| Saturday, 5th August 2023, 8:53 am

മറ്റൊരു ജന്മത്തില്‍ ഞാന്‍ പഞ്ചാബി ആയിരുന്നിരിക്കാം: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റൊരു ജന്മത്തില്‍ താന്‍ പഞ്ചാബി ആയിരുന്നിരിക്കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പഞ്ചാബി സംഗീതം ഇഷ്ടമാണെന്നും കോളേജില്‍ പഠിക്കുന്ന സമയം മുതല്‍ തന്നെ അത് കേള്‍ക്കാറുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ഐ.എ.എന്‍.എസ്. ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജീവിതത്തില്‍ എല്ലാത്തരം ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ദല്‍ഹിയിലാണ്. എ.പി. ധില്ലനെ ഇഷ്ടമാണ്. കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ പഞ്ചാബി മ്യൂസിക് ഇഷ്ടമായിരുന്നു.

2000ത്തിന്റെ തുടക്കത്തില്‍ ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് യൂറോ പഞ്ചാബിയും പഞ്ചാബി പോപ്പ് മ്യൂസിക്കുമുണ്ടായിരുന്നു. മറ്റൊരു ജന്മത്തില്‍ ഞാന്‍ പഞ്ചാബി ആയിരുന്നിരിക്കാം. പഞ്ചാബി മ്യൂസിക് കേള്‍ക്കാന്‍ രസമാണ്. അമാലിന്റെ കുടുംബത്തിന് ചെറിയ പഞ്ചാബി കണക്ഷനുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.

കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷമ്മി തിലകന്‍, ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, അനിഖ സുരേന്ദ്രന്‍, നൈല ഉഷ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

അതേസമയം ഓഗസ്റ്റ് 18നാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന് പുറമേ രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ എന്നിവരാണ് സീരീസില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. അര്‍ജുന്‍ വര്‍മ എന്ന പൊലീസുകാരനെയാണ് ദുല്‍ഖര്‍ സീരീസില്‍ അവതരിപ്പിക്കുന്നത്. വെബ് സീരീസിലേക്കുള്ള ദുല്‍ഖറിന്റെ അരങ്ങേറ്റം കൂടിയാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്.

ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയാണ് സംവിധാനം ചെയ്യുന്നത്. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ.

Content Highlight: I might have been Punjabi in another life, says Dulquer Salmaan

Latest Stories

We use cookies to give you the best possible experience. Learn more