ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ച് കോടതിയിലെത്തിയേക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തുഷാര്‍ മെഹ്ത. അമിത് ഷായുടെ മകന്‍ ജെയ് ഷായെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രംഗത്തുവന്നത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ അഭിഭാഷകനും അമിത് ഷായുടെ മകനുവേണ്ടി മുന്നോട്ടുവന്നിരിക്കുന്നത്.
“ഈ വിഷയത്തില്‍ നിയമമന്ത്രാലയത്തില്‍ നിന്നും ഞാന്‍ ഒക്ടോബര്‍ ആറിന് അനുമതി തേടിയിട്ടുണ്ട്. ഈ കേസില്‍ എന്നെ കള്‍സള്‍ട്ട് ചെയ്തിരുന്നു. ചിലപ്പോള്‍ ഞാന്‍ ജയ് ഷായ്ക്കുവേണ്ടി കോടതിയിലെത്തും.” അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ മെഹ്ത പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനു പിന്നാലെ ഒരുവര്‍ഷത്തിനുള്ളില്‍ അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനത്തില്‍ 16,000 മടങ്ങ് വര്‍ധനവുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ദ വയര്‍ പുറത്തുവിട്ട വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചതിനു പിന്നാലെ വെബ്‌സൈറ്റിനെതിരെ അപകീര്‍ത്തി നോട്ടീസുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു.
കഴിഞ്ഞദിവസം ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്ത അപകീര്‍ത്തി നോട്ടീസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയെയാണ് ജയ് ഷായുടെ അഭിഭാഷകന്‍ മണിക് ദോഗ്ര ഉദ്ധരിച്ചത്. സി.ബി.ഐ കേസുകളില്‍ സര്‍ക്കാറിനുവേണ്ടി ഹാജരാവുന്ന അഭിഭാഷകനാണ് മെഹ്ത.