| Tuesday, 24th October 2017, 10:57 am

'തടുക്കാമെങ്കില്‍ തടുത്തോ'; ജിഗ്നേഷിനേയും ഹര്‍ദികിനേയും ഇനിയും കാണും: കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഹോട്ടല്‍ മുറി റെയ്ഡ് ചെയ്ത ഐ.ബി, പൊലീസ് നടപടിക്കെതിരെ അശോക് ഖേലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനെത്തിയ ഹോട്ടല്‍ റെയ്ഡ് ചെയ്ത് പൊലീസിന്റേയും ഐ.ബിയുടെയും നടപടി.

ഉമദ് ഹോട്ടലിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പോലീസും ഐബിയും മുറി റെയ്ഡ് ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഖേലോട്ട് ആരോപിക്കുന്നു.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഹാര്‍ദിക് പട്ടേല്‍ തന്റെ മുറിയിലെത്തി ചര്‍ച്ച നടത്തിയത്. ഹാര്‍ദികും ജിഗ്‌നേഷ് മേവാനിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഹോട്ടല്‍ മുറികളില്‍ പൊലീസും ഐബിയും പരിശോധന നടത്തുകയായിരുന്നെന്നും ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയായിരുന്നെന്നും അശോക് ഖേലോട്ട് പറഞ്ഞു.


Dont Miss സമരക്കാരെ വിലക്കെടുക്കാന്‍ ബി.ജെ.പി മുടക്കുന്നത് 500 കോടി; ഗുജറാത്തിലെ ആറ് കോടി ജനങ്ങളോട് മത്സരിച്ച് നിങ്ങള്‍ വിജയിക്കില്ല: ആഞ്ഞടിച്ച് ഹാര്‍ദിക് പട്ടേല്‍


എന്റെ പേരില്‍ ബുക്ക് ചെയ്ത് മുറിയിലാണ് പൊലീസും ഐബിയും പരിശോധന നടത്തിയത്. ഹാര്‍ദികും ജിഗ്‌നേഷും ക്രിമിനലുകളോ, പിടികിട്ടാപ്പുള്ളികളോ ആണോ എന്ന് ബി.ജെ.പി വ്യക്തമാക്കണം.

ഇരുവരുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയപ്പോള്‍ പരിശോധന നടത്തിയിരുന്നില്ല. ഇപ്പോഴത്തെ റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഒരു കാര്യം തുറന്നുപറയാന്‍ ആഗ്രഹിക്കുകയാണ് ഇവരുമായി വീണ്ടും കൂടിക്കാഴ്ച നടത്താന്‍ തന്നെയാണ് ഉദ്ദേശം- ഖേലോട്ട് പറഞ്ഞു. മിസ്റ്റര്‍ മോദി ജീ ഗാന്ധിജിയുടെ ഗുജറാത്തില്‍ എന്താണ് ഇപ്പോള്‍ സംഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഖേലോട്ട് ട്വീറ്റിലൂടെ ചോദിച്ചു.

ഖേലോട്ടുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ഹാര്‍ദിക്, പട്ടിദാര്‍ സമുദായത്തിന്റെ ആവശ്യങ്ങളും ആശങ്കകളും അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചെന്നും വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more