിലേക്ക് കൂടുമാറിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ജെ.എം.എമ്മിനും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്

Content Highlight: I.N.D.I.A alliance in Jharkhand in Niyamasabha election

We use cookies to give you the best possible experience. Learn more