| Saturday, 19th September 2020, 3:08 pm

എന്റെ കൈയ്യെടുത്ത് സ്വന്തം നെഞ്ചില്‍ വെച്ച് വിജയ് പറഞ്ഞു, സര്‍ ഇവിടെ ചവിട്ടിക്കോളൂ: വിജയ് ഓര്‍മ്മകളുമായി ഐ.എം വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ വിജയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഐ.എം വിജയന്‍. വിജയ്‌യെപ്പോലെ ഇത്രയും എളിമയുള്ള ഒരു വ്യക്തിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഐ.എം വിജയന്‍. ബിഗില്‍ സിനിമാസെറ്റ് വിശേഷങ്ങളും ഇടവേളകളിലെ സംസാരങ്ങളും കുടുംബത്തോടൊപ്പം ചെലവഴിച്ച സമയങ്ങളെയും കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കാനി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സുന്ദരമായ വിജയ് ഓര്‍മ്മകള്‍ ഐ.എം വിജയന്‍ തുറുന്നുപറഞ്ഞത്.

‘ബിഗില്‍ സിനിമാസെറ്റില്‍ വെച്ചാണ് ആദ്യമായി വിജയ്‌യെ കാണുന്നത്. ഷൂട്ടിന് മുന്‍പ് പരിചയപ്പെട്ടു. ഞാന്‍ ഐ.എം വിജയനാണെന്ന് പറഞ്ഞപ്പോള്‍ ‘അറിയാം സര്‍, ഫുട്‌ബോള്‍ കളിക്കാരനല്ലേ. ഞങ്ങളുടെ ചിത്രത്തില്‍ അഭിനയക്കാന്‍ വന്നതിന് ഒരുപാട് നന്ദി’ എന്നു പറഞ്ഞു. എന്നെ അടുത്ത് വിളിച്ച് ഇരുത്തി. ആദ്യത്തെ തവണയായതുകൊണ്ടായിരിക്കാം ഇങ്ങനെയെല്ലാം പെരുമാറുന്നത് എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഞാന്‍ സെറ്റിലുണ്ടായിരുന്ന 13 ദിവസവും വിജയ് ഇങ്ങനെ തന്നെയായിരുന്നു. ഈ ചങ്ങാതി ഒരേ സ്വഭാവം തന്നെ. കണ്ണ് ബള്‍ബായി പോയി. ഇത്രയും വലിയൊരു നടന്‍, ഇത്രയും ആരാധകരുള്ള നടന്‍ ഇത്രയും എളിമയുള്ളവനാകുന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.’

ഒരുപാട് സിനിമാനടന്മാരെയും ഫുട്‌ബോള്‍ കളിക്കാരെയും അത്‌ലറ്റുകളെയുമെല്ലാം കണ്ടിട്ടുണ്ടെങ്കിലും അവരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് വിജയ് എന്നും ഐ.എം വിജയന്‍ പറഞ്ഞു. ബിഗില്‍ സിനിമയിലെ വിജയ്‌യുമായുള്ള അഭിനയമുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളും ഐ.എം വിജയന്‍ പങ്കുവെച്ചു.

‘വിജയ്‌യുടെ നെഞ്ചില്‍ ചവിട്ടുന്ന ഒരു സീന്‍ ബിഗിലില്‍ ഉണ്ടായിരുന്നു. സംവിധായകന്‍ അറ്റ്‌ലിയോട് അതെനിക്ക് ചെയ്യാനാവില്ലെന്ന് പറഞ്ഞു. വിജയ് അടുത്തുവന്ന് എന്താണ് കാര്യമെന്ന് ചോദിച്ചു. നിങ്ങളുടെ വലിയ ആരാധകനായ ഞാന്‍ എങ്ങനെ നിങ്ങളുടെ നെഞ്ചില്‍ ചവിട്ടുമെന്ന് ഞാന്‍ ചോദിച്ചു. വിജയ് എന്റെ കൈയ്യെടുത്ത് അദ്ദേഹത്തിന്റെ നെഞ്ചില്‍ വെച്ച് ഇവിടെ ചവിട്ടൂ എന്ന് പറഞ്ഞു. ഞാന്‍ ആകെ കിടുങ്ങിപ്പോയി ശരിക്കും.’

ഷൂട്ടിംഗിനിടയിലെ ഇടവേളകളില്‍ സംസാരിക്കുമ്പോഴെല്ലാം ഫുട്‌ബോളിനെക്കുറിച്ച് വിജയ് ചോദിക്കും. ഞാന്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോകള്‍ അദ്ദേഹത്തിന് കാണിച്ചു കൊടുത്തിരുന്നു. ‘സര്‍ എങ്ങനെയാണ് നിങ്ങള്‍ ഈ ബാക്ക് സിസര്‍ ഷോട്ടെല്ലാം എടുക്കുന്നത്. നിങ്ങള്‍ ബാക്ക് സിസര്‍ സ്‌പെഷ്യലിസ്റ്റ് ആണോ’ എന്ന് അത്ഭുതത്തോടെ അദ്ദേഹം ചോദിക്കും. സര്‍ എന്നാണ് എപ്പോഴും വിളിക്കുക. സംസാരിക്കുന്ന ആള്‍ക്ക് ബഹുമാനം കൊടുത്തുക്കൊണ്ടാണ് അദ്ദേഹം സംസാരിക്കുകയെന്നും ഐ.എം വിജയന്‍ പറഞ്ഞു.

കുടുംബത്തോടൊപ്പം വിജയ്‌യുടെ കൂടെ ഫോട്ടോ എടുത്ത അനുഭവവും ഐ.എം വിജയന്‍ പങ്കുവെച്ചു. എന്റെ മകള്‍ വിജയ്‌യുടെ വലിയ ആരാധികയാണ്. ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ വിജയ്‌യെ ഒന്നു കെട്ടിപ്പിടിക്കാന്‍ വലിയ ആഗ്രഹമുണ്ടെന്ന് അവള്‍ എന്നോട് പറയുന്നത് വിജയ് കേട്ടു. അവളോട് അടുത്തുവരാന്‍ പറഞ്ഞ് വിജയ് കെട്ടിപ്പിടിച്ചു. വലിയ സന്തോഷമായിരുന്നു മകള്‍ക്ക്. ചെറുപ്പത്തിലേ സഹോദരിയ നഷ്ടപ്പെട്ടതുകൊണ്ടാകാം് കുട്ടികളോടെല്ലാം വലിയ സ്‌നേഹത്തോടെയാണ് അദ്ദേഹം പെരുമാറുക.

ഞാനല്ല, ആരോടു ചോദിച്ചാലും വിജയ്‌യെക്കുറിച്ച് ഇതുതന്നെയാണ് പറയുക. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്. ഈ ചങ്ങാതിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. എല്ലാ അഭിനേതാക്കളും കണ്ടുപഠിക്കേണ്ട ഒരു വ്യക്തിയാണ് വിജയ്‌യെന്നും ഐ.എം വിജയന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: I M Vijayan about actor Vijay

We use cookies to give you the best possible experience. Learn more