ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നതിനിടയിൽ എനിക്ക് തെറ്റ് പറ്റി; തുറന്ന് പറഞ്ഞ് റഫറി
2022 FIFA World Cup
ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നതിനിടയിൽ എനിക്ക് തെറ്റ് പറ്റി; തുറന്ന് പറഞ്ഞ് റഫറി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th December 2022, 4:53 pm

ഖത്തർ ലോകകപ്പിലെ ഫൈനൽ മത്സരം ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടത്തപ്പെട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും 3-3 എന്ന രീതിയിൽ സമനിലയിൽ പിരിഞ്ഞ മത്സരം ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് അർജന്റീന വിജയിക്കുകയായിരുന്നു.

എന്നാൽ മത്സരം നല്ല രീതിയിലല്ല നടത്തപ്പെ ട്ടതെന്നും റഫറിമാർ ഉൾപ്പെടെ അർജന്റീനക്ക് അനുകൂലമായ തീരുമാനങ്ങളാണ് കളിക്കളത്തിൽ നടപ്പിലാക്കിയതെന്നും വാദിച്ച് ഫ്രഞ്ച് ആരാധകർ രംഗത്ത് വന്നിരുന്നു. കൂടാതെ മത്സരം പരാജയപ്പെട്ടതിന് പിന്നാലെ പാരിസ്, ലിയോൺ മുതലായ നഗരങ്ങളിൽ അക്രമികൾ കലാപം അഴിച്ചുവിടുകയും ഫ്രഞ്ച് ടീമിലെ കറുത്ത വംശജരായ കളിക്കാർക്ക് നേരെ വംശീയ അതിക്രമങ്ങളും നടത്തിയിരുന്നു.

പിന്നാലെ ലോകകപ്പിലെ അർജന്റീനയുടെ ഒരു ഗോൾ യഥാർത്ഥത്തിൽ അനുവദിക്കാൻ പാടില്ലെന്നുള്ള ഒരു ഓൺലൈൻ പെറ്റീഷൻ മെസ്ഒപ്പീനിയൻസ് എന്ന സൈറ്റിലൂടെ രണ്ട് ലക്ഷം വരുന്ന ഫ്രഞ്ച് ആരാധകർ ഒപ്പിടുകയും അത് ഫിഫക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.

ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലില്‍ നിന്ന് ലഭിച്ച പന്ത് മെസി വലയിലെത്തിക്കുകയായിരുന്നു. താരം ഓഫ്‌സൈഡ് ആണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ വാര്‍ പരിശോധനയില്‍ അല്ലെന്ന് വ്യക്തമായിരുന്നു.

എന്നാല്‍ ആ ഗോള്‍ അനുവദിക്കരുതെന്നായിരുന്നു ആവശ്യമുയര്‍ന്നത്. അര്‍ജന്റീന നായകന്‍ ഷോട്ട് എടുക്കുമ്പോള്‍ തന്നെ കുറച്ച് അര്‍ജന്റീന താരങ്ങള്‍ സൈഡ് ലൈന്‍ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

മത്സരം നിയന്ത്രിച്ച റഫറി ഷിമന്‍ മാര്‍സിനിയാക്ക് തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മെസിയുടെ ഗോളിനെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നതോടെ തന്റെ ഫോണില്‍ മാര്‍സിനിയാക്, എംബാപ്പെ നേടിയ ഗോളിന്റെ വീഡിയോ കാണിക്കുകയായിരുന്നു.

 

എംബാപ്പെ എക്‌സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുമ്പോഴുള്ള വീഡിയോ ആയിരുന്നു അദ്ദേഹം കാണിച്ചത്.
എംബാപ്പെ ആ ഗോള്‍ നേടുമ്പോള്‍ ഏഴ് ഫ്രഞ്ച് താരങ്ങള്‍ മൈതാനത്തുണ്ടെന്ന് കാണാന്‍ കഴിയുമെന്നും എന്തുകൊണ്ട് ഇക്കാര്യം ഫ്രഞ്ചുകാര്‍ പരിഗണിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ മത്സരത്തിൽ തനിക്ക് പിഴവ് സംഭവിച്ചെന്ന് തുറന്ന് പറഞ്ഞ ഷിമന്‍ മാര്‍സിനിയാക്ക് പക്ഷെ അത്‌ ഒരു വലിയ തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

‘മത്സരത്തിൽ ഫ്രാൻസിന് അനുകൂലമായ ഒരു കൗണ്ടർ ഞാൻ തടസ്സപ്പെടുത്തി. മാർകസ് അക്കൂനയെ ഫൗൾ ചെയ്തപ്പോഴാണ് ഞാൻ മത്സരം നിർത്തി വെച്ചത്. പക്ഷെ അത് വേണമെങ്കിൽ ഒരു അഡ്വാൻറ്റേജ് ആയി കണക്കാക്കി മത്സരം തുടരാൻ അനുവദിക്കാമായിരുന്നു. അത് എന്റെ ഭാഗത്ത് നിന്നുമുണ്ടായ ഒരു പിഴവാണ്.

ലോകകപ്പ് ഫൈനൽ പോലുള്ള മത്സരങ്ങളിൽ ഇത്തരം പിഴവുകൾ ഒഴിവാക്കേണ്ടത് തന്നെയാണ്. പക്ഷെ എനിക്കുറപ്പിച്ചു പറയാൻ സാധിക്കും. വലിയ പിഴവുകളൊന്നും ഞാൻ നടത്തിയിട്ടില്ല,’ അദ്ദേഹം പറഞ്ഞു.


അതേ സമയം പോളണ്ടിൽ നിന്നും ലോകകപ്പ് മത്സരത്തിന്റെ ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ റഫറിയാണ് ഷിമന്‍ മാര്‍സിനിയാക്ക്.

 

Content Highlights: I made a mistake while Controlling the World Cup final said referee