ശ്രീനഗര്‍: പീപിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രത്തിന്റെ സമ്മര്‍ദം ഉണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ തന്നെ ഗവര്‍ണ്ണര്‍ സ്ഥാനത്തു നിന്നും മാറ്റിയേക്കാമെന്ന് ജമ്മു കാശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. കോണ്‍ഗ്രസ് നേതാവായിരുന്ന ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ അനുസ്മരണ ചടങ്ങിലായിരുന്നു സത്യപാല്‍ മാലിക് ഇക്കാര്യം പറഞ്ഞത്.
“ഞാന്‍ ഇവിടെ ഉള്ളിടത്തോളം കാലം… അതെന്റെ കൈകളിലല്ല.. എനിക്കറിയില്ല എന്നെ ഇവടുന്ന് എപ്പോള്‍ സ്ഥലം മാറ്റുമെന്ന്. എനിക്കെന്റെ ജോലി നഷ്ടപ്പെടില്ല. എന്നാല്‍ എന്നെ സ്ഥലം മാറ്റിയേക്കാം. ഞാന്‍ ഇവിടെ ഉള്ള കാലത്തോളം എന്നെ എപ്പോള്‍ വിളിച്ചാലും ഞാന്‍ അവിടെ എത്തുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു”- അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തു.
കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിക്കുകയാണെങ്കില്‍ എനിക്ക് സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കേണ്ടി വരുമായിരുന്നു എന്ന് അദ്ദേഹം നവംബര്‍ 24ന് ന്യൂസ് 18 നിനോട് പറഞ്ഞിരുന്നു. അതേ സമയം നിയസഭ പിരിച്ചു വിടുന്നതില്‍ കേന്ദ്രത്തിന്റെ യാതൊരു സമ്മര്‍ദവുമുണ്ടായില്ലെന്ന് ചൊവ്വാഴ്ച ജമ്മു കാശ്മീര്‍ രാജ് ഭവന്‍ പറഞ്ഞിരുന്നു.
സജ്ജാദിനെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിയ ഗവര്‍ണ്ണരുടെ നിലപാടിനെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും അഭിനന്ദിച്ചിതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങള്‍ പുറത്തു വന്നു എന്നായിരുന്നു ഗവര്‍ണ്ണരുടെ വെളിപ്പെടുത്തലിനെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് രണ്ദീപ് സിങ്ങ് സുര്‍ജേവാല പറഞ്ഞത്.
എന്നാല്‍ തനിക്കെതിരെയുള്ള ഗവര്‍ണ്ണരുടെ പരാമര്‍ശം അവഹേളനപരമായിരുന്നെന്ന് സജ്ജാദ് ലോണ്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തു. കോണ്‍ഗ്രസ്-പി.ടി.പി-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം രൂപീകരിച്ച് ജമ്മു കശ്മീരില്‍ ഭരണത്തിലേറാനുള്ള ഭൂരപക്ഷം നേടിയിരുന്നു. എന്നാല്‍ ഗവര്‍ണ്ണര്‍ ഉടന്‍ നിയമസഭ പിരിച്ചു വിടുകയായിരുന്നു.