യൂറോപ്പ ലീഗിലെ ആവേശകരമായ ആദ്യ പാദ ക്വാളിഫയർ മത്സരത്തിൽ ബാഴ്സലോണ-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം 2-2 സമനിലയിൽ പിരിഞ്ഞു. ബാഴ്സലോണക്കായി മാർക്കോസ് അലോൻസോ, റാഫീഞ്യ എന്നിവർ ഗോളുകൾ നേടിയപ്പോൾ മാൻ യുണൈറ്റഡിനായി റാഷ്ഫോർഡ് സ്കോർ ചെയ്തു. ഒരു ഗോൾ ജൂലസ് കോണ്ടെയുടെ സെൽഫ് ഗോൾ ആയിരുന്നു.
എന്നാൽ മത്സരത്തിൽ ഒരു ഗോൾ സ്കോർ ചെയ്തതിന് തൊട്ട് പിന്നാലെ ബാഴ്സലോണ കോച്ച് സാവി റാഫീഞ്യയെ തിരികെ വിളിച്ചിരുന്നു. ഇതോടെ താരം ആസ്വസ്ഥനാവുകയും സൈഡ് ബെഞ്ചിൽ ആഞ്ഞിടിക്കുകയും ചെയ്തു. തുടർന്ന് ബെഞ്ചിൽ ഉണ്ടായിരുന്ന സഹതാരങ്ങളും ഒഫിഷ്യൽസും ചേർന്ന് താരത്തെ സമാധാനിപ്പിക്കുകയായിരുന്നു.
എന്നാൽ മത്സരത്തിന് ശേഷം തന്റെ പ്രവർത്തി സഭ്യതക്ക് നിരക്കാത്തതാണെന്നും അതിൽ ഖേദമുണ്ടെന്നും അഭിപ്രായപ്പെട്ട് റാഫീഞ്യ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
“ഞാൻ മത്സരശേഷം കോച്ചിനോട് ക്ഷമ ചോദിച്ചിരുന്നു. ഇപ്പോൾ ബാക്കിയെല്ലാവരോടും ക്ഷമ ചോദിക്കാനുള്ള ഒരു അവസരമായി ഞാൻ ഈ സന്ദർഭത്തെ കാണുകയാണ്. ടീമിനോടും ആരാധകരോടും ഞാൻ മാപ്പ് ചോദിക്കുന്നു. പക്ഷെ ചില സമയങ്ങളിൽ നമുക്ക് ടീമിനെ സഹായിക്കാനായി ഗ്രൗണ്ടിൽ ഉണ്ടാകണമെന്ന് അതിയായ ആഗ്രഹം ഉണ്ടാകും,’ റാഫീഞ്യ പറഞ്ഞു.
“നമ്മളെല്ലാവരും മനുഷ്യരാണ്. ചില സമയങ്ങളിൽ കാര്യങ്ങൾ നമ്മുടെ കയ്യിൽ നിൽക്കില്ല. എന്നാൽ അത് ആവർത്തിക്കാതെ നോക്കാൻ നമുക്ക് പറ്റും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഡ്സ് യുണൈറ്റഡിൽ നിന്നാണ് താരത്തെ ബാഴ്സലോണ തങ്ങളുടെ തട്ടകത്തിലേക്കെത്തിച്ചത്. യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ കളം നിറഞ്ഞ് കളിക്കാൻ താരത്തിന് സാധിച്ചിരുന്നു. ബാഴ്സയുടെ ആദ്യ ഗോൾ നേടിയ മാർക്കോസ് അലോൻസക്ക് അസിസ്റ്റ് നൽകിയ താരം ഒരു ഗോളും കളിയിൽ സ്കോർ ചെയ്തു.
For the first time Raphinha was having a Prime Neymar game and Xavi decided to sub him for Spanish Lukaku.pic.twitter.com/tg1D8LkSEf
— El Niño 🇮🇳 (@suppandiiii) February 17, 2023
ഫെബ്രുവരി 24ന് ഓൾഡ് ട്രഫോർഡിൽ വെച്ചാണ് രണ്ടാം പാദ മത്സരം.
അതേസമയം ലാ ലിഗയിൽ 21 മത്സരങ്ങളിൽ നിന്നും 56 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സ.
ഫെബ്രുവരി 20ന് കാഡിസിനെതിരെയാണ് കാറ്റലോണിയൻ ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:I made a mistake Raphinha apologies his team and teammates